കൊച്ചി: കോണ്ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കിയതിന് പിന്നാലെ അദ്ദേഹം അന്വേഷണ ഏജന്സികളുടെ സമ്മര്ദത്തിലായിരുന്നെന്ന് വ്യക്തമാക്കുന്ന കുറിപ്പുമായി മാധ്യമപ്രവര്ത്തകന് അരുണ് രാഘവന്. ഇന്റര്വ്യൂ എപ്പോള് അപ്പ്ലോഡ് ചെയ്യുമെന്ന് ഇടക്കിടെ അന്വേഷിച്ചിരുന്ന റോയ് ഇ ഡി റെയ്ഡ് വന്ന സമയത്ത് വീഡിയോ നീക്കം ചെയ്യാന് അപേക്ഷിച്ചുവെന്നും ഇ ഡി റെയ്ഡ് ചെയ്താലുളള പ്രശ്നങ്ങള് അറിയാമല്ലോ എന്ന് തന്നോട് ചോദിച്ചെന്നും അരുണ് രാഘവന് കുറിപ്പില് പറയുന്നു. എല്ലാം നേടിക്കഴിഞ്ഞെന്നും ഇനി എപ്പോള് മരിച്ചാലും ഹാപ്പിയാണെന്നും അദ്ദേഹം അന്ന് അഭിമുഖം ഷൂട്ട് ചെയ്യുന്നതിനിടെ പറഞ്ഞിരുന്നെന്നും മാനസിക സംഘര്ഷത്തിനിടെ ആകുമോ അദ്ദേഹം ചിരിച്ചുകൊണ്ട് അന്ന് സംഭാഷണം പൂര്ത്തിയാക്കിയതെന്ന് തോന്നുന്നുവെന്നും അരുണ് പറയുന്നു.
'ഇന്റർവ്യൂ എന്ന് അപ്ലോഡ് ചെയ്യുമെന്ന് ഇടക്കിടെ അന്വേഷിച്ച അദ്ദേഹം അപ്ലോഡ് ചെയ്ത ശേഷം സന്തോഷം അറിയിച്ചു. പക്ഷെ മണിക്കൂറുകൾക്കുള്ളിൽ അത് നീക്കം ചെയ്യണമെന്ന് അപേക്ഷിച്ചു. എന്നെ നിരാശനാക്കാതിരിക്കാൻ അദ്ദേഹം കാരണം പറഞ്ഞു. ഇ ഡി റെയ്ഡ് ഉണ്ട് വെറുതേ ഈ സമയത്ത് അത് കൊടുക്കേണ്ട, പറഞ്ഞമാത്രേ തന്നെ ഒഴിവാക്കി. പിന്നീട് രണ്ടാഴ്ച കഴിഞ്ഞ് അദ്ദേഹം വിളിച്ച് കൊടുത്തോളൂ എന്ന് പറഞ്ഞു. വൈകിയതിൽ ക്ഷമിക്കണം എന്നുകൂടി പറഞ്ഞു. ഒക്കെ അല്ലേ സാർ എന്ന ചോദ്യത്തിന്, അറിയാലോ ഇ ഡി റെയ്ഡ് ചെയ്താലുള്ള പ്രശ്നങ്ങൾ എന്നു മാത്രം മറുപടി നൽകി. അതിനെക്കുറിച്ച് നേരിട്ട് സംസാരിക്കാം എന്ന് പറഞ്ഞെങ്കിലും നടന്നില്ല': അരുൺ പറയുന്നു.
അരുൺ രാഘവന്റെ കുറിപ്പിന്റെ പൂർണരൂപം
എല്ലാം നേടിക്കഴിഞ്ഞു, ബക്കറ്റ് ലിസ്റ്റിൽ ഇനിയൊന്നുമില്ല എപ്പോൾ മരിച്ചാലും ഞാൻ ഹാപ്പിയാണ്. വിമാനയാത്രയ്ക്കിടെ അപകടമുണ്ടായാലും നൃത്തം ചെയ്യുമെന്ന് പറഞ്ഞുകൊണ്ടാണ് പോഡ്കാസറ്റ് ഷൂട്ട് അദ്ദേഹം അവസാനിപ്പിച്ചത്. അരമണിക്കൂർ സംസാരിക്കാനിരുന്ന ഡോക്ടർ റോയ് ഒന്നര മണിക്കൂറോളം ജീവിതം പറഞ്ഞു.
ഇന്റർവ്യൂ എന്ന് അപ്ലോഡ് ചെയ്യുമെന്ന് ഇടക്കിടെ അന്വേഷിച്ച അദ്ദേഹം അപ്ലോഡ് ചെയ്ത ശേഷം സന്തോഷം അറിയിച്ചു. പക്ഷെ മണിക്കൂറുകൾക്കുള്ളിൽ അത് നീക്കം ചെയ്യണമെന്ന് അപേക്ഷിച്ചു. എന്നെ നിരാശനാക്കാതിരിക്കാൻ അദ്ദേഹം കാരണം പറഞ്ഞു. ഇഡി റെയ്ഡ് ഉണ്ട് വെറുതേ ഈ സമയത്ത് അത് കൊടുക്കേണ്ട, പറഞ്ഞാമത്രേ ഒഴിവാക്കി.
പിന്നീട് രണ്ടാഴ്ച കഴിഞ്ഞ് അദ്ദേഹം വിളിച്ചു കൊടുത്തോളു, വൈകിയതിൽ ക്ഷമിക്കണം എന്നുകൂടി പറഞ്ഞു. ഒക്കെ അല്ലേസർ എന്ന ചോദ്യത്തിന്, അറിയാലോ ഇഡി റെയ്ഡ് ചെയ്താലുള്ള പ്രശ്നങ്ങൾ എന്നു മാത്രം മറുപടി. അതിനെക്കുറിച്ച് നേരിട്ട് സംസാരിക്കാം എന്ന് പറഞ്ഞെങ്കിലും നടന്നില്ല.
അഭിമുഖം അപ്ലോഡ് ചെയ്ത് രണ്ടുമാസം പോലും തികഞ്ഞില്ല. ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. മാനസിക സംഘർഷത്തിനിടെ ആകുമോ അദ്ദേഹം ചിരിച്ചുകൊണ്ടു അന്ന് സംഭാഷണം പൂർത്തിയാക്കിയത്. ഈ പടം ഇങ്ങനെയൊരു അവസരത്തിൽ ഉപയോഗിക്കേണ്ടിവരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. ആദരാഞ്ജലികൾ ഡോക്ടർ സിജെ റോയ്.
Content Highlights: Journalist Arun Raghavan about CJ Roy asking to withdraw interview during ed raid