തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ പുരസ്കാരം നൽകാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നൽകിയ പരാതിയിൽ ഇടപെട്ട് രാഷ്ട്രപതി. പരാതി രാഷ്ട്രപതിയുടെ ഓഫീസ് കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറി. പരാതി പരിശോധിച്ച് മേൽനടപടികൾ കൈക്കൊള്ളാൻ വകുപ്പിന് നിർദേശം നൽകി. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ടുള്ള അറിയിപ്പ് പരാതിക്കാരന് ലഭിച്ചു.
മുൻപ് പത്മ പുരസ്കാരങ്ങളെ പരസ്യമായി അധിക്ഷേപിച്ച വ്യക്തിക്ക് അത്തരമൊരു ഉന്നത ബഹുമതി നൽകുന്നത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി രാഷ്ട്രപതിക്ക് നിവേദനം നൽകിയത്. ക്രിമിനൽകേസുകളിൽ പ്രതിയായ ഒരാൾക്ക് രാഷ്ട്രത്തിന്റെ ആദരം നൽകുന്നത് ഉചിതമല്ലെന്നും കമ്മിറ്റി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വെള്ളാപ്പള്ളിക്ക് പുരസ്കാരം നൽകാനുള്ള തീരുമാനം അനീതിയാണെന്നും കമ്മിറ്റി പറഞ്ഞിരുന്നു.
വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷണ് പിന്വലിക്കണമെന്ന ആവശ്യവുമായി എസ്എന്ഡിപി സംരക്ഷണ സമിതിയും രംഗത്തെത്തിയിരുന്നു. അനേകം തട്ടിപ്പ് കേസുകളില് പ്രതിയായ ഒരാള്ക്ക് പുരസ്കാരം നല്കുന്നത് നിയമ വിരുദ്ധമാണെന്നായിരുന്നു സമിതിയുടെ ആരോപണം. വെള്ളാപ്പള്ളിക്കെതിരെ വഞ്ചനാക്കുറ്റം, വ്യാജരേഖ ചമയ്ക്കല് തുടങ്ങിയ കുറ്റം ചുമത്തിയിട്ടുണ്ട്. 21 ക്രിമിനല് കേസുകളില് പ്രതിയാണ്. പത്മവിഭൂഷണ് ജേതാവ് കൂടിയായ വി എസ് അച്യുതാനന്ദന് നല്കിയ പരാതിയില് വിജിലന്സ് രജിസ്റ്റര് ചെയ്ത കേസിലെ പ്രതിയാണ് വെള്ളാപ്പള്ളി. പണം കൊടുത്താണോ പുരസ്കാരം ലഭിച്ചതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കണമെന്നും എസ്എന്ഡിപി സംരക്ഷണ സമിതി ആവശ്യപ്പെട്ടിരുന്നു. പുരസ്കാരം പിൻവലിക്കണം എന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പരാതി നൽകിയതായും തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും എസ്എന്ഡിപി സംരക്ഷണ സമിതി പറഞ്ഞിരുന്നു.
77ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിലാണ് വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ ലഭിച്ചത്. പൊതുരംഗത്തെ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ കണക്കിലെടുത്താണ് വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ നൽകാൻ തീരുമാനിച്ചത്. കേരളത്തിൽനിന്ന് നടൻ മമ്മൂട്ടിയും പുരസ്കാരത്തിന് അർഹനായിരുന്നു. വി എസ് അച്യുതാനന്ദൻ, ജസ്റ്റിസ് കെ ടി തോമസ്, ജന്മഭൂമി മുൻ പത്രാധിപർ എൻ നാരായണൻ എന്നിവരാണ് കേരളത്തിൽനിന്ന് ഇത്തവണ പത്മവിഭൂഷൺ പുരസ്കാരത്തിന് അർഹരായത്. മരണാനന്തര ബഹുമതിയായാണ് വി എസിന് പുരസ്കാരം.
Content Highlights: president intervenes in complaint against central government's move to award padma bhushan to vellapally natesan