നേമത്തെ കോണ്‍ഗ്രസിന്റെ മുദ്രാവാക്യം സംഘിയും സംഘിക്കുട്ടിയും വേണ്ട, യുഡിഎഫ് മതി: കെ മുരളീധരന്‍

തനിക്കുവേണ്ടി പലയിടത്തും വരുന്ന പോസ്റ്ററുകള്‍ക്ക് പിന്നില്‍ സ്‌നേഹമാണോ നിഗ്രഹമാണോ എന്ന് അറിയില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു

തൃശൂര്‍: തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള മൂഡ് തനിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. എല്ലാ തെരഞ്ഞെടുപ്പിലും മത്സരിക്കുക എന്നത് ശരിയല്ല എന്നും അതുകൊണ്ട് ഇത്തവണ മാറിനില്‍ക്കാന്‍ തീരുമാനിച്ചുവെന്നും കെ മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടിയാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും തനിക്കുവേണ്ടി പലയിടത്തും വരുന്ന പോസ്റ്ററുകള്‍ക്ക് പിന്നില്‍ സ്‌നേഹമാണോ നിഗ്രഹമാണോ എന്ന് അറിയില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. യുഡിഎഫിന് നേമത്ത് ചെറുപ്പക്കാരനായ നല്ല സ്ഥാനാര്‍ത്ഥി വരുമെന്നും ശിവന്‍കുട്ടിയെയും രാജീവ് ചന്ദ്രശേഖറിനെയും തോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'എനിക്കുവേണ്ടി പലയിടത്തും പോസ്റ്ററുകളുണ്ട്. ജയിക്കാത്ത കല്യാണശേരിയിലും പയ്യന്നൂരിലും മാത്രമാണ് പോസ്റ്റര്‍ ഇല്ലാത്തത്. പോസ്റ്ററിന് പിന്നില്‍ സ്‌നേഹമാണോ നിഗ്രഹമാണോ എന്ന് അറിയില്ല. നേമത്തെ കോണ്‍ഗ്രസിന്റെ മുദ്രാവാക്യം സംഘിയും സംഘിക്കുട്ടിയും വേണ്ട എന്നതാണ്. യുഡിഎഫ് മതി. യുഡിഎഫിന് നേമത്ത് ചെറുപ്പക്കാരനായ സ്ഥാനാര്‍ത്ഥി വരും. യുഡിഎഫ് ഇത്തവണ നേരിടുന്നത് സിപിഐഎം, ബിജെപി സംയുക്ത സഖ്യത്തെയാണ്. കോണ്‍ഗ്രസും സിജെപിയും തമ്മിലാണ് മത്സരം. നേമത്തെ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് ശിവന്‍കുട്ടി ഉദ്ദേശിക്കുന്നത്. ഇത്തവണ ന്യൂനപക്ഷ വോട്ടുകള്‍ ശിവന്‍കുട്ടിക്ക് ലഭിക്കില്ല. സംഘിക്കുട്ടി എന്ന് ശിവന്‍കുട്ടിയെ വിളിച്ചത് എഐഎസ്എഫ് ആണ്. അദ്ദേഹം ആര്‍എസ്എസിന്റെ ഏജന്റായി മാറി' : കെ മുരളീധരന്‍ പറഞ്ഞു.

എംപിമാരെ മത്സരിപ്പിക്കാത്തതിന് പിന്നില്‍ ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കുക എന്ന ഉദ്ദേശമാണുളളതെന്നും ജനങ്ങള്‍ ഉപതെരഞ്ഞെടുപ്പുകള്‍ ആഗ്രഹിക്കുന്നില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഏകദേശ ധാരണ വന്നിട്ടുണ്ടെന്നും അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിവേഗ റെയില്‍ വേണമെന്നതാണ് അഭിപ്രായമെന്നും സില്‍വര്‍ ലൈന്‍ തട്ടിക്കൂട്ട് ഏര്‍പ്പാടായത് കൊണ്ടാണ് അതിനെ എതിര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു. ശ്രീധരന്റെ പ്രോപ്പോസലാണ് കുറെക്കൂടി നല്ലതെന്നും ഇക്കാര്യത്തില്‍ അദ്ദേഹവുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. എം എം ഹസ്സന്‍ മത്സരിക്കുന്നതില്‍ കുഴപ്പമില്ലെന്നും അദ്ദേഹം താല്‍പ്പര്യം പ്രകടിപ്പിച്ചതില്‍ തെറ്റില്ലെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: 'I am not in the mood to contest, I have decided to stay away this time': K Muraleedharan

To advertise here,contact us