ശശി തരൂരിനെ ഭീഷണിപ്പെടുത്തി നിര്‍ത്തിയിരിക്കുകയാണ്, സിപിഐഎമ്മിലേക്ക് വന്നാല്‍ സ്വീകരിക്കും: വി ശിവന്‍കുട്ടി

ശശി തരൂരിന്റെ മുഖം കണ്ടാൽ അദ്ദേഹം കോണ്‍ഗ്രസ് ജയിക്കണമെന്ന് ആഗ്രഹിക്കുന്നതായി തോന്നുന്നില്ലെന്നും ശിവൻകുട്ടി പറഞ്ഞു

തിരുവനന്തപുരം: ശശി തരൂരിനെ കോണ്‍ഗ്രസ് ഭീഷണിപ്പെടുത്തി നിര്‍ത്തിയിരിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തരൂര്‍ സിപിഐഎമ്മിലേക്ക് വന്നാല്‍ സ്വീകരിക്കുമെന്നും ആരും ഈ പാര്‍ട്ടിയില്‍ വേണ്ട എന്ന് തങ്ങള്‍ പറയില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. ശശി തരൂരിനെ കോണ്‍ഗ്രസിന്റെ ചില കേന്ദ്രങ്ങളില്‍ നിന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ മുഖം കണ്ടാലറിയാം. കോണ്‍ഗ്രസ് ജയിക്കണമെന്ന് തരൂര്‍ ആഗ്രഹിക്കുന്നതായി തോന്നുന്നില്ല. മാധ്യമങ്ങളില്‍ പടം വരാന്‍ വേണ്ടി മാത്രമാണ് തരൂരിനെ കൊണ്ടുവരുന്നത്. പാര്‍ട്ടിയെയും പാര്‍ട്ടി നയവും അനുസരിച്ചാല്‍ പാര്‍ട്ടിയില്‍ എടുക്കുമെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. കോണ്‍ഗ്രസിനും യുഡിഎഫിനും എതിരെ ക്യാമ്പയില്‍ നടത്തുകയാണ് തങ്ങളുടെ ജോലിയെന്ന് പറഞ്ഞ ശിവന്‍കുട്ടി അതില്‍ എന്താണ് തെറ്റെന്നും ചോദിച്ചു.

'എന്നെ സംഘിക്കുട്ടി എന്നാണ് വി ഡി സതീശന്‍ വിളിച്ചത്. അഞ്ച് പതിറ്റാണ്ടായി ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നു. സംഘപരിവാറിനെതിരെയാണ് എന്റെ പ്രവര്‍ത്തനം. അങ്ങനെയുളള എന്നെയാണ് സംഘി കുട്ടി എന്ന് വിളിച്ചത്' : വി ശിവന്‍കുട്ടി പറഞ്ഞു. സോണിയാ ഗാന്ധിയെ താന്‍ അപമാനിച്ചിട്ടില്ലെന്നും കോണ്‍ഗ്രസില്‍ ഉളളവരാണ് മദാമ്മ എന്ന് ആക്ഷേപിച്ചിട്ടുളളതെന്നും വി ശിവന്‍കുട്ടി പറഞ്ഞു. വി ഡി സതീശന്‍ ലോകത്തുളള മുഴുവന്‍ ആളുകളെയും പരിഹസിക്കുകയാണെന്നും അയാളെ അല്ലാതെ വേറെ ആരെയും അയാള്‍ അംഗീകരിക്കില്ല എന്ന സ്ഥിതിയാണുളളതെന്നും അദ്ദേഹം പറഞ്ഞു.

പറവൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഇനി വി ഡി സതീശന്‍ ജയിക്കാന്‍ സാധ്യത കുറവാണെന്നും വി ശിവന്‍കുട്ടി പറഞ്ഞു. പറവൂര്‍ മണ്ഡലത്തിലെ ജനങ്ങള്‍ കോണ്‍ഗ്രസിന് എതിരാണ്. അവിടെ ഒറ്റയ്ക്ക് ജയിക്കാന്‍ കോണ്‍ഗ്രസിന് ആവില്ല. നേമത്തും പറവൂരും കോണ്‍ഗ്രസ് ബിജെപി ഡീലുണ്ട്. പക്ഷെ ആ ഡീലിന് തെളിവൊന്നുമില്ല. മുന്‍പും ഇത്തരത്തില്‍ ഡീല്‍ ഉണ്ടാക്കിയിട്ടുണ്ട്. ആ ഒത്തുതീര്‍പ്പിന്റെ ഫലമായി ഞാന്‍ തോറ്റിട്ടും ഉണ്ട് ജയിച്ചിട്ടുമുണ്ട്. മുരളീധരന്‍ മത്സരിച്ചപ്പോള്‍ അതിന്റെ മൂന്നിരട്ടി വോട്ട് കിട്ടി' വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

Content Highlights: Shashi Tharoor has been threatened and stopped, will be accepted if he joins CPIM: V Sivankutty

To advertise here,contact us