കണ്ണൂര്: പയ്യന്നൂര് എംഎല്എ ടി ഐ മധുസൂദനനെതിരെ വി കുഞ്ഞികൃഷ്ണന് രചിച്ച പുസ്തകത്തില് അതിരൂക്ഷ വിമര്ശനം. 'പാര്ട്ടി ഏരിയ കമ്മിറ്റി' എന്ന അധ്യായത്തിലാണ് വിമര്ശനം. പയ്യന്നൂരിലെ പാര്ട്ടിയില് പ്രശ്നങ്ങള് ആരംഭിച്ചത് 2007ല് മധുസൂദനന് ഏരിയാ സെക്രട്ടറി ആയതുമുതലാണെന്നും താനാണ് പയ്യന്നൂരിലെ നേതൃത്വം എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന് മധുസൂദനന് ശ്രമിച്ചുവെന്നും പുസ്തകത്തില് പരാമര്ശിക്കുന്നു.
പാര്ട്ടിയില് ചെറുഗ്രൂപ്പുകള് ഉണ്ടാക്കി സഹകരണ സ്ഥാപനങ്ങളില് ജോലി നല്കുന്നത് താന് ആണെന്ന് വരുത്തിത്തീര്ക്കാന് ശ്രമിച്ചു, ബൂര്ഷ്വാ രാഷ്ട്രീയ നേതാവാണ് മധുസൂദനന്, പയ്യന്നൂരിലെ പാര്ട്ടിയെ കൈപ്പിടിയില് ഒതുക്കാന് നോക്കി, തനിക്ക് മേലെ ആരും വളരരുത് എന്നായിരുന്നു ചിന്ത എന്നതടക്കം അതിരൂക്ഷ വിമര്ശനമാണ് വി കുഞ്ഞികൃഷ്ണന് ഉയര്ത്തിയത്. വിഭാഗീയത തുടങ്ങിയത് അവിടെ നിന്നാണ് എന്നും എല്ലായിപ്പോഴും നേതൃത്വം മധുസൂദനനെ രക്ഷിച്ചുവെന്നും പുസ്തകത്തിലൂടെ വിമര്ശിക്കുന്നുണ്ട്.
ടി ഐ മധുസൂദനന് സെക്രട്ടറിയായി വരുന്നതിന് മുമ്പ്. ആദ്യകാലത്ത്, പ്രത്യേകിച്ച് സഖാവ് ടി ഗോവിന്ദേട്ടന്റെ മരണം വരെ ഒരുതരത്തിലുള്ള പ്രശ്നങ്ങളും പയ്യന്നൂരിലെ പാര്ട്ടിക്കുള്ളില് ഉണ്ടായിരുന്നില്ല. പയ്യന്നൂരിലെ നേതൃത്വം താനാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള ബോധപൂര്വ്വമായ ശ്രമം മധുസൂദനന് നടത്തുകയുണ്ടായി. അതിനുവേണ്ടി ക്യാമ്പയിന് നടത്താന് ആശ്രിതരെ സൃഷ്ടിക്കാന് ശ്രമിച്ചു. ഇതിന്റെ ഭാഗമായി ചെറുചെറു ഗ്രൂപ്പുകള് പലയിടത്തും ഉണ്ടാക്കി. സഹകരണ സ്ഥാപനങ്ങളിലും മറ്റും തൊഴിലുകള് നല്കുമ്പോള് ഇത് താന് നല്കിയതാണ് എന്നും അതല്ലാതെ പാര്ട്ടി അല്ല എന്ന ബോധം വളര്ത്താന് ആശ്രിതരെ ഉപയോഗിച്ച് ശ്രമങ്ങള് നടന്നു. ഇത്തരം രീതികളെ പാര്ട്ടിക്കകത്ത് പലപ്പോഴും ചോദ്യം ചെയ്തുവെങ്കിലും കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല', കുഞ്ഞികൃഷ്ണന് പുസ്തകത്തില് പറയുന്നു.
സഖാക്കള് സി കൃഷ്ണന്, വി നാരായണന് എന്നീ പയ്യന്നൂരിലെ നേതൃത്വത്തെ അംഗീകരിക്കാന് ടി ഐ മധുസൂദനന് പലപ്പോഴും തയ്യാറായിരുന്നില്ല. പയ്യന്നൂരിലെ പാര്ട്ടി തന്റെ കൈപ്പിടിയില് ഒതുക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടായത്. ഇത് ഒരുഭാഗത്ത് ആശ്രിതരെയും മറുഭാഗത്ത് അസംതൃപ്തരെയും സൃഷ്ടിക്കാന് ഇടയാക്കി. ഇന്നത്തെ വിഭാഗീയതയുടെ യഥാര്ത്ഥ തുടക്കം ഇങ്ങനെയായിരുന്നു. ഒരു ബൂര്ഷ്വാരാഷ്ട്രീയ നേതാവിന്റെ ശൈലിയാണ് അയാള് സ്വീകരിച്ചിരുന്നത് എന്നും പുസ്തകത്തിലൂടെ വിമര്ശിച്ചു.
നേതൃത്വം എല്ലാകാലത്തും അയാളെ സംരക്ഷിക്കുകയായിരുന്നു. തനിക്ക് മേലെ വളരാന് ആരെയും അനുവദിക്കാറില്ലെന്ന് കാണാന് സാധിക്കും. ഇപ്പോഴത്തെ ഏരിയാസെക്രട്ടറി പി സന്തോഷും ടി ഐ മധുസൂദനനും തമ്മിലുള്ള ബന്ധം എങ്ങനെയാണ്. പുറമെ നല്ല ബന്ധമെന്ന് തോന്നാമെങ്കിലും അടുത്തറിയുന്നവര്ക്കെല്ലാം കാര്യങ്ങളെക്കുറിച്ച് ബോധ്യമുണ്ട്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടഫി സരിന് ശശിയോടും ഉള്ള മധുസൂദനന്റെ മനോഭാവം ഇതില് നിന്നും വ്യത്യസ്തമല്ല. നേതൃത്വം ഇവരുമായി സംസാരിച്ചുനോക്കൂ. അപ്പോഴറിയാമെന്നും വി കുഞ്ഞികൃഷ്ണന് പറയുന്നു.
Content Highlights: v kunhikrishnan against t i madhusoodanan in his book kannur payyannur cpim