'ഏറ്റവുമധികം വിലക്കയറ്റം നേരിടുന്ന സംസ്ഥാനമാണ് കേരളം, വേറെ ആർക്കും ഒന്നാം സ്ഥാനം കൊടുക്കില്ലെന്ന വാശി'

'ഇന്ത്യയില്‍ ഏറ്റവുമധികം വിലക്കയറ്റം നേരിടുന്ന സംസ്ഥാനമാണ് കേരളം, അതില്‍ മറ്റാര്‍ക്കും ഒന്നാം സ്ഥാനം കൊടുക്കില്ലെന്ന വാശിയാണ്'

തിരുവനന്തപുരം: ഇന്ത്യയില്‍ ഏറ്റവുമധികം വിലക്കയറ്റം നേരിടുന്ന സംസ്ഥാനമാണ് കേരളമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിലക്കയറ്റത്തില്‍ വേറെ ഒരു സംസ്ഥാനത്തിനും ഒന്നാം സ്ഥാനം കൊടുക്കില്ലെന്ന വാശിയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. പെന്‍ഷന്‍ 2500 രൂപയാക്കാം എന്ന് പറഞ്ഞിട്ട് നാലെ മുക്കാല്‍ വര്‍ഷമായിട്ടും അനങ്ങിയോ എന്നും തെരഞ്ഞെടുപ്പിന് ഒരാഴ്ച്ച മുന്‍പ് 400 രൂപ കൂട്ടുകയാണ് ചെയ്തതെന്നും വി ഡി സതീശന്‍ പ്രതികരിച്ചു. പെന്‍ഷന്‍ കൂട്ടുമെന്ന് പറഞ്ഞ് വോട്ട് ചെയ്ത ജനങ്ങളെ എല്‍ഡിഎഫ് സര്‍ക്കാര്‍ പറ്റിച്ചുവെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. നിയമസഭയിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

സര്‍ക്കാരിന്റെ ധനസ്ഥിതി പരിതാപകരമാണ്. നിലവിലുള്ള പ്ലാനുകള്‍ പോലും നടപ്പിലാക്കാന്‍ കഴിയുന്നില്ല. 50% പ്ലാനുകള്‍ പോലും തീര്‍ത്തിട്ടില്ല. കേന്ദ്രം നല്‍കാനുള്ള പണത്തിന്റെ കണക്ക് ഇപ്പോള്‍ പറയുന്നില്ല എന്നും പി എം ശ്രീയില്‍ ഒപ്പിട്ട് രഹസ്യമായി എല്ലാം തീര്‍ത്തോ എന്നും വി ഡി സതീശന്‍ ചോദിച്ചു. എല്‍ഡിഎഫിന്റെ സമരത്തിന്റെ കൂടെയിരിക്കാന്‍ യുഡിഎഫിനെ കിട്ടില്ല. നിങ്ങള്‍ക്ക് പല സമയങ്ങളിലും കേന്ദ്രവുമായി സെറ്റില്‍മെന്റ് ഉണ്ടായിരിക്കാം. ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിപിഐഎമ്മിന്റെ മൂന്ന് നേതാക്കള്‍ ജയിലില്‍ കിടക്കുകയാണ്. സംഘടനാപരമായി എന്തെങ്കിലും നടപടിയെടുത്തോ. നടപടിയെടുത്താല്‍ വേറെ ആളുകളുടെ പേര് പറയുമോ എന്ന പേടിയാണ് എല്‍ഡിഎഫിനെന്നും എസ്‌ഐടി കുറ്റപത്രം നല്‍കാതെ സ്വാഭാവിക ജാമ്യം നല്‍കുന്ന സ്ഥിതി ഇപ്പോള്‍ നിലവില്‍ വന്നിട്ടുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. എല്ലാം ചര്‍ച്ച ചെയ്യുമെന്ന് പറഞ്ഞ സര്‍ക്കാര്‍ പയ്യന്നൂര്‍ ഫണ്ട് തട്ടിപ്പ് ചര്‍ച്ച ചെയ്‌തോ എന്നും ശബരിമല സ്വര്‍ണക്കൊള്ള ചര്‍ച്ച ചെയ്‌തോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

യുഡിഎഫിന്റെ കാലത്തെ ആരോഗ്യമന്ത്രിയുടെ ആസ്തി കൂടിയെന്ന വീണാ ജോര്‍ജിന്റെ പരാമര്‍ശത്തിലും വി ഡി സതീശന്‍ പ്രതികരിച്ചു. ആരോഗ്യമന്ത്രിയെക്കുറിച്ചുള്ള വീണാ ജോര്‍ജിന്റെ പരാമര്‍ശങ്ങളെല്ലാം തെറ്റാണെന്നും അത് സഭാ രേഖകളില്‍ നിന്ന് ഒഴിവാക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

