എംഎസ്എഫ് തീം സോങില്‍ ഇമ്രാന്‍ ഖാന്‍; ഇമ്രാന്‍ ഖാന്‍ ആണോ നവാസിന്റെ ഹീറോയെന്ന് എസ്എഫ്‌ഐ

'മനുഷ്യരെ മതത്തിന്റെ പേരിൽ കൊന്നൊടുക്കുന്ന പാകിസ്താൻ നേതാവിനോട് നവാസിനും സംഘത്തിനും എന്തു ബന്ധമെന്നും എസ്എഫ്‌ഐ

കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന സമ്മേളനത്തിന്റെ തീം സോങ്ങില്‍ പാകിസ്താന്‍ മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെ എസ്എഫ്‌ഐ. എന്താണ് എംഎസ്എഫിന് അദ്ദേഹത്തോടുള്ള പ്രതിബദ്ധതയെന്നും മതരാഷ്ട്രവാദം ഉയര്‍ത്തിയും മനുഷ്യരെ മതത്തിന്റെ പേരില്‍ കൊന്നൊടുക്കുകയും ചെയ്യുന്ന പാക്കിസ്താന്‍ നേതാവിനോട് പി കെ നവാസിനും സംഘത്തിനും എന്തു ബന്ധമാണുള്ളതെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ചോദിച്ചു.

നമ്മുടെ രാജ്യത്തോടും, മതനിരപേക്ഷ ബോധത്തെയും നിരന്തരം അക്രമിക്കുന്ന ആര്‍എസ്എസിന്റെ തീവ്ര ദേശീയതയ്ക്ക് ഇന്ത്യയില്‍ വളരാന്‍ സഹായകമാകുന്ന നിലപാടെടുത്ത ഇമ്രാന്‍ ഖാന്‍ ആണോ നവാസിന്റെ ഹീറോയെന്നും സഞ്ജീവ് ചോദിച്ചു.

'തങ്ങള്‍ മതനിരപേക്ഷമാണെന്ന് തെളിയിക്കാന്‍ പാടുപെടുന്ന കേരളത്തിലെ എം.എസ്.എഫ് ഇതുവഴി ഇപ്പോള്‍ സംഘപരിവാര്‍ ബോധത്തെ വളര്‍ത്താനുള്ള മണ്ണൊരുക്കുക കൂടിയാണ് ചെയ്യുന്നത്. സംഘികള്‍ ഉടന്‍ ഇറങ്ങും ദേശവിരുദ്ധ ചാപ്പയുമായി, നവാസിനും സംഘത്തിനും ജമാഅത് ഇസ്ലാമിയോടും അതു ഉയര്‍ത്തുന്ന മതരാഷ്ട്രവാദത്തോടും പ്രതിബദ്ധത ഉണ്ടാകും, അവര്‍ സംഘപരിവാറിനെ സഹായിക്കുന്നത് മനസ്സിലാകും, എന്നാല്‍ എം എസ് എഫില്‍ പ്രവര്‍ത്തിക്കുന്ന മതനിരപേക്ഷവാദികള്‍ കൂടി ഇതിന്റെ ഇരയാകുന്നു. ഈ ചെയ്തി സംഘികളെയും, ജമാഅത്ത് ഇസ്ലാമിക്കാരെയും ഒരുപാട് സന്തോഷിപ്പിക്കും.എന്നാല്‍ കേരളത്തിന്റെ മതനിരപേക്ഷ ബോധത്തെ ഒറ്റുകയുമാണ് പി കെ നവാസും സംഘവും ചെയ്തത്.എംഎസ്എഫിലെ ചിലര്‍ വിമര്‍ശനം ഉയര്‍ത്തിയതിന്റെ ഭാഗമായി ഈ ഗാനം മനസ്സിലാമനസ്സോടെ പി കെ നവാസ് പിന്‍വലിച്ചതായി കാണുന്നു എന്നാല്‍ നവാസിന്റെ ലക്ഷ്യം നിര്‍വേറി കഴിഞ്ഞിരിക്കുന്നു, ചിലതൊക്കെ ഇങ്ങനെയാണ് എത്ര മറച്ചു പിടിച്ചാലും തികട്ടി,തികട്ടി വരും', സഞ്ജീവ് ഫേസ്ബുക്കില്‍ കുറിച്ചു.

സംഭവം ചർച്ചയായതോടെ സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് വീഡിയോ എംഎസ്എഫ് ഡിലീറ്റ് ചെയ്തിരുന്നു. കെ എം സീതി സാഹിബ്, സി എച്ച് മുഹമ്മദ്‌ കോയ തുടങ്ങിയവരെല്ലാമുള്ള പാട്ടിലാണ് ഇമ്രാൻ ഖാനും ഇടം പിടിച്ചത്. ഇത് എംഎസ്എഫ്ന്റെ ഗ്രൂപ്പുകളിൽ ഉൾപ്പെടെ ചർച്ചയാതോടെ പിൻവലിക്കുകയായിരുന്നു.

Content Highlights: SFI opposes imran Khan's picture in the theme song of MSF state conference

To advertise here,contact us