കൊല്ലം: സ്കൂളിന് മുകളിലൂടെ കടന്നുപോയിരുന്ന വൈദ്യത കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് അടച്ചുറപ്പുള്ള വീടായി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ആണ് വീട് നിർമിച്ചുനൽകിയത്. ആറ് മാസം കൊണ്ട് 20 ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നിർമിച്ചത്. വീടിന്റെ താക്കോൽദാനം ശനിയാഴ്ച നടക്കും.
കുട്ടികളിൽ നിന്ന് ഒരു രൂപ പോലും പിരിവ് വാങ്ങാതെയാണ് വീടിൻ്റെ നിർമാണം പൂർത്തിയാക്കിയത്. മുഴുവൻ തുകയും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അസോസിയേഷനാണ് സമാഹരിച്ചത്. 1000 സ്ക്വയർ ഫീറ്റിലാണ് വീട് നിർമിച്ചിരിക്കുന്നത്. തന്റെ കുടിലിന്റെ ചുമരിൽ സ്വപ്നവീടിന്റെ ഒരു ചിത്രം മിഥുൻ വരച്ചിരുന്നു. ആ വീടാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്.
ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന താക്കോൽദാന പരിപാടി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഉദ്ഘാടനം ചെയ്യുക. ധനമന്ത്രി കെ എൻ ബാലഗോപാലാണ് താക്കോൽ കൈമാറുക. മിഥുന്റെ മരണത്തിന് പിന്നാലെ കുടുംബത്തിന് വീട് നിർമിച്ചുനൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി ഉറപ്പ് നൽകിയിരുന്നു.
ഇക്കഴിഞ്ഞ ജൂലൈയിലായിരുന്നു നാടിനെ ഒന്നാകെ സങ്കടത്തിലാഴ്ത്തി മിഥുന്റെ മരണം. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു മിഥുൻ. സ്കൂളിലെ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ കയറിയപ്പോഴാണ് മിഥുൻ ഷോക്കേറ്റ് മരിച്ചത്. പിന്നാലെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിക്ക് വീഴ്ച്ചയുണ്ടായെന്ന് വൈദ്യുത വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. തറയിൽ നിന്ന് ലൈനിലേക്കും സൈക്കിൾ ഷെഡിലേക്കും സുരക്ഷാ അകലം പാലിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തിരുന്നു. കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതായി സസ്പെൻഷൻ ഉത്തരവിൽ പറഞ്ഞിരുന്നു. സംഭവത്തില് തേവലക്കര ബോയ്സ് ഹൈസ്കൂൾ മാനേജ്മെന്റിനെതിരെ കേസും എടുത്തിരുന്നു.
Content Highlights: The family of Mithun, who tragically died from an electric shock at a school, has been given a house by the government as a mark of compensation and support