ഇടുക്കി: ഇടുക്കി സൗത്ത് ബിജെപിയില് ഭിന്നത. പീരുമേട് മണ്ഡലം പ്രസിഡന്റ് സനീഷിനെ സ്ഥാനത്ത് നിന്ന് മാറ്റി. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രവര്ത്തനങ്ങളില് വീഴ്ച്ച വരുത്തിയതിനാലാണ് നടപടിയെന്നാണ് പാര്ട്ടിയുടെ വിശദീകരണം. എന്നാല് ജില്ലാ അധ്യക്ഷന് വി സി വര്ഗീസിനെതിരെ തുറന്നടിച്ച് മണ്ഡലം പ്രസിഡന്റ് സനീഷ് രംഗത്തെത്തി. മുഴുവന് ഏരിയ പ്രസിഡന്റുമാരെയും ജനറല് സെക്രട്ടറിമാരെയും നീക്കാന് പ്രസിഡന്റ് പറഞ്ഞെന്നും ഇത് ചെയ്യാത്തതിന്റെ പ്രതികാരത്തിലാണ് തന്നെ സ്ഥാനത്ത് നിന്ന് നീക്കിയതെന്നും സനീഷ് ആരോപിച്ചു. സനീഷിനെ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ 350ഓളം പ്രവര്ത്തകര് പാര്ട്ടി വിടാന് ഒരുങ്ങുകയാണെന്നും സൂചനയുണ്ട്.
ജനാധിപത്യ രീതിയില് വോട്ട് ചെയ്താണ് തന്നെ പാര്ട്ടിയുടെ പീരുമേട് മണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുത്തതെന്നും അതിന് ശേഷം പാര്ട്ടി പറയുന്ന കാര്യങ്ങള് കഴിവിന്റെ പരമാവധി ചെയ്തിരുന്നുവെന്നും സനീഷ് പറഞ്ഞു. എന്നാല് അതിനിടെയാണ് മുഴുവന് ഏരിയ പ്രസിഡന്റുമാരെയും ജനറല് സെക്രട്ടറിമാരെയും മാറ്റണമെന്ന് ജില്ലാ അധ്യക്ഷന് വി സി വര്ഗീസ് പറഞ്ഞത്. പക്ഷെ താന് അതിന് തയ്യാറായില്ല. വീണ്ടും നിര്ബന്ധിച്ചപ്പോള് സാര് കത്ത് തരികയാണെങ്കില് കോര് കമ്മിറ്റി കൂടി ഇക്കാര്യത്തില് തീരുമാനമുണ്ടാക്കാമെന്നും പറഞ്ഞിരുന്നുവെന്ന് സനീഷ് പറഞ്ഞു.
ജില്ലാ കോര് കമ്മിറ്റി അംഗങ്ങള് ജില്ലാ പ്രസിഡന്റുമാര് പോലും അറിയാതെയാണ് സംസ്ഥാന നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ച് തന്നെ സ്ഥാനത്ത് നിന്ന് മാറ്റിയത്. താന് പ്രവര്ത്തനങ്ങള് ചെയ്യുന്നില്ലെന്ന് സംസ്ഥാന നേതൃത്വത്തിന് വ്യാജ പരാതി നല്കി പുതിയ ആളെ മണ്ഡലം പ്രസിഡന്റായി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല് സംസ്ഥാന നേതൃത്വത്തിന്റെ കത്ത് ലഭിക്കുന്നത് വരെ താന് തന്നെ മണ്ഡലം പ്രസിഡന്റായി തുടരുമെന്നും സനീഷ് വ്യക്തമാക്കി.
അതേസമയം യാതൊരു പ്രതികാര നടപടിയുമുണ്ടായിട്ടില്ലെന്നും സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിന് പിന്നാലെയാണ് സനീഷിനെ നീക്കം ചെയ്തത് എന്നുമായിരുന്നു വി സി വര്ഗീസിന്റെ പ്രതികരണം. പ്രവര്ത്തനത്തിന് മുന്നിട്ടിറങ്ങാത്ത എല്ലാ നേതാക്കളെയും സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഒരാളെ ഒരു സ്ഥാനത്ത് നിന്ന് മാറ്റിയാല് മറ്റൊരു സ്ഥാനം നല്കും. ഉത്തരവാദിത്വങ്ങളില് ചെറിയ വ്യത്യാസങ്ങള് ഉണ്ടാകുമെന്നേയുള്ളു എന്ന് വി സി വര്ഗീസ് കൂട്ടിച്ചേര്ത്തു.
Content Highlight; Dissension in Idukki South BJP; Constituency President Saneesh removed from post