തിരുവനന്തപുരം: ആശാ വര്ക്കര്മാരെയും അങ്കണവാടി ഹെല്പ്പര്മാരെയും ചേര്ത്ത് പിടിച്ച് രണ്ടാം പിണറായി സര്ക്കാരിന്റെ ആറാമത്തേതും അവസാനത്തേതുമായ ബജറ്റ്. അങ്കണവാടി വര്ക്കര്മാരുടെ പ്രതിമാസ വേതനത്തിൽ 1,000 രൂപയുടെ വർധനവ് പ്രഖ്യാപിച്ചു. ഹെല്പ്പര്മാരുടെ പ്രതിമാസ വേതനത്തില് 500 രൂപയുടെ വര്ധനവും വരുത്തും. ആശാ വര്ക്കര്മാരുടെ ഓണറേറിയത്തില് 1,000 രൂപ വര്ധിപ്പിക്കുമെന്ന് ബജറ്റില് പ്രഖ്യാപിച്ചു.
പ്രീപൈമറി സ്കൂള് അധ്യാപകരുടെ പ്രതിമാസ വേതനം 1,000 രൂപയും സ്കൂള് പാചകത്തൊഴിലാളികളുടെ ദിവസവേതനത്തില് 25 രൂപയും വര്ധിപ്പിക്കും. സാക്ഷരതാ പ്രേരകുമാരുടെ പ്രതിമാസ വേതനവും ആയിരം രൂപയായി വര്ധിപ്പിക്കുമെന്നും ബജറ്റില് പ്രഖ്യാപിച്ചു. 2026-27 വര്ഷത്തേക്കുള്ള ക്ഷേമപെന്ഷന് വിതരണത്തിനായി 14, 500 കോടി രൂപ വകയിരുത്തുമെന്ന് മന്ത്രി ബജറ്റില് പ്രഖ്യാപിച്ചു.
48,383.83 കോടി രൂപ രണ്ടാം പിണറായി സര്ക്കാര് ഇതുവരെ ക്ഷേമ പെന്ഷനായി നല്കിയെന്ന് മന്ത്രി പറഞ്ഞു. ഈ സര്ക്കാര് കാലാവധി പൂര്ത്തിയാകുമ്പോഴേക്കും 54,000 കോടി രൂപ ക്ഷേമപെന്ഷനായി നല്കുമെന്നും മന്ത്രി വ്യക്തമാക്കി. 62 ലക്ഷം ജനങ്ങള്ക്ക് മുടക്കമില്ലാതെ എല്ലാ മാസവും രണ്ടായിരം രൂപ നല്കിയെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.
ഓട്ടോറിക്ഷ ടാക്സി തൊഴിലാളികള്ക്ക് ഗ്രൂപ്പ് ഇന്ഷുറന്സ് പദ്ധതിയും സര്ക്കാര് പ്രഖ്യാപിച്ചു. കേന്ദ്ര സര്ക്കാര് തൊഴിലുറപ്പ് പദ്ധതിയില് മാറ്റങ്ങള് വരുത്തിയ സാഹചര്യത്തിലും പദ്ധതി നല്ല രീതിയില് മുന്നോട്ട് കൊണ്ടു പോകുമെന്ന് കെ എന് ബാലഗോപാല് പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിക്ക് 1,000 കോടി രൂപ സംസ്ഥാന വിഹിതമായി അധികം അനുവദിച്ചുവെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി. പ്രാദേശിക സര്ക്കാരുകളിലെ മുന് ജനപ്രതിനിധികള്ക്ക് ക്ഷേമനിധി ഏര്പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. 2026-27 വര്ഷത്തിലേക്ക് 250 കോടി സമാഹരിക്കും. പദ്ധതിയിലേക്ക് പ്രാദേശിക സര്ക്കാരിനും പണമടയ്ക്കാമെന്ന് മന്ത്രി വ്യക്തമാക്കി.
Content Highlights: Kerala Budget 2026 finance minister K N Balagopal announce wage rise for Asha and Anganvadi workers