പി ടി ഉഷയുടെ ഭര്‍ത്താവ് വി ശ്രീനിവാസന്‍ അന്തരിച്ചു

കോഴിക്കോട് പയ്യോളിയിലെ ആശുപത്രിയിൽ വെച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം

കോഴിക്കോട്: രാജ്യസഭാ എംപിയും ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായപി ടി ഉഷയുടെ ഭര്‍ത്താവ് വി ശ്രീനിവാസന്‍ അന്തരിച്ചു. 64 വയസായിരുന്നു. കോഴിക്കോട് പയ്യോളിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

പെരുമാള്‍പുരത്തെ ഉഷസ് വീട്ടില്‍വെച്ച് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പൊന്നാനി സ്വദേശിയായ വി ശ്രീനിവാസന്‍ മുന്‍ കബഡി താരമാണ്. കേന്ദ്ര വ്യവസായ സുരക്ഷാ സേനയിലെ റിട്ട. ഡിവൈഎസ്പിയായിരുന്നു.

പൊന്നാനി കുറ്റിക്കാട് വെങ്ങാലി തറവാട്ടിലെ നാരായണന്‍ സരോജനി ദമ്പതികളുടെ മകനാണ് ശ്രീനിവാസന്‍. 1991ലായിരുന്നു അകന്ന ബന്ധുവായിരുന്ന പി ടി ഉഷയുമായുള്ള വിവാഹം. മകന്‍. ഡോ. ഉജജ്വല്‍ വിഗ്‌നേഷ്. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുത്തതിനു ശേഷം പിടി ഉഷ എംപി നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

Content Highlights: pt usha's husband v sreenivasan passed away

To advertise here,contact us