തിരുവനന്തപുരം: ശശി തരൂര് എം പി കോണ്ഗ്രസിന്റെ അഭിമാനമാണെന്നും നിയമസഭാ തെരഞ്ഞെടുപ്പില് 140 മണ്ഡലങ്ങളിലും അദ്ദേഹത്തിന് മുഖം ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്. തരൂര് നേരത്തെ തന്നെ സജീവമാണ്. പ്രവര്ത്തകസമിതി അംഗമാണ് അദ്ദേഹം. തെരഞ്ഞെടുപ്പ് ക്യാമ്പയിനില് സജീവമായി അദ്ദേഹം ഉണ്ടാകും. എതിരഭിപ്രായങ്ങള് ഉണ്ടെങ്കില് വെട്ടി കൊന്നു തീര്ക്കുക എന്നതല്ല തങ്ങളുടെ ശൈലി. മറിച്ച് ആ അഭിപ്രായങ്ങളിലൂടെ മുന്നോട്ടുപോവുക എന്നതാണെന്നും വി ഡി സതീശന് പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില് കേരളത്തിലെ പ്രതിപക്ഷം അവതരിപ്പിക്കുന്ന വിഷയങ്ങളായിരിക്കും പൊളിറ്റിക്കല് അജണ്ട. അതായിരിക്കും ജനങ്ങള് ചര്ച്ച ചെയ്യുക. അതിൽ നിന്ന് വഴിതിരിക്കാനാണ് തനിക്കെതിരായ തോണ്ടലും പിച്ചലുമെന്നും വി ഡി സതീശന് പറഞ്ഞു. നേമത്ത് മത്സരിക്കാന് വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി വെല്ലുവിളിച്ചതിനോടായിരുന്നു പ്രതികരണം.
'എന്നെ തോട്ടിയിട്ട് പിടിക്കാന് നോക്കി. ഇതിലൊന്നും ഞാന് വീഴില്ല. അദ്ദേഹവുമായി മത്സരിക്കാന് ഞാനില്ല. ശിവന്കുട്ടി വലിയ ആളാണ്. എനിക്ക് സംസ്കാരവും നിലവാരവും കുറവാണെന്നാണ് അദ്ദേഹം പറയുന്നത്. വളരെയധികം സംസ്കാരവും നിലവാരവും ഉള്ളയാളാണ് അദ്ദേഹം. അതില് തര്ക്കമില്ല. ഞാന് അദ്ദേഹത്തേക്കാള് നിലവാരം കുറഞ്ഞയാളാണ്. അപ്പോള് തര്ക്കമില്ലല്ലോ. തര്ക്കിക്കാനും വഴക്കിടാനും ഇല്ല', എന്നാണ് വി ഡി സതീശന്റെ പ്രതികരണം.
എല്ഡിഎഫിന്റെ ചങ്ക് തുളയ്ക്കുന്ന പൊളിറ്റിക്കല് നെറേറ്റീവ്സ് ഉണ്ട്. അതില് നിന്നും വഴിതെറ്റിക്കാന് നോക്കേണ്ട. നിയമസഭാ തെരഞ്ഞെടുപ്പിലും കേരളത്തിലെ പ്രതിപക്ഷം അവതരിപ്പിക്കുന്ന വിഷയങ്ങളായിരിക്കും പൊളിറ്റിക്കല് അജണ്ട. അതായിരിക്കും ജനങ്ങള് ചര്ച്ച ചെയ്യുക. അതീന്ന് വഴിതിരിക്കാനാണ് ഈ തോണ്ടലും പിച്ചലുമെന്നും വി ഡി സതീശന് കൂട്ടിച്ചേര്ത്തു.
Content Highlights: Shashi Tharoor is our pride Said V D Satheesan