റിപ്പബ്ലിക് ദിന പരേഡ്:കേരളത്തിന്റെ ടാബ്ലോയ്ക്ക് മൂന്നാം സ്ഥാനം;മെഡൽ പട്ടികയിൽ ഇടം നേടുന്നത് 12വർഷങ്ങൾക്ക് ശേഷം

കൊച്ചി വാട്ടര്‍ മെട്രോയും ഡിജിറ്റല്‍ സാക്ഷരതയിലെ നൂറു ശതമാനം നേട്ടവും എടുത്തു കാട്ടിയതാണ് കേരളത്തിന്റെ ടാബ്ലോ

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ ടാബ്ലോയ്ക്ക് മൂന്നാം സ്ഥാനം. കൊച്ചി വാട്ടര്‍ മെട്രോയും ഡിജിറ്റല്‍ സാക്ഷരതയിലെ നൂറു ശതമാനം നേട്ടവും എടുത്തു കാട്ടിയതാണ് കേരളത്തിന്റെ ടാബ്ലോ. 12 വര്‍ഷത്തിന് ശേഷമാണ് കേരളം റിപ്പബ്ലിക് ദിന പരേഡില്‍ മെഡല്‍ പട്ടികയില്‍ ഇടം നേടുന്നത്.

ജെ എസ് ചൗഹാന്‍ ആന്‍ഡ് അസോസിയേറ്റ്‌സിന്റെ റോയ് ജോസഫാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് നല്‍കിയ ആശയമനുസരിച്ച് കേരള ടാബ്ലോയുടെ ഫാബ്രിക്കേഷന്‍ ജോലികള്‍ നിര്‍വഹിച്ചത്. മോഹന്‍ സിതാരയാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. ഐ ആന്‍ഡ് പിആര്‍ഡി ഡെപ്യൂട്ടി ഡയറക്ടര്‍ വി ആര്‍ സന്തോഷാണ് ഗാനരചയിതാവ്. കെ എ സുനിലാണ് ആലാപനം. 16 ഓളം കലാകാരന്മാര്‍ അണിനിരന്ന ടാബ്ലോയായിരുന്നു കേരളത്തിന്റേത്.

17 സംസ്ഥാനങ്ങളാണ് ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനത്തില്‍ കര്‍ത്തവ്യപഥില്‍ ടാബ്ലോ അവതരിപ്പിച്ചത്. അഞ്ച് ഘട്ടങ്ങളിലായി നടന്ന സ്‌ക്രീനിങ്ങിലൂടെയാണ് കേരളം ടാബ്ലോ അവതരണത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്.

കേരളത്തിന് പുറമേ അസം, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, നാഗാലാന്‍ഡ്, ഒഡീഷ, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളായ പുതുച്ചേരിയും ജമ്മു കശ്മീരും വിവിധ മന്ത്രാലയങ്ങളുമാണ് ടാബ്ലോ അവതരിപ്പിച്ചത്.

Content Highlights: Kerala’s tableau won third place in the Republic Day Parade 2026, showcasing the state’s rich culture and heritage

To advertise here,contact us