കേരളം ഭരിക്കുന്നത് ഇടതല്ല, ഇത് തീവ്ര വലതുപക്ഷ സര്‍ക്കാരാണെന്നും ഇടത് മുന്നണി കൂടുമ്പോഴെങ്കിലും നിങ്ങള്‍ അത് ചോദിക്കണം. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് തെറ്റായ കാര്യങ്ങള്‍ നടക്കുമ്പോള്‍ തങ്ങള്‍ അത് ചോദ്യം ചെയ്ത് തിരുത്തിയിട്ടുണ്ട്. അതിനുള്ള ധൈര്യം നിങ്ങള്‍ക്ക് ഇല്ലാതെ പോയി. അത്തരത്തില്‍ തെറ്റ് ചൂണ്ടിക്കാണിക്കാന്‍ ശ്രമിക്കുമ്പോള്‍ എല്‍ഡിഎഫ് അംഗങ്ങളുടെ മുട്ട് കൂട്ടിയിടിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

സംഘപരിവാര്‍ വര്‍ഗീയത ഇളക്കുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. അത് അവരുടെ രീതിയാണ്. എല്‍ഡിഎഫും സംഘപരിവാറിന്റെ പാതയില്‍ സഞ്ചരിച്ചാലോ. എ കെ ബാലന്റെയും സജി ചെറിയാന്റെയും പരാമര്‍ശം രാഷ്ട്രീയ നിലപാടാണോ എന്നും അത് വര്‍ഗീയത ഉയര്‍ത്തുന്ന പരാമര്‍ശമാണെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാണിച്ചു. കേരളത്തില്‍ ഇടതുപക്ഷം നശിക്കണമെന്ന് ആഗ്രഹിക്കുന്നവരല്ല കോണ്‍ഗ്രസ്. ഇടതുപക്ഷം ആര്‍എസ്എസിന്റെ പാതയിലേക്ക് പോകരുത്. നമ്മുടെ കൊച്ചുമക്കളുടെ തലമുറ വളര്‍ന്ന് വരുന്നുണ്ട്. ഇവര്‍ക്ക് സമാധാനപരമായി ജീവിക്കാനുള്ള അന്തരീക്ഷം ഉണ്ടാക്കേണ്ടതുണ്ട്. അതിന് നമുക്കൊരു ഇച്ഛാശക്തിയും തീരുമാനവുമുണ്ടാകണമെന്നും വി ഡി സതീശന്‍ പ്രതികരിച്ചു.

യുഡിഎഫിന്റെ സമരത്തെക്കുറിച്ച് എത്ര മോശം പ്രസ്താവനയാണ് നടത്തിയതെന്ന് വി ഡി സതീശന്‍ ചോദിച്ചു. സോണിയാ ഗാന്ധി തങ്ങളുടെ പ്രിയപ്പെട്ട നേതാവാണ്. ഞങ്ങള്‍ക്ക് മാതൃതുല്യയായ നേതാവ്. അവരെക്കുറിച്ച് പറഞ്ഞപ്പോള്‍ വേദനയുണ്ടായി. കയ്യില്‍ കെട്ടിയ ചരട് ശബരിമലയിലെ സ്വര്‍ണമാണെന്ന് പറഞ്ഞ് അധിക്ഷേപിച്ചു. തന്റെ ഭാഗത്തുനിന്ന് പറഞ്ഞത് കുറച്ച് കടന്നുപോയി എന്നത് സത്യമാണ്. സഭ അലങ്കോലമാക്കിയ ആള്‍ ഉപദേശിക്കാന്‍ വരേണ്ടെന്നാണ് പറഞ്ഞത്. മോശമായി ഒന്നും പറയുകയോ അധിക്ഷേപിക്കുകയോ ചെയ്തിട്ടില്ല. അധിക്ഷേപം നടത്തിയിട്ടില്ലെങ്കിലും ശിവന്‍കുട്ടി സോണിയയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ പിന്‍വലിച്ചാല്‍ താനും പ്രസ്താവന പിന്‍വലിക്കാന്‍ തയ്യാറാണെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

Content Highlight; Opposition Leader VD Satheesan says Kerala is the state facing the highest inflation in India

To advertise here,contact us