വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു

തലശ്ശേരി പൊലീസ് ആക്രമണത്തിന് കുന്നിക്കൽ നാരായണനൊപ്പം നേതൃത്വം കൊടുത്തത് വെള്ളത്തൂവൽ സ്റ്റീഫനായിരുന്നു

കൊച്ചി: കേരളത്തിലെ ആദ്യകാല നക്സൽ നേതാവായിരുന്നു വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു.കോതമം​ഗലം വടാട്ടുപാറയിലായിരുന്നു അന്ത്യം. കുന്നിക്കൽ നാരായണൻ, നക്സൽ വർഗീസ്, കെ അജിത തുടങ്ങിയവരോടൊപ്പം കേരളത്തിലെ നക്സലൈറ്റ് പോരാട്ടങ്ങളിൽ നേതൃപരമായ പങ്കുവഹിച്ച നേതാവായിരുന്നു വെള്ളത്തൂവൽ സ്റ്റീഫൻ. തലശ്ശേരി പൊലീസ് ആക്രമണത്തിന് കുന്നിക്കൽ നാരായണനൊപ്പം നേതൃത്വം കൊടുത്തത് വെള്ളത്തൂവൽ സ്റ്റീഫനായിരുന്നു. പിന്നീട് വയനാട് കേന്ദ്രീകരിച്ച് ജന്മികൾക്കെതിരായി നടന്ന നക്സൽ ഓപ്പറേഷനുകളിലും വെള്ളത്തൂവൽ സ്റ്റീഫൻ നേതൃപരമായി ഇടപെട്ടിരുന്നു. നക്സലെറ്റ് നേതാവ് എന്ന നിലിൽ അറസ്റ്റിലാവുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിരുന്നു. ജയിലിൽ വെച്ച് തന്നെ നക്സൽ പ്രസ്ഥാനത്തോട് വിടപറഞ്ഞ വെള്ളത്തൂവൽ സ്റ്റീഫൻ പിന്നീട് കുറച്ച് സുവിശേഷ പ്രസം​ഗകൻ ആയും മാറിയിരുന്നു.

നക്സൽ പ്രവർ‌ത്തനങ്ങളെ വിമർശനപരമായും സ്വയം വിമർശനപരമായും വിലയിരുത്തിയ ആത്മകഥയും വെള്ളത്തൂവൽ സ്റ്റീഫൻ രചിച്ചിരുന്നു. വെള്ളത്തൂവൽ സ്റ്റീഫൻ്റെ ആത്മകഥ എന്ന പേരിൽ പുറത്ത് വന്ന ആത്മകഥയിൽ നക്സൽ വിപ്ലവ പ്രവർത്തനങ്ങളുടെ ​ദൗർബല്യങ്ങളും അപചയങ്ങളും വെള്ളത്തൂൽ സ്റ്റീഫൻ അഭിസംബോധന ചെയ്തിരുന്നു. സഹപ്രവർത്തകരായിരുന്ന വർ​ഗീസ് മുതൽ കെ വേണു അടക്കമുള്ളവരുടെ പ്രവർത്തനങ്ങളും പുസ്തകത്തിൽ വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്. ആത്മകഥയ്ക്ക് പുറമെ ചരിത്രശാസ്ത്രവും മാർക്സിയൻ ദർശനവും, പ്രചോദനം, ആതതായികൾ, അർദ്ധബിംബം, മേഘപാളിയിലെ കാൽപ്പാടുകൾ, കനൽവഴികൾ കടന്ന് ഒരു ദൈവസാക്ഷ്യം എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയിലെ കങ്ങഴയ്ക്കടുത്തുള്ള ചുണ്ടമണ്ണിലെ കർഷക കുടുംബത്തിലായിരുന്ന ജനനം. പിന്നീട് പിതാവ് സക്കറിയയും അന്നമ്മയും വെള്ളത്തൂവലിലേക്ക് കുടിയേറി. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പിതാവിനെപ്പോലെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകനായി. പിളർപ്പിന് ശേഷം സിപിഐയിൽ പ്രവർത്തിച്ച സ്റ്റീഫൻ ചാരുമജുംദാറിന്റെ നക്സലൈറ്റ് പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി നക്സലൈറ്റ് പ്രസ്ഥാനത്തിൻ്റെ ഭാ​ഗമാകുകയായിരുന്നു. പിന്നീട് കേരളത്തിൽ നക്സലൈറ്റ് പ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ചു.

Content Highlights: Vellathooval Stephen, a prominent figure in Kerala's Naxalite movement during the 1970s and later an evangelist, has passed away. Know his life, contributions to revolutionary history, and transition to faith-based work.

To advertise here,contact us