കൊച്ചി: 'സീറോ ഡെബ്റ്റ്' എന്നാതായിരുന്നു സി ജെ റോയ്യുടെ കോൺഫിഡൻ്റ് ഗ്രൂപ്പിൻ്റെ പോളിസി. കോടികളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തപ്പോഴും ഒരു ലോൺ പോലുമില്ലാതെ മുന്നോട്ട് പോകാൻ കഴിഞ്ഞതിനെക്കുറിച്ച് റോയ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ലോൺ ഇല്ലാതെ വിജയകരമായി പടുത്തുയർത്തിയ ബിസിനസ് സാമ്രാജ്യത്തെക്കുറിച്ച് സി ജെ റോയ് വ്യക്തമാക്കിയത്.
'സ്വപ്നങ്ങളാണ് ഞങ്ങൾ വിൽക്കുന്നത്. പല ആളുകൾക്കും സ്വപ്നമാണ് വീട്. അതൊരു ജീവിതകാല സമ്പാദ്യം കൂടിയാണ്. അതിനാൽ തന്നെ ഒരു ബിൽഡറായ ഞാനൊരു ലോൺ എടുത്താൽ അതിൻ്റെ സുരക്ഷിതത്വം എന്താണ് എന്നതായിരുന്നു കോൺഫിഡൻ്റ് ഗ്രൂപ്പ് തുടങ്ങുമ്പോഴുള്ള ആദ്യത്തെ ചോദ്യം. നമ്മൾ ചെയ്യുന്ന പ്രൊജക്ടിലൊന്നും ലോൺ ഉണ്ടായിരിക്കാൻ പാടില്ല. നാളെ റിസഷനും ബൂമുമൊക്കെ സംഭവിക്കാവുന്നതാണ് നമ്മുടെ സമ്പദ്വ്യവസ്ഥ. ലോണുണ്ടെങ്കിൽ റിസെഷൻ വരുമ്പോൾ മാനേജ് ചെയ്യാൻ ബുദ്ധിമുട്ടാണ്. അപ്പോൾ നമ്മൾ വിറ്റ സ്വപ്നം എന്താകും. അതു കൊണ്ടാണ് നിർമ്മാണത്തിനായോ പ്രൊജക്ടിനായോ ലോൺ എടുക്കാത്തത്. ആ സ്വപ്ന ഭവനം കൃത്യമായി കൈമാറണം. എന്ത് റിസെഷൻ വന്നാലും ഒരു പദ്ധതി പോലും മുടങ്ങരുതെന്നായിരുന്നു ലോൺ എടുക്കരുതെന്ന നിലപാടിന് പിന്നിൽ. രണ്ട് തവണ റിസെഷൻ വന്നപ്പോഴും ഒരു പദ്ധതി പോലും നിർത്തി വെയ്ക്കേണ്ടി വരാത്ത് സീറോ ഡെബ്റ്റ് പോളിസി കൊണ്ടാണെന്നായിരുന്നു അഭിമാന പൂർവ്വമുള്ള റോയ്യുടെ വെളിപ്പെടുത്തൽ.
ലോണില്ല, റീപേയ്മെൻ്റ് ഇല്ല, നിക്ഷേപകരില്ല, പ്രൈവറ്റ് ഇക്വിറ്റിയോ പ്രൈവറ്റ് ഫണ്ടോ ഇല്ലായെന്ന് അഭിമാനത്തോടെ പറയുന്ന ബിസിനസ്സുകാർ അപൂർവ്വമാണ്. സി ജെ റോയ് ഇത്തരത്തിൽ അപൂർവ്വമായ കാഴ്ചപ്പാടുകൾ കൂടി വെച്ചുപുലർത്തിയിരുന്ന ബിസിനസുകാരനായിരുന്നു. ലോൺ കിട്ടില്ലെന്ന് വിചാരിച്ചാൽ മതി അപ്പോൾ ബിസിനസ് തുടങ്ങിയാൽ മറ്റ് സാധ്യതകൾ തേടുമെന്നതാണ് ലോണില്ലാതെ മുന്നോട്ടു പോകാനുള്ള ടിപ്പായി റോയ് ചൂണ്ടിക്കാണിച്ചത്.
