രാജ്യത്തിന്‍റെ വിദേശനയം തീരുമാനിക്കുന്നത് ഇത്തരം ക്രിമിനലുകളുടെ ഉപദേശം കേട്ടാണോ?; മോദിക്കെതിരെ സന്ദീപ് വാര്യർ

'ഇറ്റ് വർക്ക്ഡ്' എന്ന് എപ്സ്റ്റീൻ കുറിക്കുമ്പോൾ, ആർക്ക് വേണ്ടിയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി അവിടെ പോയി 'അഭിനയിച്ചത്' എന്ന ചോദ്യം പ്രസക്തമാകുന്നുവെന്ന് സന്ദീപ് വാര്യർ

തിരുവനന്തപുരം: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ ഫയലുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് ഉൾപ്പെട്ടതായുള്ള റിപ്പോർട്ടിന് പിന്നാലെ രൂക്ഷ വിമർശനവുമായി കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ. 2017ലെ മോദിയുടെ ഇസ്രയേൽ സന്ദർശനത്തെക്കുറിച്ച് എപ്സ്റ്റീൻ എഴുതിയ മെയിലുകൾ രാജ്യത്തിന് തന്നെ അപമാനമാണെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കില് കുറിച്ചു. 'ഒരു അന്താരാഷ്ട്ര കുറ്റവാളിയുമായി പ്രധാനമന്ത്രിക്ക് എന്ത് ബന്ധമാണുള്ളത്?, രാജ്യത്തിന്റെ വിദേശനയം തീരുമാനിക്കുന്നത് ഇത്തരം ക്രിമിനലുകളുടെ ഉപദേശം കേട്ടാണോ?, ദേശസ്‌നേഹം പ്രസംഗിക്കുന്നവർക്ക് ഈ നാണക്കേടിന് എന്ത് മറുപടിയാണ് നൽകാനുള്ളത്?' എന്നീ ചോദ്യങ്ങളും സന്ദീപ് വാര്യർ ചോദിക്കുന്നുണ്ട്.

'ഇന്ത്യയുടെ അന്തസും ആഭിജാത്യവും ലോകത്തിന് മുന്നിൽ പണയം വെക്കുന്ന ഇത്തരം ഇടപാടുകളെക്കുറിച്ച് കൃത്യമായ അന്വേഷണം വേണം. വെറും ക്രിമിനലിന്റെ ജല്പനം എന്ന് പറഞ്ഞ് തള്ളിക്കളയാൻ ഇത് ചായക്കടയിലെ വർത്തമാനമല്ല, മറിച്ച് രാജ്യത്തിന്റെ പ്രധാനമന്ത്രിയെക്കുറിച്ചുള്ള ഗൗരവകരമായ ആരോപണമാണ്. സത്യം പുറത്തുവരണം. വിശ്വഗുരു ചമയുന്നവരുടെ യഥാർത്ഥ മുഖം ജനങ്ങൾ തിരിച്ചറിയട്ടെ' സന്ദീപ് വാര്യർ കുറിച്ചു.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം...

അമേരിക്കയിലെ ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീന്റെ ഫയലുകൾ പുറത്തുവരുമ്പോൾ അതിൽ നമ്മുടെ പ്രധാനമന്ത്രിയുടെ പേരും ഉണ്ടെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. വെറുമൊരു പേരല്ല, 2017ലെ മോദിയുടെ ഇസ്രായേൽ സന്ദർശനത്തെക്കുറിച്ച് എപ്സ്റ്റീൻ എഴുതിയ മെയിലുകൾ രാജ്യത്തിന് തന്നെ അപമാനമാണ്. എപ്സ്റ്റീന്റെ ഉപദേശം സ്വീകരിച്ചാണ് മോദി ഇസ്രായേലിൽ പാട്ടുപാടിയും നൃത്തം ചെയ്തും അമേരിക്കൻ പ്രസിഡന്റിനെ സന്തോഷിപ്പിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം. ഇതിന്റെ അവസാനം It worked എന്ന് എപ്സ്റ്റീൻ കുറിക്കുമ്പോൾ, ആർക്ക് വേണ്ടിയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി അവിടെ പോയി 'അഭിനയിച്ചത്' എന്ന ചോദ്യം പ്രസക്തമാകുന്നു.

