'ആര്‍ആര്‍ടിഎസ് പോസിബിള്‍ അല്ല, ഇലക്ഷന്‍ സ്റ്റണ്ട്'; കേരള സര്‍ക്കാര്‍ പദ്ധതിക്കെതിരെ ഇ ശ്രീധരന്‍

സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി സര്‍പ്രൈസായെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു

കോഴിക്കോട്: സര്‍ക്കാരിന്റെ ആര്‍ആര്‍ടിഎസ് പദ്ധതിക്കെതിരെ ഇ ശ്രീധരന്‍ രംഗത്ത്. പദ്ധതി സാങ്കേതികമായി പ്രായോഗികമല്ലെന്നും നടപ്പാക്കാന്‍ കഴിയില്ലെന്നും ശ്രീധരന്‍ പറഞ്ഞു. യഥാര്‍ത്ഥ ആര്‍ആര്‍ടിഎസ് താനാണ് കൊണ്ടുവന്നതെന്നും സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി സര്‍പ്രൈസായെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

അതിവേഗ റെയില്‍വെയുമായി താരതമ്യം ചെയ്യുമ്പോള്‍ ആര്‍ആര്‍ടിഎസ് ഒരു സിമ്പിള്‍ വേസ്റ്റ് ആണ്. കേരളത്തില്‍ പ്രായോഗികമല്ല. സര്‍ക്കാരിന് വേറെ ഉദ്ദേശ്യം ഉണ്ടോ എന്നറിയില്ല. അതിവേഗ റെയില്‍വേ എന്നത് ഇടതു സര്‍ക്കാര്‍ ആശയം തന്നെ ആണ്. അതിനാണ് ആദ്യം ജപ്പാനില്‍ നിന്ന് ആളെ കൊണ്ടുവന്നത്.

'സര്‍ക്കാര്‍ പദ്ധതിയില്‍ തിരുവനന്തപുരം മുതല്‍ ചെങ്ങന്നൂര്‍ വരെ പോകാനേ കഴിയൂ. മുഖ്യമന്ത്രിക്ക് ആരാണ് ഈ ഐഡിയ കൊടുത്തത് എന്നറിയില്ല. മുഖ്യമന്ത്രിയോട് അതിവേഗ റെയില്‍ പദ്ധതിയെക്കുറിച്ച് ആദ്യം സംസാരിച്ചിരുന്നു. അദ്ദേഹം ചര്‍ച്ചയില്‍ തൃപ്തി കാണിച്ചു. കേന്ദ്രത്തിന് കത്തെഴുതണമെന്ന് ഞാന്‍ പറഞ്ഞു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വന്ന് കാണുകയും ചെയ്തു. പക്ഷെ കത്തെഴുതാന്‍ മാത്രം സിഎം തയാറായില്ല. അങ്ങനെയാണ് ഞാന്‍ തന്നെ നേരിട്ട് ഇറങ്ങിയത്', ഇ ശ്രീധരന്‍ പറഞ്ഞു. ആര്‍ആര്‍ടിഎസ് തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.

തിരുവനന്തപുരം മുതൽ കാസര്‍കോട് വരെ 583 കിലോമീറ്റര്‍ ദൂരത്തില്‍ റാപ്പിഡ് റെയില്‍ ട്രാന്‍സിറ്റ് പദ്ധതിക്കാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. നാല് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിക്കായി സംസ്ഥാനത്തിന്റെ താല്‍പര്യം അറിയിച്ച് കേന്ദ്ര സര്‍ക്കാരിന് ഔപചാരികമായി കത്ത് അയക്കുന്നതിനും അതിനാവശ്യമായ കൂടിയാലോചനകള്‍ ആരംഭിക്കുവാനും ഗതാഗത വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തിയിരുന്നു.

ഡല്‍ഹി-മീററ്റ് ആര്‍ആര്‍ടിഎസ് മാതൃകയിലാണ് കേരളത്തിലും നടപ്പാക്കുക. മണിക്കൂറില്‍ 160-180 കിലോമീറ്റര്‍ വരെ വേഗം, കുറഞ്ഞ സ്‌റ്റേഷന്‍ ഇടവേള, ഉയര്‍ന്ന യാത്ര ശേഷി എന്നിവയാണ് പ്രത്യേകത.

Content Highlights: e sreedharan against rrts project by kerala government

To advertise here,contact us