ഇന്ന് ഉച്ചയോടെയാണ് റോയ് ജീവനൊടുക്കുന്നത്. രാവിലെയോടെ ആദായ വകുപ്പ് ഉദ്യോഗസ്ഥര് കോണ്ഫിഡന്റ് ഗ്രൂപ്പിന്റെ അശോക് നഗറിലുള്ള കോര്പ്പറേറ്റ് ഓഫീസില് പരിശോധനയ്ക്ക് എത്തിയിരുന്നു. രണ്ട് മണിയോടെ റോയ് ഓഫീസിലേയ്ക്ക് എത്തി. ഇതിന് പിന്നാലെ ആദായ വകുപ്പ് ഉദ്യോഗസ്ഥര് റോയ്യെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. തുടര്ന്ന് റോയ്യോട് ചില രേഖകള് ഹാജരാക്കാന് ആദായ വകുപ്പ് ഉദ്യോഗസ്ഥര് ആവശ്യപ്പെട്ടു. എന്നാല് ഒരു മണിക്കൂര് കഴിഞ്ഞിട്ടും റോയ് രേഖകള് ഹാജരാക്കിയില്ല. തുടര്ന്ന് സ്വന്തം ഉടമസ്ഥതയിലുള്ള തോക്ക് ഉപയോഗിച്ച് റോയ് സ്വയം നിറയൊഴിക്കുകയായിരുന്നു. ആദായ വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നില്വെച്ചായിരുന്നു റോയ് നിറയൊഴിച്ചത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റോയ്യെ ആദായ നികുതി ഉദ്യോഗസ്ഥര് തന്നെയാണ് ബെംഗളൂരുവിലെ നാരായണ ആശുപത്രിയില് പ്രവേശിപ്പിച്ചത്. ആശുപത്രിയില് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണര് അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. റോയ്യുടെ മൃതദേഹം നിലവില് നാരായണ ആശുപത്രിയില് സൂക്ഷിച്ചിരിക്കുകയാണ്.
തൃശൂര് സ്വദേശിയാണ് റോയ്. കേരളം, കര്ണാടക, തമിഴ്നാട് ഉള്പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി റിയല് എസ്റ്റേറ്റ് മേഖലയില് സജീവ സാന്നിധ്യമായിരുന്നു സി ജെ റോയ്. റിയല് എസ്റ്റേറ്റ് കൂടാതെ ഹോസ്പിറ്റാലിറ്റി, ഏവിയേഷന്, എന്റര്ടെയ്ന്മെന്റ്, വിദ്യാഭ്യാസം, ഗോള്ഫിംഗ്, റീട്ടെയില്, ഇന്റര്നാഷണല് ട്രേഡിങ്ങ് (ബില്ഡിംഗ് മെറ്റീരിയല്സ്) തുടങ്ങിയ മേഖലകളിലും സി ജെ റോയ് സജീവ സാന്നിധ്യമായിരുന്നു. റിയല് എസ്റ്റേറ്റ് പ്രോജക്റ്റുകള് നടപ്പിലാക്കുമ്പോള് 'സീറോ ഡെബിറ്റ്' (കടരഹിത) നയം സ്വീകരിച്ചിരുന്നു. അറബ് ലോകത്തെ ഇന്ത്യന് ബിസിനസുകാരുടെ ഫോബ്സ് പട്ടികയില് 14-ാം സ്ഥാനത്ത് എത്തിയിരുന്നു. കോണ്ഫിഡന്റ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആസ്ഥാനം ബെംഗളൂരുവിലും അന്താരാഷ്ട്ര ആസ്ഥാനം ദുബായിലുമാണ്.
കോളജ് വിദ്യാഭ്യാസത്തിന് ശേഷം സ്വിറ്റ്സര്ലന്ഡിലെ എസ്ബിഎസ് ബിസിനസ് സ്കൂളില് നിന്ന് റോയ് ബിസിനസ് അഡ്മിനിസ്ട്രേഷനില് ഡോക്ടറേറ്റ് നേടിയിരുന്നു. ബഹുരാഷ്ട്ര കമ്പനിയായ എച്ച്പിയിലെ ജോലി രാജിവച്ചാണ് ബിസിനസിലേക്ക് ഇറങ്ങിയത്. 2006ല് തുടക്കമിട്ട കോണ്ഫിഡന്റ് ഗ്രൂപ്പ് കേരളത്തിലും ബെംഗളൂരുവിലും റിയല് എസ്റ്റേറ്റ് പ്രോജക്ടുകള് നടപ്പിലാക്കിയാണ് വളര്ന്നത്. തുടര്ന്ന് ഹോസ്പിറ്റാലിറ്റി, ഏവിയേഷന്, എന്റര്ടെയ്ന്മെന്റ്, വിദ്യാഭ്യാസം, റീട്ടെയില് തുടങ്ങിയ രംഗങ്ങളിലേക്കും പ്രവര്ത്തനം വ്യാപിപ്പിക്കുകയായിരുന്നു. സിനിമാ നിര്മാണ രംഗത്തും സജീവമായിരുന്നു. ജീവകാരുണ്യ പ്രവര്ത്തനങ്ങളിലും തല്പരനായിരുന്നു സി ജെ റോയ്.
Content Highlights: Discover how Dr. C J Roy, founder of Confident Group, built a massive real estate and business empire in India and beyond without taking any loans. From zero-debt projects to becoming a top developer in Bangalore, Kerala, and Dubai