സി ജെ റോയിയുടെ സംസ്‌കാരം നാളത്തേക്ക് മാറ്റി; വലിയ സമ്മർദ്ദമില്ലാതെ ജീവനൊടുക്കില്ലെന്ന് സന്തതസഹചാരി അബില്‍ ദേവ്

റോയിയുടെ മരണത്തില്‍ ആദായനികുതി വകുപ്പിനെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം

ബെംഗളൂരു: ബെംഗളൂരുവില്‍ ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്‌കാരം നാളത്തേക്ക് മാറ്റി. ബന്ധുക്കള്‍ വിദേശത്ത് നിന്ന് എത്താന്‍ വൈകുന്നതിനാലാണ് സംസ്‌കാരം മാറ്റിയത്. ഇന്ന് സംസ്‌കാരം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. സഹോദരന്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയിലെ ദേവാലയത്തില്‍ ആണ് സംസ്‌കരിക്കുക. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രാവിലെ 9 മണിയോടെ ബെംഗളൂരു ബോറിംഗ് ആശുപത്രിയില്‍ നിന്നും മൃതദേഹം കോറമംഗലയിലെത്തിക്കാനായിരുന്നു തീരുമാനം. എന്നാൽ സംസ്കാരം മാറ്റിയ സാഹചര്യത്തിൽ മൃതദേഹം നാളെ രാവിലെ വരെ ബോറിംഗ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും.

റോയിയുടെ മരണത്തില്‍ ആദായനികുതി വകുപ്പിനെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം. അന്വേഷണ ഏജന്‍സിയില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് ഇന്ന് സി ജെ ബാബു ആരോപിച്ചു. 'റോയ്ക്ക് കടമോ ബാധ്യതയോ ഭീഷണിയോ ഒന്നുമില്ല. ആദായനികുതി ഉദ്യോഗസ്ഥരുടെ സമ്മര്‍ദം കുടുംബത്തിന് അറിയാമായിരുന്നു. മറ്റെവിടെ നിന്നും റോയ്ക്ക് ഭീഷണിയുണ്ടായിരുന്നില്ല. ഇന്ന് രാവിലെ കാണണമെന്ന് എന്നോട് റോയ് പറഞ്ഞിരുന്നു. മൂന്നുദിവസമായി ആദായനികുതി ഉദ്യോഗസ്ഥര്‍ ഓഫീസിലുണ്ടായിരുന്നു' എന്നാണ് സി ജെ ബാബു ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്.

ആദായനികുതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സി ജെ റോയിയുടെ സന്തത സഹചാരി അബില്‍ ദേവും പറഞ്ഞു. ഈ മാസം ആദ്യം മുതലാണ് ഐടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങിയത്. പരിഹരിക്കാവുന്ന പ്രശ്‌നങ്ങളാണ് എന്നാണ് അറിഞ്ഞത്. വലിയ സമ്മര്‍ദ്ദമില്ലാതെ ആത്മഹത്യ ചെയ്യില്ലെന്നും അബില്‍ ദേവ് പറഞ്ഞു.

വെള്ളിയാഴ്ച വൈകീട്ടാണ് സി ജെ റോയ് ജീവനൊടുക്കുന്നത്. ആദായ വകുപ്പിന്റെ പരിശോധനയ്ക്കിടെ അതേകെട്ടിടത്തില്‍ തന്നെയുള്ള ഓഫീസിലെത്തി സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നു. നേരത്തെ നടത്തിയ പരിശോധനയുടെ ബാക്കി നടപടിക്കായിട്ടായിരുന്നു ഉദ്യോഗസ്ഥര്‍ എത്തിയത്.

Content Highlights: c j roy Funeral postponed to tomorrow

To advertise here,contact us