ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവികുളത്ത് മത്സരിക്കുമെന്ന വാർത്തകൾ തള്ളി സിപിഐഎം വിട്ട് ബിജെപിയില് ചേര്ന്ന എസ് രാജേന്ദ്രന്. നിലവിൽ അതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും മത്സര രംഗത്തേക്ക് ഇറങ്ങാൻ താല്പര്യപ്പെടുന്നില്ലെന്നും എസ് രാജേന്ദ്രൻ റിപ്പോർട്ടറിനോട് പ്രതികരിച്ചു.
മൂന്നാറിൽ സഹകരണ ബാങ്ക് തുടങ്ങിയത് രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിയല്ല. സാധരണകാരുടെ നന്മക്ക് വേണ്ടിയാണ്. തോട്ടം തൊഴിലാളികൾക്കായി സൗജന്യമായി വീട് നിർമിക്കുമെന്നും മൂന്നാറിൽ അടുത്ത മാസം വമ്പൻ പ്രഖ്യാപനങ്ങൾ രാജീവ് ചന്ദ്രശേഖർ നടത്തുമെന്നും രാജേന്ദ്രൻ വ്യക്തമാക്കി. മുന്നൂറോളം പേർ വിവിധ പാർട്ടികളിൽ നിന്ന് ബിജെപിയിൽ അംഗത്വം സ്വീകരിക്കുമെന്നും രാജേന്ദ്രൻ പറഞ്ഞു.
ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയായിരുന്നു എസ് രാജേന്ദ്രന് സിപിഐഎം വിട്ട് ബിജെപി പാളയത്തില് എത്തിയത്. കാലങ്ങളായി പ്രവര്ത്തിച്ച് വന്നിരുന്ന പ്രസ്ഥാനത്തില് വിശ്വാസം നഷ്ടപ്പെട്ടതിനെ തുടര്ന്നാണ് രാഷ്ട്രീയ മാറ്റത്തിന് മുതിര്ന്നതെന്ന് രാജേന്ദ്രന് പറഞ്ഞിരുന്നു. ദീര്ഘകാല രാഷ്ട്രീയ പ്രവര്ത്തകനായിരുന്ന താന് കഴിഞ്ഞ നാലഞ്ച് വര്ഷമായി പാർട്ടി പ്രവര്ത്തനത്തില് ഉണ്ടായിരുന്നില്ല. എന്നാല് പൊതുരംഗത്ത് ഉണ്ടായിരുന്നു. ഇക്കാലയളവില് വളരെയധികം മാനസിക പ്രശ്നങ്ങള് നേരിട്ടിരുന്നുവെന്നും രാജേന്ദ്രന് വ്യക്തമാക്കിയിരുന്നു.
മൂന്ന് ടേമിലായി 15 വര്ഷം സിപിഐഎമ്മിന്റെ ദേവികുളം എംഎല്എയായിരുന്നു എസ് രാജേന്ദ്രന്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില് എല്ഡിഎഫ് സ്ഥാനാര്ത്ഥിയായിരുന്ന എ രാജയെ തോല്പിക്കാന് ശ്രമിച്ചുവെന്ന് ആരോപിച്ച് പാര്ട്ടിയില് നിന്ന് രാജേന്ദ്രനെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെ സിപിഐഎമ്മുമായി ഇടഞ്ഞ് നില്ക്കുകയായിരുന്നു. സസ്പെന്ഷന് കാലാവധി കഴിഞ്ഞിട്ടും തിരികെ പാര്ട്ടിയില് പ്രവേശിപ്പിക്കാത്തതിലും എസ് രാജേന്ദ്രന് അതൃപ്തി ഉണ്ടായിരുന്നു. ഇതോടെയാണ് രാജേന്ദ്രന് ബിജെപിയോട് അടുത്തത്.
Content Highlight : S Rajendran has stated that he will not be contesting from Devikulam in the upcoming assembly elections. Rajeev Chandrasekhar will make a big announcement in Munnar next month says S Rajendran.