വി എസിന്റെ ഓര്‍മയ്ക്ക്; 20 കോടി രൂപയുടെ സെന്റര്‍ സ്ഥാപിക്കും

നിരവധി ജനപ്രിയ പ്രഖ്യാപനങ്ങളാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദന്റെ ഓര്‍മയ്ക്കായി വി എസ് സെന്റര്‍ സ്ഥാപിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. ഇതിനായി 20 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. നിരവധി ജനപ്രിയ പ്രഖ്യാപനങ്ങളാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് മാതൃകാപരമായ ടൗണ്‍ഷിപ്പ് ഒരുങ്ങുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. മുണ്ടക്കൈയില്‍ ഫെബ്രുവരി മൂന്നാം വാരത്തോടെ ആദ്യഘട്ട വീടുകള്‍ കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശിക സര്‍ക്കാരുകളിലെ മുന്‍ ജനപ്രതിനിധികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തും. 2026-27 വര്‍ഷത്തിലേക്ക് 250 കോടി രൂപ സമാഹരിക്കും. പദ്ധതിയിലേക്ക് പ്രാദേശിക സര്‍ക്കാരിനും പണമടയ്ക്കാമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.

തങ്ങളുടെ പ്രശ്‌നം മതമല്ലെന്നും എരിയുന്ന വയറിന്റെ തീയാണ് പ്രശ്‌നമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരുലക്ഷത്തിലധികം മനുഷ്യരെ അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചെന്നും ഇതിനോട് ചേര്‍ത്ത് മന്ത്രി കൂട്ടിച്ചേര്‍ത്തു. ലോകത്ത് ചൈന കഴിഞ്ഞാല്‍ ആദ്യമായാണ് ഒരു സര്‍ക്കാര്‍ അതിദാരിദ്ര്യ നിര്‍മാര്‍ജനം നടപ്പാക്കുന്നതെന്നും ധനകാര്യ മന്ത്രി ചൂണ്ടിക്കാണിച്ചു.

ക്ഷേമ പെന്‍ഷന് ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ച സര്‍ക്കാരാണിതെന്നും മന്ത്രി പറഞ്ഞു. ക്ഷേമ പ്രവര്‍ത്തനത്തിനായി അര ട്രില്ല്യന്‍ ചെലവഴിച്ച ആദ്യ സര്‍ക്കാരാണ് പിണറായി വിജയന്‍ സര്‍ക്കാരെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ആദ്യത്തെ എല്‍ഡര്‍ലി ബജറ്റാണിതെന്നും അരലക്ഷം കോടി രൂപ ക്ഷേമപെന്‍ഷനായി നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ അവഗണന ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം.

Content Highlights: Kerala Budget 2026, government announce 20 crore for V S Achuthanandan s memorial

To advertise here,contact us