പട്ടി കയറാതിരിക്കാനാണ് ഗേറ്റ് പൂട്ടിയതെങ്കിൽ സെക്യൂരിറ്റിയെ വെച്ചാൽ പോരെ; വിളപ്പിൽശാല വിഷയം സഭയിൽ

ബിസ്മിറിന്‍റെ ഭാര്യയുമായി ഇതുവരെ ആരോഗ്യവകുപ്പിന്റെ ഒരു അന്വേഷണ സംവിധാനവും ബന്ധപ്പെട്ടിട്ടില്ലെന്ന് വിഷ്ണുനാഥ്

തിരുവനന്തപുരം: വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ വൈകിയതിനെ തുടർന്ന് ബിസ്മിർ എന്ന യുവാവ് മരിച്ചെന്ന ആരോപണത്തിൽ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം. പി സി വിഷ്ണുനാഥ് എംഎൽഎയാണ് പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാന ആരോഗ്യവകുപ്പിനെതിരെ രൂക്ഷ വിമർശനങ്ങളാണ് വിഷ്ണുനാഥ് സഭയിൽ ഉന്നയിച്ചത്.

ബിസ്മിറിന് ശ്വാസതടസം നേരിട്ടപ്പോൾ ഏറ്റവും എളുപ്പത്തിൽ ഭാര്യ വിളപ്പിൽശാലയിലെ ആശുപത്രിയിൽ അദ്ദേഹത്തെ എത്തിച്ചിരുന്നു. അവിടെ ചെല്ലുമ്പോൾ ആശുപത്രി ഗ്രിൽ ഇട്ട് പൂട്ടിയിരിന്നു. മൂന്ന് പൂട്ട് ഇട്ടാണ് ഇത് പൂട്ടിയിരുന്നത്. വയ്യാത്ത അദ്ദേഹം കരഞ്ഞുകൊണ്ടാണ് തനിക്ക് രണ്ട് പിഞ്ചു കുഞ്ഞുങ്ങളാണെന്നും രക്ഷിക്കണമെന്നും വിളിച്ചു പറഞ്ഞത്. എന്തിനാണ് ആശുപത്രി പൂട്ടിയിടുന്നത് എന്ന ചോദ്യത്തിന് ഡോക്ടർ പറഞ്ഞത് പട്ടി വരും സ്ത്രീ ജീവനക്കാരുണ്ട് എന്നെല്ലാമാണ്. അതിന് ഒരു സെക്യൂരിറ്റിയെ വെച്ചാൽ പോരെ. ബിസ്മിറിന്‍റെ ഭാര്യയുമായി സംസാരിച്ചിരുന്നു. ഇതുവരെ ആരോഗ്യവകുപ്പിന്റെ ഒരു അന്വേഷണ സംവിധാനവും അവരെ ബന്ധപ്പെട്ടിട്ടില്ല. അവരുടെ മൊഴിയോ വിശദീകരണമോ ഇല്ലാതെ പിന്നെ എന്തു റിപ്പോർട്ട് ആണ് ആരോഗ്യ വകുപ്പ് തയ്യാറാക്കിയതെന്നും പി സി വിഷ്ണുനാഥ് ചോദിച്ചു.

പാലക്കാട് നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ കൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവവും വിഷ്ണുനാഥ് സഭയിൽ പരാമർശിച്ചു. ആശുപത്രിയിലെത്തിച്ചപ്പോൾ ഉണ്ടായിരുന്ന തന്‍റെ കൈ എവിടെ പോയി എന്നാണ് ആ കുട്ടി ചോദിക്കുന്നത്. ആ കുഞ്ഞിന് എന്ത് മറുപടിയാണ് നമ്മൾ നൽകുക. ഇവരെല്ലാം സിസ്റ്റത്തിന്റെ ഇരകളാണെന്നും വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.

ഇത് മാത്രമല്ല ഇത്തരം നിരവധി കേസുകളാണ് ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യുന്നത്. ഇത്തരത്തിൽ ചികിത്സാ പിഴവ് നേരിട്ട മറ്റൊരു വ്യക്തിയാണ് ഹർഷിന. ഒരു വാഗ്ദാനവും പാലിക്കപ്പെടാത്തതിനാൽ ഹർഷിന ആരോഗ്യ മന്ത്രിയുടെ വസതിക്കുമുന്നിൽ സമരം ആരംഭിച്ചിരിക്കുകയാണ്. റിപ്പോർട്ട് തേടൽ മാത്രമാണ് ആരോഗ്യ വകുപ്പിൽ നടക്കുന്നത്. സർക്കാർ നടപടി എടുക്കണമെന്ന് തങ്ങൾ ഇനി പറയില്ല. ഈ സർക്കാരിനെതിരെ നടപടിയെടുക്കാൻ ജനങ്ങൾ തയ്യാറായിക്കഴിഞ്ഞു. സിസ്റ്റം കൊന്നതാണ് കൊല്ലത്തെ വേണു അടക്കമുള്ള രോഗികളെയെന്നും പി സി വിഷ്ണുനാഥ് ആരോപിച്ചു.

കേരളത്തിലെ ആരോഗ്യ മേഖലയുടെ നേട്ടങ്ങൾ മറച്ചുവെക്കാൻ വേണ്ടിയുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമാണിതെന്ന് മറുപടി പ്രസംഗത്തിൽ ഡി കെ മുരളി എംഎൽഎ പറഞ്ഞു. യുഡിഎഫ് ഭരിച്ച കാലം കൂടി കേരളത്തിൽ ഉണ്ടായിരുന്നു എന്നത് പ്രതിപക്ഷം മറക്കരുത്. 2015 ൽ ചികിത്സ കിട്ടാത്തത് കൊണ്ട് നിഖിൽ എന്ന രോഗി മരിച്ചുവെന്ന് അന്നത്തെ ആരോഗ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. ചികിത്സ ലഭിക്കാതെ മരിച്ചത് യുഡിഎഫ് സർക്കാരിന്റെ കാലത്താണ്. വിളപ്പിൽശാലയിൽ രണ്ടു മിനിറ്റിനകം രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിനിറ്റുകളുടെ വ്യത്യാസത്തിൽ രോഗിയെ ഡോക്ടർ കണ്ടു. മനുഷ്യസാധ്യമായതല്ലേ ചെയ്യാൻ കഴിയൂ.ചാനലിൽ വാർത്ത വരുന്നതുവരെ ഒരു പരാതിയും വന്നില്ല. ചില മാധ്യമങ്ങൾ മരണത്തെ പോലും രാഷ്ട്രീയവൽക്കരിക്കുയാണ്. ആരോഗ്യമന്ത്രിയെ കാലങ്ങളായി ലക്ഷ്യം വയ്ക്കുകയാണെന്നും ഡി കെ മുരളി പറഞ്ഞു.

അധികാരം പിടിക്കുന്നതിനുവേണ്ടി കള്ളപ്രചാരവേലകൾ കൊണ്ടുവരുന്നു എല്ലാ കാലത്തും ചികിത്സയ്ക്കിടയിലും ആശുപത്രിയിലും വെച്ച് മരണങ്ങൾ ഉണ്ടായിട്ടുണ്ട്. പിഴവുകൾ വന്നാൽ തിരുത്തുകയും കണ്ടെത്തുകയും വേണം. ഈ കാലത്ത് മാത്രം നടക്കുന്ന മഹാസംഭവം ആണ് എന്ന രീതിയിൽ എടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights:‌ Vilappilsala medical negligence allegation; The emergency resolution presented congress leader P C Vishnunadh MLA in Niyamasabha

To advertise here,contact us