തിരുവനന്തപുരം: ശബരിമല സ്വര്ണ്ണക്കൊള്ളക്കേസില് തിരുവാഭരണം മുന് കമ്മീഷണര് കെ എസ് ബൈജു, സ്മാര്ട്ട് ക്രിയേഷന്സ് സിഇഒ പങ്കജ് ഭണ്ഡാരി, ജ്വല്ലറി ഉടമ ഗോവര്ദ്ധന്, മുന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര് ശ്രീകുമാര് എന്നിവരെ 14 ദിവസത്തേയ്ക്ക് കൂടി റിമാന്ഡ് ചെയ്തു. പ്രതികളെ കൊല്ലം വിജിലന്സ് കോടതിയില് ഹാജരാക്കിയിരുന്നു. തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹര്ജി പരിഗണിക്കുന്നത് ഫെബ്രുവരി മൂന്നിലേക്ക് മാറ്റിയിട്ടുണ്ട്. കട്ടിള പാളി കേസിലാണ് മൂന്നാം തീയതി വാദം കേള്ക്കുക. ദ്വാരപാലക ശില്പകേസില് തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്ന് വിജിലന്സ് കോടതിയില് സമര്പ്പിച്ചു. തന്ത്രിക്കായി മുതിര്ന്ന അഭിഭാഷകന് കെ രാമന്പിള്ള ഓണ്ലൈനായി ഹാജരായി.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിലേക്കും കേന്ദ്രീകരിക്കുകയാണ് എസ്ഐടി. തിരുവനന്തപുരം പൊലീസ് ക്ലബ്ബിൽ വെച്ച് പ്രശാന്തിന്റെ മൊഴിയെടുത്തു. സാമ്പത്തിക ഇടപാടുകളുടെ രേഖകൾ, യാത്രാവിവരങ്ങൾ തുടങ്ങിയവ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ കേസിൽ താൻ നേതൃത്വം നൽകിയിരുന്ന ബോർഡിനെയും ഉദ്യോഗസ്ഥരെയും കുടുക്കാൻ ബോധപൂർവ്വമായ നീക്കം നടത്തുന്നുവെന്നായിരുന്നു ദിവസങ്ങൾക്കു മുൻപ് പി എസ് പ്രശാന്ത് ആരോപിച്ചത്. തന്റെ ഭരണകാലത്ത് സ്വർണപ്പാളികൾ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തയച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് ചെന്നൈയിലേക്ക് കൊണ്ടുപോയതെന്നും പ്രശാന്ത് പറഞ്ഞിരുന്നു.
Content Highlights: remand period of four accused extended in sabarimala gold robbery case