'ഇതൊന്നും ശരിയല്ല പൊലീസേ! കയ്യടികള്‍ക്കായി തരംതാഴരുത്, മാസ് വീഡിയോയ്ക്ക് പൂട്ടിടണം'; പരാതി

വീഡിയോ സമൂഹ മാധ്യമ അക്കൗണ്ടില്‍ നിന്നും നീക്കം ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു

കൊല്ലം: കൊല്ലത്ത് പൊലീസ് വാഹനം തകര്‍ത്ത കേസിലെ പ്രതി കരഞ്ഞ് മാപ്പപേക്ഷിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതില്‍ പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി. പെരുമ്പാവൂര്‍ സ്വദേശി അഡ്വ. ആഷിക് കരോത്ത് ആണ് പരാതി നല്‍കിയത്. മനുഷ്യാവകാശങ്ങളുടെയും മൗലികാവകാശങ്ങളുടെയും ലംഘനമാണ് പൊലീസ് നടപടിയെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. വീഡിയോ സമൂഹ മാധ്യമ അക്കൗണ്ടില്‍ നിന്നും നീക്കം ചെയ്യണമെന്നും പരാതിയില്‍ പറയുന്നു.

കൊല്ലം പത്തനാപുരം പിടവൂരില്‍ ക്ഷേത്രത്തിലായിരുന്നു ദേവന്‍ എന്ന സജീവന്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇതിനിടെ പൊലീസ് ജീപ്പുകള്‍പ്പെടെ തകര്‍ത്ത ദേവനെ തമിഴ്‌നാട്ടിലെ തേനിയില്‍ നിന്നും കേരള പൊലീസ് പിടികൂടുന്നതിന്റെ വീഡിയോ ഔദ്യോഗിക പേജില്‍ പൊലീസ് പങ്കുവെച്ചിരുന്നു. പ്രതി കരഞ്ഞ് മാപ്പുപറയുന്ന രീതിയില്‍ പൊലീസ് വീഡിയോ ചിത്രീകരിച്ചെന്നും മലയാള സിനിമയിലെ രംഗങ്ങളും ശബ്ദശകലങ്ങളും ചേര്‍ത്ത് ട്രോളുകള്‍ ഉണ്ടാക്കി പ്രചരിപ്പിക്കുകയും ചെയ്തത് ഒരാളുടെ അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്നുമാണ് പരാതിയില്‍ പറയുന്നു.

പ്രതി ഒളിച്ചിരിക്കുന്നുവെന്ന് പൊലീസ് പറയുന്ന വീടിന്റെ ഡോര്‍ ചവിട്ടിപൊളിച്ച് അകത്തുകയറുന്നതായി പൊലീസ് പ്രചരിപ്പിക്കുന്ന വീഡിയോയില്‍, നേരത്തെ തന്നെ ആ വീടിന്റെ ഉള്‍ഭാഗത്ത് മഫ്തിയിലുള്ള രണ്ടുപൊലീസുകാര്‍ ഉള്ളതായും പ്രതിയെ നേരത്തെ തന്നെ കീഴ്‌പ്പെടുത്തിയിരുന്നതായും കാണാം. ആ സാഹചര്യത്തില്‍ ഡോര്‍ ചവിട്ടിപ്പൊളിക്കേണ്ടതിന്റെ അനിവാര്യത എന്താണെന്ന് പൊലീസ് തന്നെ വിശദീകരിക്കണമെന്നും പരാതിയൂടെ ആവശ്യപ്പെടുന്നു. പൗരന്റെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ട പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ ആള്‍ക്കൂട്ട കയ്യടികള്‍ക്ക് വേണ്ടി ഇത്തരം തരംതാഴ്ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് നിയമവിരുദ്ധമാണെന്നും പരാതിക്കാരന്‍ പറയുന്നു.

പത്തനാപുരം പിടവൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സപ്താഹയജ്ഞത്തിന്റെ അന്നദാന കേന്ദ്രത്തില്‍ നായയുമായി എത്തി സജീവ് അതിക്രമം കാട്ടുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്ര ഉപദേശക സമിതി പത്തനാപുരം പൊലീസിനെ വിവരം അറിയിച്ചു. സ്ഥലത്ത് എത്തിയ പൊലീസ് സജീവിനെ വീട്ടിലേക്ക് പറഞ്ഞ് വിട്ടു. പൊലീസ് മടങ്ങിപ്പോയതിന് പിന്നാലെ സജീവ് വണ്ടിയുമായി വീണ്ടുമെത്തി സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും പൊലീസ് ജീപ്പ് അടക്കം അടിച്ചുതകര്‍ക്കുകയും വാഹനത്തിലുണ്ടായിരുന്ന പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആളറിയാതിരിക്കാന്‍ മുടിയും മീശയും താടിയും വെട്ടി, മൊബൈല്‍ ഫോണും ഉപേക്ഷിച്ച ശേഷമാണ് സജീവ് തമിഴ്‌നാട്ടിലേക്ക് കടന്നത്. തമിഴ്നാട്ടിലെ തെങ്കാശിയില്‍ നിന്നാണ് പത്തനാപുരം പൊലീസ് സജീവിനെ പിടികൂടിയത്.

Content Highlights: Complaint against Police over Mass videos of catching accussed pathanapuram

To advertise here,contact us