'സാംസ്കാരിക കേരളമേ, കണ്ണ് തുറക്കാൻ ഇനിയും 'കൊറിയർ' വരേണ്ടതുണ്ടോ?';ക്ഷണക്കത്ത് വൈകിയതിനെ പരിഹസിച്ച് ഷമ്മി തിലകൻ

സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണത്തിൽ പങ്കെടുക്കാനുള്ള ക്ഷണക്കത്ത് വൈകി ലഭിച്ചതിനെ പരിഹസിച്ച് ഷമ്മി തിലകൻ

കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണത്തിൽ പങ്കെടുക്കാനുള്ള ചലച്ചിത്ര അക്കാദമിയുടെ ക്ഷണക്കത്ത് വൈകി ലഭിച്ചതിനെ പരിഹസിച്ച് നടൻ ഷമ്മി തിലകൻ. 25ന് നടന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരത്തിന്റെ ക്ഷണക്കത്ത് ഷമ്മി തിലകന് ഇന്നാണ് ലഭിച്ചത്. അടുത്ത വർഷത്തെ ചടങ്ങിനുള്ള ക്ഷണം ഇപ്പോഴേ അയച്ചിട്ടേക്കൂ എന്നും സാംസ്‌കാരിക കേരളം കണ്ണ് തുറക്കാൻ ഇനിയും കൊറിയർ വരേണ്ടതുണ്ടോ എന്നും ഷമ്മി തിലകൻ പരിഹസിച്ചു. വിളിക്കാത്ത സദ്യയ്ക്ക് ഉണ്ണാൻ പോകുന്നത് നമ്മുടെ ശീലമല്ല എന്നത് മുൻകൂട്ടി കണ്ട്, ചടങ്ങ് കഴിഞ്ഞ് മാത്രം വിളിക്കുന്ന ഈ 'അഡ്വാൻസ്ഡ്' ബുദ്ധിയെ സമ്മതിച്ചു തന്നേ പറ്റു എന്നും ഷമ്മി തിലകൻ ഫേസ്ബുക്കിൽ കുറിച്ചു.

ജനുവരി 25നായിരുന്നു സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം നടന്നത്. എന്നാൽ ഇന്ന് വൈകുന്നേരം അഞ്ചരയ്ക്കാണ് ഷമ്മി തിലകന് ചടങ്ങിനുള്ള ക്ഷണക്കത്ത് ലഭിച്ചത്. തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് ഒരു കൊറിയർ എത്താൻ നാല് ദിവസം പിടിക്കില്ല. അപ്പോൾ ചടങ്ങ് കഴിഞ്ഞ് കത്തയച്ച സാംസ്കാരിക വകുപ്പിന്റെ ആ 'സമയനിഷ്ഠ'യെ എങ്ങനെയാണ് പ്രശംസിക്കേണ്ടത് എന്ന് ഷമ്മി തിലകൻ ചോദിച്ചു. സമയം എന്ന മഹാപ്രവാഹത്തിനെ തടയിടാൻ ആർക്കും കഴിയില്ല എന്ന വലിയ തത്വം ചലച്ചിത്ര അക്കാദമി എന്നെ ഓർമ്മിപ്പിക്കുകയാണോ എന്നും ഷമ്മി തിലകൻ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സമയം കഴിഞ്ഞ് എത്തിയ 'മഹനീയ' സാന്നിധ്യം!

സംഭവം കൗതുകകരമാണ്. 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു. ജനുവരി 25-ന് ഞായറാഴ്ച വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് ആഘോഷമായി തന്നെ അത് നടന്നു കഴിഞ്ഞു.

പക്ഷേ, എന്റെ 'മഹനീയ സാന്നിധ്യം' അവിടെ വേണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടുള്ള അക്കാദമിയുടെ സ്നേഹനിർഭരമായ ക്ഷണക്കത്ത് എന്റെ കൈകളിൽ എത്തുന്നത് ഇന്നാണ്—ജനുവരി 29 വ്യാഴാഴ്ച വൈകുന്നേരം 5.30-ന്!അതായത്, അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി നാല് ദിവസം കഴിഞ്ഞു എന്ന് ചുരുക്കം.

തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് ഒരു കൊറിയർ എത്താൻ നാല് ദിവസം പിടിക്കില്ലെന്ന് നമുക്കെല്ലാവർക്കും അറിയാം. അപ്പോൾ പിന്നെ ചടങ്ങ് കഴിഞ്ഞ് 26-നോ 27-നോ കത്തയച്ച സാംസ്കാരിക വകുപ്പിന്റെ ആ 'സമയനിഷ്ഠ'യെ എങ്ങനെയാണ് പ്രശംസിക്കേണ്ടത്? ഇതിനെ സാംസ്കാരിക വകുപ്പ് മന്ത്രിയുടെ അനാസ്ഥ എന്നോ കൊറിയർ കമ്പനിയുടെ കുറ്റം എന്നോ ആരോപിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മറിച്ച്, ഇതിലെ 'ആർട്ട്' ആണ് ഞാൻ ശ്രദ്ധിക്കുന്നത്!

ചില നിരീക്ഷണങ്ങൾ: "വിളിക്കാത്ത സദ്യയ്ക്ക് ഉണ്ണാൻ പോകുന്നത് നമ്മുടെ ശീലമല്ല" എന്നത് മുൻകൂട്ടി കണ്ട് ചടങ്ങ് കഴിഞ്ഞു മാത്രം വിളിക്കുന്ന ഈ 'അഡ്വാൻസ്ഡ്' ബുദ്ധിയെ സമ്മതിച്ചു തന്നേ പറ്റു. 'സമയം എന്ന മഹാപ്രവാഹത്തിന് തടയിടാൻ ആർക്കും കഴിയില്ല' എന്ന വലിയ തത്വം ചലച്ചിത്ര അക്കാദമി എന്നെ ഓർമ്മിപ്പിക്കുകയാണോ? അതോ, ചരിത്രം നടന്നുകൊണ്ടിരിക്കുമ്പോൾ അതിൽ പങ്കെടുക്കുന്നതിനേക്കാൾ നല്ലത്, അത് ചരിത്രമായ ശേഷം ആ ചടങ്ങിലേക്ക് ക്ഷണിക്കപ്പെടുന്നതാണോ?

പരാതികളില്ല, പരിഭവങ്ങളുമില്ല. പക്ഷേ ഒരു ചെറിയ സംശയം മാത്രം ബാക്കി നിൽക്കുന്നു. അടുത്ത വർഷത്തെ അവാർഡ് ദാന ചടങ്ങിനുള്ള ക്ഷണം കൂടി ഇപ്പോഴേ അയച്ചു വിട്ടാൽ, ഒരുപക്ഷേ ചടങ്ങ് കഴിയുന്നതിന് മുൻപെങ്കിലും അത് എന്റെ കയ്യിൽ കിട്ടുമായിരുന്നില്ലേ?

സാംസ്കാരിക കേരളമേ, നിങ്ങളിത് കാണുന്നുണ്ടോ? അതോ കണ്ണ് തുറക്കാൻ ഇനിയും 'കൊറിയർ' വരേണ്ടതുണ്ടോ?

നന്ദി, ഷമ്മി തിലകൻ

Content Highlights: shammy thilakan teases on late arrival of film awards invitation, against chalachithra academy

To advertise here,contact us