പുസ്തകപ്രകാശനത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് വി കുഞ്ഞികൃഷ്ണൻ ഹൈക്കോടതിയിൽ

കുഞ്ഞികൃഷ്ണന്റെ വീടിന് മുന്നിലെത്തിയ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തിരുന്നു

കണ്ണൂര്‍: പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് വി കുഞ്ഞികൃഷ്ണന്‍. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ കുഞ്ഞികൃഷ്ണന്റെ വീടിന് മുന്നില്‍ സിപിഐഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. കുഞ്ഞികൃഷ്ണന്റെ വീടിന് മുന്നിലെത്തിയ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തിരുന്നു. പ്രതിഷേധത്തിന് പിന്നാലെ വി കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയ ആളുടെ ബൈക്ക് കത്തിക്കുന്ന സാഹചര്യവുമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കുഞ്ഞികൃഷ്ണന്‍ കോടതിയെ സമീപിച്ചത്.

പുസ്തകപ്രകാശന ചടങ്ങിന് മാത്രമാണ് സുരക്ഷ ആവശ്യപ്പെട്ടതെന്ന് വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

പയ്യന്നൂരിൽ കോൺഗ്രസ്‌ - ബിജെപി പ്രകടനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായി. പുസ്തക പ്രകാശന ചടങ്ങ് അലങ്കോലപ്പെടുമെന്ന് ആശങ്ക. എസ് പിക്കും കത്ത് നൽകിയിരുന്നു. പുസ്തകപ്രകാശന ചടങ്ങിന് മാത്രമാണ് സുരക്ഷ ആവശ്യപ്പെട്ടതെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

തനിക്ക് ഒരു ഭീതിയും ഇല്ല. തന്നെ ആക്രമിക്കണമെങ്കിൽ എപ്പോൾ വേണമെങ്കിലും ആകാമല്ലോ

പുസ്തകം എങ്ങനെയോ ചോർന്നു. പുസ്തകം വരുമ്പോൾ കൂടുതൽ വ്യക്തത വരുമല്ലോ. ഏരിയ സെക്രട്ടറി പി സന്തോഷും മധുസൂദനനും തമ്മിലുള്ള ബന്ധം പയ്യന്നൂരുകാരോട് ചോദിച്ചാൽ അറിയാം. താൻ ഉന്നയിച്ച വിഷയങ്ങൾ എല്ലാം ശരിയെന്നു വിശ്വസിക്കുന്ന വലിയ വിഭാഗം ഇപ്പോഴും പാർട്ടിയിൽ ഉണ്ട്. അത് വർധിച്ചു എന്നാണ് മനസ്സിലാക്കുന്നത്. പയ്യന്നൂരിലെ നേതൃത്വത്തിലുള്ള പലരും താൻ പറയുന്നത് ശരി എന്ന് കരുതുന്നവരാണെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

പാര്‍ട്ടിക്കെതിരായ ആരോപണത്തെക്കുറിച്ച് വ്യക്തമായി എഴുതിയ കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിന്റെ പ്രകാശനം അടുത്തിരിക്കുകയാണ്. 'നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്ന കുഞ്ഞികൃഷ്ണന്റെ പുസ്തകം ഫെബ്രുവരി ആദ്യവാരം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ പുസ്തകത്തിന്റെ കുറച്ച് ഭാഗങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇതില്‍ പയ്യന്നൂര്‍ എംഎല്‍എ മധുസൂദനനനെ അതിരൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. പയ്യന്നൂരിലെ പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചത് 2007ല്‍ മധുസൂദനന്‍ ഏരിയാ സെക്രട്ടറി ആയതുമുതലാണെന്നും താനാണ് പയ്യന്നൂരിലെ നേതൃത്വം എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ മധുസൂദനന്‍ ശ്രമിച്ചുവെന്നും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു.

Content Highlight; Demonstration after being expelled from the party; Kunjikrishnan moves High Court seeking police protection

To advertise here,contact us