തിരുവനന്തപുരം: സംസ്ഥാന ബജറ്റില് തദ്ദേശ സ്ഥാപനങ്ങള്ക്ക് കരുതല്. കേരള ഖരമാലിന്യ സംസ്കരണത്തിനായി നഗരതദ്ദേശ സ്ഥാപനങ്ങള്ക്ക് 160 കോടി രൂപ അനുവദിച്ചു.
തദ്ദേശ സ്ഥാപനങ്ങള്ക്കുള്ള പണം കണ്ടെത്താന് ലോക്കല് ബോര്ഡ് ഓഫ് ഫിനാന്സ് രൂപീകരിക്കും. തദ്ദേശ സ്ഥാപനങ്ങള്ക്ക് വായ്പ എടുക്കാന് സംവിധാനം ഒരുക്കും. വലിയ പദ്ധതികൾ നടപ്പിലാക്കാൻ മുൻസിപ്പാലിറ്റികൾക്കും കോർപ്പറേഷനുകൾക്കുംമുൻസിപ്പൽ ബോണ്ടുകൾ പുറപ്പെടുവിക്കാം. തദ്ദേശ സ്ഥാപനങ്ങളിലെ മെമ്പര്മാരുടെയും കൗണ്സിലര്മാരുടെയും ഓണറേറിയം വര്ദ്ധിപ്പിക്കും. ഏപ്രില് മുതല് പ്രാബല്യത്തില്. പ്രാദേശിക സര്ക്കാരുകളിലെ അംഗങ്ങള്ക്ക് ക്ഷേമനിധി.
2026-27 ലെ സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 28.5 ശതമാനം വരുന്ന 10,189 കോടി രൂപ പ്രാദേശിക സര്ക്കാരുകളുടെ വികസന ഫണ്ടായി നീക്കിവെയ്ക്കും.പ്രാദേശിക സര്ക്കാരുകളിലെ മുന് ജനപ്രതിനിധികള്ക്ക് ക്ഷേമനിധി ഏര്പ്പെടുത്തുമെന്ന് മന്ത്രി കെ എന് ബാലഗോപാല്. 2026-27 വര്ഷത്തിലേക്ക് 250 കോടി സമാഹരിക്കും. പദ്ധതിയിലേക്ക് പ്രാദേശിക സര്ക്കാരിനും പണമടയ്ക്കാം.
കേരളത്തിനെതിരായ കേന്ദ്ര അവഗണന എണ്ണിപ്പറഞ്ഞാണ് കെ എന് ബാലഗോപാലിന്റെ അവസാന ബജറ്റ് പ്രസംഗം. കേരളത്തെ ശ്വാസംമുട്ടിക്കാന് അവസാനകാലത്തും കേന്ദ്രം ശ്രമിക്കുന്നതായി കെ എന് ബാലഗോപാല് പറഞ്ഞു. കേന്ദ്രത്തിന്റെ സാമ്പത്തിക അവഗണനക്കെതിരായ കടുത്ത പ്രതിഷേധം ബജറ്റ് പ്രസംഗത്തിലൂടെ രേഖപ്പെടുത്തുന്നുവെന്ന് ബാലഗോപാല് സൂചിപ്പിച്ചു. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം ചരിത്രത്തില് ഇല്ലാത്ത രീതിയില് കവര്ന്നെടുക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Content Highlights: Kerala budget 2026 local body welfare funds for former representatives