തിരുവനന്തപുരം: നേമത്ത് മത്സരിക്കാന് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വെല്ലുവിളിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്കുട്ടി. വെറുതെ പ്രസംഗപീഠങ്ങളില് ഇരുന്ന് വാചകകസര്ത്ത് നടത്തിയാല് സംഘപരിവാര് വിരുദ്ധത തെളിയിക്കാനാവില്ലെന്നും സംഘപരിവാര് രാഷ്ട്രീയത്തെ മുട്ടുകുത്തിക്കാന് ആര്ജ്ജവമുണ്ടെങ്കില് പ്രതിപക്ഷ നേതാവിനെ നേമത്ത് മത്സരിക്കാന് ക്ഷണിക്കുന്നുവെന്നും വി ശിവന്കുട്ടി പറഞ്ഞു. യഥാര്ത്ഥ പോരാട്ടം എങ്ങനെയാണ് എന്ന് നേമത്ത് കണ്ടതാണെന്നും സതീശന് മത്സരിച്ചാലും ഇല്ലെങ്കിലും നേമത്ത് ക്ലോസ് ചെയ്ത ബിജെപിയുടെ അക്കൗണ്ട് തുറക്കാന് ഇടതുപക്ഷം അനുവദിക്കില്ലെന്നും വി ശിവന്കുട്ടി വ്യക്തമാക്കി.
സംഘപരിവാറിനെതിരെ പോരാടുന്ന വലിയ യോദ്ധാവായി സ്വയം ചമയാന് പ്രതിപക്ഷ നേതാവ് നടത്തുന്ന ശ്രമങ്ങള് കൗതുകകരമാണെന്നും ബിജെപിയോടുളള മൃദുസമീപനവും കോണ്ഗ്രസിന്റെ നിലപാടില്ലായ്മയും കേരളീയ പൊതുസമൂഹത്തിന് കൃത്യമായി ബോധ്യമുളളതാണെന്നും ശിവന്കുട്ടി പറഞ്ഞു. കേരളത്തിന്റെ മണ്ണില് ബിജെപി തുറന്ന ഏക അക്കൗണ്ട് ക്ലോസ് ചെയ്തത് ഇടതുപക്ഷത്തിന്റെ വിട്ടുവീഴ്ച്ചയില്ലാത്ത രാഷ്ട്രീയ പോരാട്ടമായിരുന്നുവെന്നും വി ഡി സതീശന് ശരിക്കും സംഘപരിവാര് വിരുദ്ധനാണെങ്കില് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില് ബിജെപി ഒരിക്കല് വിജയിച്ച നേമം മണ്ഡലത്തില് യുഡിഎഫ് സ്ഥാനാര്ത്ഥിയായി മത്സരിക്കാന് അദ്ദേഹം തയ്യാറാകണമെന്നും ശിവന്കുട്ടി പറഞ്ഞു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാക്കുകളേക്കാള് നിലപാടുകള് പ്രവൃത്തിയിലൂടെ തെളിയിക്കാനുളള ആര്ജ്ജവമാണ് ഒരു നേതാവിന് വേണ്ടതെന്നും വെല്ലുവിളികള് ഏറ്റെടുക്കാന് ധൈര്യമുണ്ടെങ്കില് വര്ഗീയതയ്ക്കെതിരെയുളള പോരാട്ടത്തിന് കരുത്ത് പകരാന് അദ്ദേഹം ക്ഷണം സ്വീകരിക്കുമെന്നാണ് താന് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വി ശിവന്കുട്ടി പറഞ്ഞു. പ്രതിപക്ഷ നേതാവ് മത്സരിച്ചാലും ഇല്ലെങ്കിലും നേമത്ത് ക്ലോസ് ചെയ്ത ബിജെപിയുടെ അക്കൗണ്ട് തുറക്കാന് ഇടതുപക്ഷം അനുവദിക്കില്ലെന്നും വിജയിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്ത്ഥിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
Content Highlights: V Sivankutty Challenge VD Satheesan to Contest from nemom constituency