കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന സമ്മേളനത്തിന്റെ തീം സോങ്ങില് പാകിസ്താന് മുന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ചിത്രം ഉള്പ്പെടുത്തിയെന്ന എസ്എഫ്ഐയുടെ ആരോപണത്തിൽ പ്രതികരിച്ച് എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ്. എംഎസ്എഫ് ഔദ്യോഗികമായി ഇറക്കിയ പാട്ടുമായി ഒരു ബന്ധവുമില്ലാത്ത കാര്യമാണ് എസ്എഫ്ഐ പറയുന്നത്. തങ്ങൾക്ക് ഇമ്രാൻ ഖാനുമായി ഒരു ബന്ധവുമില്ലെന്നും സി കെ നജാഫ് പറഞ്ഞു. എസ്എഫ്ഐ ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുകയാണെന്നും എസ്എഫ്ഐയുടെ നീക്കം സമൂഹത്തിനെ മുഴുവൻ അപകീർത്തിപ്പെടുത്തുന്ന നിലയിലുള്ളതാണെന്നും നജാഫ് പറഞ്ഞു.
തങ്ങളുടെ പാട്ടിൽ ഇല്ലാത്ത ഒരു ഇമ്രാൻ ഖാൻ എങ്ങനെ വന്നു?. എസ്എഫ്ഐ വർഗീയ താൽപര്യത്തോടെ പ്രചരിപ്പിക്കുന്നതാണിത്. തങ്ങളുടെ ഔദ്യോഗിക പേജിൽ വരാത്ത ഒരു പാട്ടാണിത്. ഈ സ്ക്രീൻ ഷോട്ട് എവിടെ നിന്ന് വന്നുവെന്ന് പരിശോധിക്കപ്പെടണം. വ്യാജ പ്രചാരണത്തിനെതിരെ പരാതി നൽകുമെന്നും നജാഫ് പറഞ്ഞു. എസ്എഫ്ഐയുടെ പുതിയ കാലത്ത് വന്ന മാറ്റമാണിതെന്നും നജാഫ് കൂട്ടിച്ചേർത്തു.
എംഎസ്എഫ് സംസ്ഥാന സമ്മേളനത്തിന്റെ തീം സോങ്ങില് പാകിസ്താന് മുന്പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ചിത്രം ഉള്പ്പെടുത്തിയത് ചോദ്യം ചെയ്ത് എസ്എഫ്ഐയായിരുന്നു രംഗത്തെത്തിയത്. എംഎസ്എഫിന് ഇമ്രാൻ ഖാനോടുള്ള പ്രതിബദ്ധത എന്താണെന്നും മതരാഷ്ട്രവാദം ഉയര്ത്തിയും മനുഷ്യരെ മതത്തിന്റെ പേരില് കൊന്നൊടുക്കുകയും ചെയ്യുന്ന പാക്കിസ്താന് നേതാവിനോട് പി കെ നവാസിനും സംഘത്തിനും എന്തു ബന്ധമാണുള്ളതെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ചോദിച്ചിരുന്നു.
നമ്മുടെ രാജ്യത്തെയും മതനിരപേക്ഷ ബോധത്തെയും നിരന്തരം ആക്രമിക്കുന്ന ആര്എസ്എസിന്റെ തീവ്ര ദേശീയതയ്ക്ക് ഇന്ത്യയില് വളരാന് സഹായകമാകുന്ന നിലപാടെടുത്ത ഇമ്രാന് ഖാന് ആണോ നവാസിന്റെ ഹീറോയെന്നും സഞ്ജീവ് ആഞ്ഞടിച്ചു. സംഭവം ചർച്ചയായതോടെ സമൂഹ്യ മാധ്യമങ്ങളിൽ നിന്ന് വീഡിയോ എംഎസ്എഫ് ഡിലീറ്റ് ചെയ്തിരുന്നു. കെ എം സീതി സാഹിബ്, സി എച്ച് മുഹമ്മദ് കോയ തുടങ്ങിയവരെല്ലാമുള്ള പാട്ടിലാണ് ഇമ്രാൻ ഖാനും ഇടം പിടിച്ചത്. ഇത് എംഎസ്എഫ്ന്റെ ഗ്രൂപ്പുകളിൽ ഉൾപ്പെടെ ചർച്ചയാതോടെ പിൻവലിക്കുകയായിരുന്നു.
Content Highlight : CK Najaf stated, We have no connection with Imran Khan; this song is not on MSF's official page.