കടലക്കറിയില്‍ സയനൈഡ്, ഭർത്താവിനേയും കൊന്ന ജോളി: കൂടത്തായി കേസില്‍ ഡിവൈഎസ്പി ഹരിദാസിന്‍റെ വിസ്താരം തുടങ്ങുന്നു

ഒരു സാക്ഷിയെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്

കോഴിക്കോട്: കൂടത്തായി കേസിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്താരം ഇന്ന് തുടങ്ങും. റോയ് മാത്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ഡിവൈഎസ്പി ഹരിദാസിനെ എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിസ്തരിക്കും. ഇതിനോടകം എല്ലാ സാക്ഷികളെയും പ്രോസിക്യൂഷന്‍ വിസ്തരിച്ച് കഴിഞ്ഞു. ഒരു സാക്ഷിയെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.

കേസിലെ ഒന്നാം പ്രതി ജോളി 2011-ല്‍ തന്റെ ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കൂടത്തായി കൊലപാതക പരമ്പര കേസില്‍ ആദ്യം വിചാരണ തുടങ്ങിയത് ഈ കേസിലാണ്. ഈ കേസിലെ വിചാരണ ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്.

അതേസമയം, റോയ് തോമസിന്റെ മരണകാരണം സയനൈഡ് തന്നെയെന്ന ഡോക്ടറുടെ മൊഴി നേരത്തെ കോഴിക്കോട് പ്രത്യേക വിചാരണ കോടതി രേഖപ്പെടുത്തിയിരുന്നു. ഫോറന്‍സിക് സര്‍ജന്‍  ഡോ. കെ പ്രസന്നനാണ് മൊഴി നല്‍കിയത്. റോയിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുടെ സംശയത്തെത്തുടര്‍ന്നാണ് രാസപരിശോധന നടത്തിയത് എന്നും മൊഴിയില്‍ പറഞ്ഞിരുന്നു. കടലക്കറിയില്‍ സയനൈഡ് കലർത്തി നല്‍കിയാണ് റോയ് തോമസിനെ ജോളി കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍.

2019ലാണ് കേരളത്തെ നടുക്കിയ കൊലപാതകങ്ങളുടെ വിവരം പുറത്തു വന്നത്. കൂടത്തായി പൊന്നാമറ്റം തറവാട്ടില്‍ 2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതോടെയാണ് ജോളിയും കൂടത്തായിയും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.

റിട്ട. അധ്യാപികയായ അന്നമ്മ തോമസിന്റേതായിരുന്നു ആദ്യ കൊലപാതകം. ആട്ടിന്‍ സൂപ്പ് കഴിച്ചതിന് പിന്നാലെ അന്നമ്മ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. പിന്നീട് അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസും മകന്‍ റോയ് തോമസും സമാന സാഹചര്യത്തില്‍ മരിച്ചു. പിന്നാലെ അന്നമ്മയുടെ സഹോദരന്‍ എം എം മാത്യു, ടോം തോമസിന്റെ സഹോദരന്റെ മകന്‍ ഷാജുവിന്റെ ഒരു വയസ്സുള്ള മകള്‍ ആല്‍ഫൈന്‍, ഷാജുവിന്റെ ഭാര്യ ഫിലി എന്നിവരും മരിച്ചു.

ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജിന്റെ റിപ്പോര്‍ട്ട് വഴിത്തിരിവായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആറു മരണങ്ങളും കൊലപാതകമെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

Content Highlights: koodathai case main investigating officer examination begins today

To advertise here,contact us