സ്ത്രീധനം നൽകുന്നത് കുറ്റകരമല്ലാതാക്കാൻ ശുപാർശയുണ്ടെന്ന് സംസ്ഥാനം; സത്യവാങ്മൂലം നൽകണമെന്ന് കേന്ദ്രത്തോട് കോടതി

ഫെബ്രുവരി 11നകം ഇക്കാര്യത്തിൽ സത്യവാങ്മൂലം നൽകാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി

കൊച്ചി: സ്ത്രീധനം നൽകുന്നത് കുറ്റകരമാക്കുന്ന വ്യവസ്ഥ സ്ത്രീധന നിരോധന നിയമത്തിൽനിന്ന് ഒഴിവാക്കാൻ കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ ചെയ്തതായി സംസ്ഥാന സർക്കാർ. ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. 1961ലെ സ്ത്രീധന നിരോധന നിയമത്തിലെ സ്ത്രീധനം നൽകുന്നത് കുറ്റമായി കണക്കാക്കുന്ന വകുപ്പുകൾ ഇല്ലാതാക്കണമെന്നാണ് കമ്മീഷൻ ശുപാർശ നൽകിയിട്ടുള്ളത്.

സ്ത്രീധനത്തെ വരനോ വരന്റെ കുടുംബമോ ആവശ്യപ്പെടുന്ന സ്വത്തോ സെക്യൂരിറ്റിയോ ആയി കാണണമെന്നും അതേസമയം, ഇത് ആവശ്യപ്പെടുന്നത് കുറ്റകരമാക്കണമെന്നുമാണ് ശുപാർശയിൽ പറയുന്നത്. സ്ത്രീധനം വാങ്ങുന്നവർക്ക് തടവുശിക്ഷ അടക്കം നൽകാനും നിയമ കമ്മീഷൻ ശുപാർശ ചെയ്യുന്നു.

സ്ത്രീധനം നൽകുന്നവരെയും കുറ്റക്കാരായി കണക്കാക്കുന്നതിനാൽ സ്ത്രീധനനിരോധന നിയമം കാര്യക്ഷമമായി നടപ്പാക്കാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശിനി നൽകിയ ഹർജിയിലാണ് ഇക്കാര്യം സർക്കാർ അറിയിച്ചത്. വിഷയം വീണ്ടും പരിഗണിക്കുന്ന ഫെബ്രുവരി 11നകം ഇക്കാര്യത്തിൽ സത്യവാങ്മൂലം നൽകാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി.

Content Highlights:‌ The state government informed the High Court that the Law Reform Commission has recommended making the act of giving dowry non-criminal

To advertise here,contact us