ഒരു അന്താരാഷ്ട്ര കുറ്റവാളിയുമായി നമ്മുടെ പ്രധാനമന്ത്രിക്ക് എന്ത് ബന്ധമാണുള്ളത്? രാജ്യത്തിന്റെ വിദേശനയം തീരുമാനിക്കുന്നത് ഇത്തരം ക്രിമിനലുകളുടെ ഉപദേശം കേട്ടാണോ? ദേശസ്നേഹം പ്രസംഗിക്കുന്നവർക്ക് ഈ നാണക്കേടിന് എന്ത് മറുപടിയാണ് നൽകാനുള്ളത്?ഇന്ത്യയുടെ അന്തസ്സും ആഭിജാത്യവും ലോകത്തിന് മുന്നിൽ പണയം വെക്കുന്ന ഇത്തരം ഇടപാടുകളെക്കുറിച്ച് കൃത്യമായ അന്വേഷണം വേണം. വെറും ക്രിമിനലിന്റെ ജല്പനം എന്ന് പറഞ്ഞ് തള്ളിക്കളയാൻ ഇത് ചായക്കടയിലെ വർത്തമാനമല്ല, മറിച്ച് രാജ്യത്തിന്റെ പ്രധാനമന്ത്രിയെക്കുറിച്ചുള്ള ഗൗരവകരമായ ആരോപണമാണ്. സത്യം പുറത്തുവരണം. വിശ്വഗുരു ചമയുന്നവരുടെ യഥാർത്ഥ മുഖം ജനങ്ങൾ തിരിച്ചറിയട്ടെ

തന്റെ ഉപദേശം സ്വീകരിച്ച്, മോദി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനുവേണ്ടി 2017ൽ ഇസ്രയേൽ സന്ദർശിച്ചുവെന്നും അത് ഗുണം ചെയ്തുവെന്നുമാണ് എപ്സ്റ്റീന്റെതായി പുറത്തുവന്ന മെയിലിൽ പറയുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ സന്ദർശനത്തിന്റെ പിന്നിലെ കാര്യങ്ങളോ എന്ത് ഗുണമാണ് ലഭിച്ചതെന്നോ സംബന്ധിച്ച് മെയിലിൽ പരാമർശമില്ല. വിഷയം രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തി. സംഭവം രാജ്യത്തിന് നാണക്കേടാണെന്നും എന്ത് ഗുണമാണ് ലഭിച്ചതെന്ന് മോദി വ്യക്തമാക്കണമെന്നും കോൺഗ്രസ് ആരോപിച്ചു. എന്തിനാണ് കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായ എപ്സ്റ്റീന്റെ ഉപദേശം മോദി സ്വീകരിച്ചതെന്നും ഇതിലൂടെ എന്ത് പ്രയോജനമാണ് ഉണ്ടാക്കിയതെന്ന് വിശദീകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെടുകയുണ്ടായി. 'ദേശീയ അപമാനം' എന്നാണ് സംഭവത്തെ കോൺഗ്രസ് നേതാവ് പവൻ ഖേര വിളിച്ചത്. മെയിലിൽ പരാമർശിക്കുന്ന 'ഇറ്റ് വർക്ക്ഡ്' എന്ന പരാമർശം അർത്ഥമാക്കുന്നത് എന്താണെന്നും അത് മോദി വ്യക്തമാക്കണമെന്നും പവൻ ഖേര എക്‌സിൽ കുറിച്ചിരുന്നു.

എന്നാൽ എപ്സ്റ്റീൻ ഫയലുകളിൽ പ്രധാനമന്ത്രിയുടെ പേരുണ്ടെന്ന റിപ്പോർട്ടുകൾ വിദേശകാര്യ മന്ത്രാലയം തള്ളുകയാണുണ്ടായത്. എപ്സ്റ്റീന്റെ പരാമർശം ജല്പനമാണെന്നും അത്യന്തം അവജ്ഞതയോടെ അത് തള്ളിക്കളയുന്നുവെന്നുമാണ് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതികരിച്ചത്. 2017 ജൂലൈയിൽ പ്രധാനമന്ത്രി ഇസ്രയേൽ സന്ദർശിച്ചിരുന്നു എന്നതൊഴിച്ചാൽ, ഫയലുകളിലെ മറ്റ് സൂചനകളെല്ലാം ഒരു കുറ്റവാളിയുടെ ജല്പനമാണെന്നും രൺധീർ ജയ്‌സ്വാൾ പറഞ്ഞിരുന്നു.

Content Highlights: PM Narendra Modi's name mention in Jeffrey Epstein Files; Congress leader sandeep varier criticize Modi

To advertise here,contact us