തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്ശനത്തോടനുബന്ധിച്ച് അനുമതി ഇല്ലാതെ ഫ്ളക്സ് ബോര്ഡുകളും ബാനറുകളും കൊടിതോരണങ്ങളും സ്ഥാപിച്ചതിന് ലക്ഷങ്ങളുടെ പിഴ ചുമത്തിയതില് മറുപടി നല്കാതെ ബിജെപി. കഴിഞ്ഞ ഏതാനും വര്ഷങ്ങളിലെ കണക്കെടുത്താല് സെക്രട്ടേറിയറ്റിലെ ഇടത് ജീവനക്കാരുടെ സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയ്സ് അസോസിയേഷന് മാത്രമാണ് പിഴത്തുക അടച്ചത്.
പിഴത്തുകയായി ഇനി 40 ലക്ഷത്തോളമാണ് കോര്പ്പറേഷന് കിട്ടാനുള്ളത്. നേരത്തെ സിപിഐഎം ഏരിയ സമ്മേളനങ്ങളുടെ പ്രചാരണാർഥം നഗരത്തിൽ അനധികൃതമായി ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചതിന് സിപിഐഎം ജില്ലാ കമ്മിറ്റിക്ക് 12.50 ലക്ഷം രൂപയുടെ പിഴ നോട്ടീസ് നൽകിയിരുന്നു. ഒരു വർഷത്തോളം പിന്നിട്ടിട്ടും തുക അടയ്ക്കാൻ പാർട്ടി തയാറായിട്ടില്ല.
നരേന്ദ്ര മോദിയുടെ സന്ദര്ശനത്തോടനുബന്ധിച്ച് ഫ്ളക്സ് ബോര്ഡുകളും ബാനറുകളും സ്ഥാപിച്ച വിഷയത്തില് ഹൈക്കോടതി ഉത്തരവ് ലംഘിച്ചത് ചൂണ്ടിക്കാട്ടി 19.97 ലക്ഷം രൂപ പിഴ രണ്ടു ദിവസത്തിനകം അടയ്ക്കണമെന്ന് കാണിച്ചാണ് മുനിസിപ്പല് കോര്പ്പറേഷന് റവന്യൂ ഓഫീസര് 23ന് ബിജെപി ജില്ലാ കമ്മിറ്റിക്ക് നോട്ടീസ് അയച്ചത്. രണ്ടു ദിവസത്തിനുള്ളില് പിഴത്തുക അടച്ച് തുടര്നടപടികള് ഒഴിവാക്കണമെന്നും നോട്ടീസില് പറഞ്ഞിരുന്നു. എന്നാല് പാര്ട്ടി ജില്ലാ കമ്മിറ്റി നോട്ടീസിന് മറുപടി നല്കിയിട്ടില്ല.
ഹൈക്കോടതിയില് അമിക്കസ് ക്യൂറി സമര്പ്പിച്ച റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് കോര്പ്പറേഷന് ബിജെപിക്ക് നോട്ടീസ് അയച്ചത്. പിഴ നോട്ടിസിന്റെ പകര്പ്പ് സഹിതം കോര്പ്പറേഷന് ഹൈക്കോടതിയില് റിപ്പോര്ട്ട് നല്കുകയും ചെയ്തിരുന്നു. വിഷയത്തില് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനെതിരെ മൂന്ന് പൊലീസ് സ്റ്റേഷനുകളില് കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ട്. കന്റോണ്മെന്റ്, തമ്പാനൂര്, മ്യൂസിയം പൊലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര് ചെയ്തത്. കേന്ദ്രമന്ത്രി അമിത് ഷാ പങ്കെടുത്ത പരിപാടിയുടെ പ്രചാരണാര്ഥം ബോര്ഡുകള് സ്ഥാപിച്ചതിനും കോര്പ്പറേഷന് ബിജെപിക്ക് 36,000 രൂപയുടെ പിഴ നോട്ടിസ് നല്കിയിരുന്നു.
Content Highlights: Corporation's Difficulty in Recovering Dues for Unauthorized Flex