'നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുത്'; മന്ത്രി എ കെ ശശീന്ദ്രനെതിരെ പ്രമേയം

ശശീന്ദ്രന്‍ ഇത്തവണ മാറി മറ്റൊരാള്‍ക്ക് മത്സരിക്കാനുള്ള വഴിയൊരുക്കണമെന്നാണ് പാര്‍ട്ടിയിലെ ഒരുകൂട്ടം നേതാക്കളുടെ താത്പര്യം

കോഴിക്കോട്: മന്ത്രി എ കെ ശശീന്ദ്രനെതിരെ പ്രമേയം. കോഴിക്കോട്ടെ 13 മണ്ഡലം കമ്മിറ്റികളില്‍ പത്തിടത്തും പ്രമേയം പാസാക്കി. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നാണ് ആവശ്യം. എട്ടു തവണ മത്സരിക്കുകയും രണ്ടു തവണ മന്ത്രിയാവുകയും ചെയ്തു. ഇനി പിന്‍വാങ്ങണമെന്നാണ് ആവശ്യം. മത്സരിക്കുന്നതില്‍ ജില്ലാ കമ്മിറ്റിയില്‍ ഭിന്നത നില നില്‍ക്കുന്നതിനിടെയാണ് മണ്ഡലം കമ്മിറ്റികളുടെ പ്രമേയം.

ശശീന്ദ്രന്‍ ഇത്തവണ മാറി മറ്റൊരാള്‍ക്ക് മത്സരിക്കാനുള്ള വഴിയൊരുക്കണമെന്നാണ് പാര്‍ട്ടിയിലെ ഒരുകൂട്ടം നേതാക്കളുടെ താത്പര്യം. എന്നാല്‍ ഇതിന് അദ്ദേഹം തയ്യാറാവുന്നില്ലെന്നാണ് ജില്ലാ നേതാക്കള്‍ പറയുന്നത്. എലത്തൂരില്‍ ശശീന്ദ്രനെതിരെ ശക്തമായ പ്രാദേശിക വികാരമുണ്ടെന്നും ഇത്തവണയും അദ്ദേഹം തന്നെ മത്സരിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

ശശീന്ദ്രന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറിനില്‍ക്കണമെന്ന് എന്‍സിപി കോഴിക്കോട് ജില്ല അധ്യക്ഷന്‍ മുക്കം മുഹമ്മദ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. മത്സരിക്കുന്ന കാര്യം പാര്‍ട്ടി ദേശീയ നേതൃത്വം തീരുമാനിക്കുമെന്നായിരുന്നു എ കെ ശശീന്ദ്രന്‍ മറുപടി പറഞ്ഞത്.

1980 മുതൽ എ കെ ശശീന്ദ്രൻ മത്സര രംഗത്തുണ്ട്. ഏഴ് തെരഞ്ഞെടുപ്പുകളിൽ വിജയിച്ചു. പത്തുവർഷത്തോളം മന്ത്രിസ്ഥാനത്തും ഉണ്ടായി. പാർട്ടി പറഞ്ഞാൽ എലത്തൂർ മണ്ഡലത്തിൽ നിന്ന് ഇത്തവണയും മത്സരിക്കുമെന്നാണ് ശശീന്ദ്രന്റെ നിലപാട്.

Content Highlights: Demand that Minister A K Saseendran not contest the assembly elections

To advertise here,contact us