സി ജെ റോയി ജീവനൊടുക്കിയതില്‍ അന്വേഷണം കര്‍ണാടക സിഐഡിക്ക്; സംസ്‌കാരം ആഗ്രഹപ്രകാരം ബന്നാര്‍ഘട്ടില്‍

അഞ്ച് പേജുള്ള പരാതിയാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഡയറക്ടര്‍ ടി ജെ ജോസഫ് നല്‍കിയത്

ബെംഗളൂരു: ബെംഗളൂരുവില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയി ജീവനൊടുക്കിയതില്‍ അന്വേഷണം കര്‍ണാടക സിഐഡിക്ക്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ അടക്കം വിപുലമായ പരിശോധന നടത്തേണ്ടതിനാലാണ് അന്വേഷണം സിഐഡിക്ക് കൈമാറിയത്. റോയിയുടെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു.

അഞ്ച് പേജുള്ള പരാതിയാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഡയറക്ടര്‍ ടി ജെ ജോസഫ് നല്‍കിയത്. റോയ് ഓഫീസില്‍ എത്തിയത് തനിക്കൊപ്പമാണെന്ന് ടി ജെ ജോസഫ് പ്രതികരിച്ചു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്തതിന് പിന്നാലെ സ്വന്തം മുറിയിലേക്ക് പോവുകയായിരുന്നു റോയി. വാതില്‍ കുറ്റിയിട്ടതിന് ശേഷമാണ് സ്വയം വെടിയുതിര്‍ത്തത്. ആരെയും അകത്തേക്ക് കയറ്റി വിടരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്നും ജോസഫ് പറഞ്ഞു. സി ജെ റോയിയുടെ ബാങ്ക് ഇടപാട് വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ബാധ്യതകള്‍ ഉണ്ടോയെന്ന് പരിശോധിക്കും. റോയിയുടെ മൊബൈല്‍ ഫോണും പരിശോധിക്കും.

ആദായനികുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സി ജെ റോയിയുടെ സന്തത സഹചാരി അബില്‍ ദേവ് പറഞ്ഞിരുന്നു. ഈ മാസം ആദ്യം മുതലാണ് ഐ ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തുടങ്ങിയത്. പരിഹരിക്കാവുന്ന പ്രശ്നങ്ങളാണ് എന്നാണ് അറിഞ്ഞത്. വലിയ സമ്മര്‍ദ്ദമില്ലാതെ ആത്മഹത്യ ചെയ്യില്ലെന്നുമാണ് അബില്‍ ദേവ് പറഞ്ഞത്.

റോയിയുടെ മരണത്തില്‍ ആദായനികുതി വകുപ്പിനെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം. അന്വേഷണ ഏജന്‍സിയില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് സഹോദരന്‍ സി ജെ ബാബു ആരോപിച്ചു. 'റോയ്ക്ക് കടമോ ബാധ്യതയോ ഭീഷണിയോ ഒന്നുമില്ല. ആദായനികുതി ഉദ്യോഗസ്ഥരുടെ സമ്മര്‍ദം കുടുംബത്തിന് അറിയാമായിരുന്നു. മറ്റെവിടെ നിന്നും റോയ്ക്ക് ഭീഷണിയുണ്ടായിരുന്നില്ല. ഇന്ന് രാവിലെ കാണണമെന്ന് എന്നോട് റോയ് പറഞ്ഞിരുന്നു. മൂന്നുദിവസമായി ആദായനികുതി ഉദ്യോഗസ്ഥര്‍ ഓഫീസിലുണ്ടായിരുന്നു' എന്നാണ് സി ജെ ബാബു ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്.

അതേസമയം റോയിയുടെ സംസ്‌കാരം നാളത്തേക്ക് മാറ്റി. വിദേശത്ത് നിന്നുള്ള ബന്ധുക്കള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് നാട്ടിലേക്ക് എത്താനുള്ള സാഹചര്യം കണക്കിലെടുത്താണ് നടപടി. വൈകിട്ട് നാലിന് ബന്നാര്‍ഘട്ടില്‍ ആണ് സംസ്‌കാരം. റോയിയുടെ ഉടമസ്ഥതയിലുള്ള നേച്ചര്‍ കോണ്‍ഫിഡന്റ് കാസ്‌കേഡിലാണ് സംസ്‌കാരം നടക്കുക. രാവിലെ എട്ട് മുതല്‍ രണ്ട് മണിവരെ പൊതുദര്‍ശനം നടത്തും. ബന്നാര്‍ഘട്ടില്‍ സംസ്‌കരിക്കണമെന്നതായിരുന്നു റോയിയുടെ ആഗ്രഹം. സഹോദരന്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയിലെ ദേവാലയത്തില്‍ സംസ്‌കരിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചത്.

വെള്ളിയാഴ്ച വൈകീട്ടാണ് സി ജെ റോയ് ജീവനൊടുക്കുന്നത്. ആദായ വകുപ്പിന്റെ പരിശോധനയ്ക്കിടെ അതേകെട്ടിടത്തില്‍ തന്നെയുള്ള ഓഫീസിലെത്തി സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നു. നേരത്തെ നടത്തിയ പരിശോധനയുടെ ബാക്കി നടപടിക്കായിട്ടായിരുന്നു ഉദ്യോഗസ്ഥര്‍ എത്തിയത്.

Content Highlights: Roy death enqury head by karnataka cid

To advertise here,contact us