ഐക്യം പിരിച്ചത് 'പത്മ'; ഇടപെടല്‍ ശുദ്ധമല്ല? NDA പ്രമുഖന്‍ എത്തിയതോടെ തരികിട തോന്നി: ജി സുകുമാരന്‍ നായര്‍

ഐക്യം സംബന്ധിച്ച് പുനര്‍വിചിന്തനം ഇല്ലെന്നും സുകുമാരന്‍ നായര്‍

കൊച്ചി: എസ്എന്‍ഡിപി യോഗം, എന്‍എസ്എസ് ഐക്യവുമായി മുന്നോട്ട് പോകുന്നില്ലെന്ന് പെട്ടെന്ന് തീരുമാനിക്കാന്‍ 'പത്മ' അവാര്‍ഡും കാരണമായെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എന്‍എസ്എസുമായി എസ്എന്‍ഡിപി യോഗം ചര്‍ച്ച നടത്തുമെന്ന് പറഞ്ഞതിന് ശേഷം പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചാല്‍ സംശയം തോന്നാതിരിക്കുന്നത് എങ്ങനെയെന്ന് ജി സുകുമാരന്‍ നായര്‍ ചോദിക്കുന്നു. എന്‍ഡിഎ പ്രമുഖന്‍ കൂടി ചര്‍ച്ചയ്ക്ക് വരുമ്പോള്‍ എന്തോ തരികിട തോന്നി. പിന്നാലെ തങ്ങള്‍ തീരുമാനം മാറ്റിയെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

'ഐക്യ ചര്‍ച്ചയ്ക്ക് ജനറല്‍ സെക്രട്ടറി തന്നെയാണോ വരേണ്ടതെന്ന് തീരുമാനിക്കേണ്ടത് അവരാണ്. ആശയം അവരുടേതാണല്ലോ. രണ്ട് പ്രബല ഹൈന്ദവ സംഘടനകള്‍ എന്നനിലയില്‍ ഐക്യത്തെ സ്വാഗതം ചെയ്തു. യോജിക്കാവുന്ന മേഖലകളില്‍ യോജിക്കാം. എന്‍എസ്എസിന്റെ അടിസ്ഥാനമൂല്യങ്ങള്‍ക്ക് കോട്ടം വരാത്തവിധം യോജിക്കാം എന്നാണ് കരുതിയത്. 21 ന് യോഗം ചേരും എന്ന് അവര്‍ പറഞ്ഞു. 21 ന് യോഗം ചേര്‍ന്നു. എന്നിട്ട് ഒത്തുതീര്‍പ്പിന് നമ്മളുമായി സംസാരിക്കാന്‍ വിടുന്നത് ബിജെപി മുന്നണിയുടെ നേതാവിനെയാണ്. അതിനിടെ കേന്ദ്രത്തിന്റെ അംഗീകാരം അദ്ദേഹത്തിന് കിട്ടുന്നു. അത്ര ശുദ്ധമല്ല ഇടപെടല്‍ എന്ന് തോന്നി', ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

വെള്ളാപ്പള്ളിക്ക് പത്മഭൂഷണ്‍ പുരസ്‌കാരം കിട്ടിയത് തെറ്റിപ്പോയി എന്ന് പറയുന്നില്ല. ഐക്യം സംബന്ധിച്ച് പുനര്‍വിചിന്തനം ഇല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഐക്യത്തെ ആദ്യം സ്വാഗതം ചെയ്തിരുന്നു. പിന്നീടാണ് ഇത് വെള്ളാപ്പള്ളി ബിജെപിയുമായി ചേര്‍ന്നുനടത്തുന്ന നീക്കമായി തോന്നിയത്. എന്‍എസ്എസിന് സമദൂരമാണ്. അത് തെറ്റിച്ച് ഒരു പോക്കുമില്ലെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

അതേസമയം, എൻഎസ്എസിന്‍റെ പിന്മാറ്റത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദമുണ്ടെന്നാണ് എസ്എന്‍ഡിപിയുടെ വിലയിരുത്തല്‍. എന്‍എസ്എസ് ഐക്യത്തിന് തയ്യാറല്ലെങ്കില്‍ മറ്റ് സാമുദായിക സംഘടനകളുമായി ചേര്‍ന്ന് മുന്നോട്ട് പോകുമെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. ക്രൈസ്തവ സംഘടനകളോ മറ്റേതെങ്കിലും സാമുദായിക സംഘടനകളോ സംഭവത്തില്‍ അനുകൂല പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല എന്നതും എസ്എന്‍ഡിപിക്ക് മുന്നില്‍ നില്‍ക്കുന്ന വലിയ വെല്ലുവിളിയാണ്.

Content Highlights: SNDP NSS Unity breaks padma bhushan award reveals G sukumaran Nair

To advertise here,contact us