കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള അർഹരായ സ്ത്രീകൾക്ക് സാമൂഹ്യ സുരക്ഷാ പദ്ധതി ആനുകൂല്യം, തടസങ്ങൾ നീക്കാൻ സർക്കാർ

അവിവാഹിതരായ 50 വയസില്‍ കൂടുതല്‍ ഉള്ള സ്ത്രീകളില്‍ ശമ്പളം, പെന്‍ഷന്‍, സര്‍ക്കാരിന്റെ മറ്റാനുകൂല്യങ്ങള്‍ എന്നിവ ലഭിക്കാത്ത സ്ത്രീകളെ പ്രത്യേക വിഭാഗമായി കണക്കാക്കും

തിരുവനന്തപുരം: കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ക്ക് സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള തടസങ്ങള്‍ നീക്കാനുള്ള പ്രത്യേക പദ്ധതിക്ക് അംഗീകാരം നല്‍കി സംസ്ഥാന സര്‍ക്കാര്‍. മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങള്‍, മഠങ്ങള്‍, കോണ്‍വെന്റുകള്‍, ആശ്രമങ്ങള്‍, മതവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം കൈകൊണ്ടത്.

അവിവാഹിതരായ 50 വയസില്‍ കൂടുതല്‍ ഉള്ള സ്ത്രീകളില്‍ ശമ്പളം, പെന്‍ഷന്‍, സര്‍ക്കാരിന്റെ മറ്റാനുകൂല്യങ്ങള്‍ എന്നിവ ലഭിക്കാത്ത സ്ത്രീകളെ പ്രത്യേക വിഭാഗമായി കണക്കാക്കും. നിലവില്‍ പെന്‍ഷന്‍ അനുവദിക്കുന്നതിന് ആവശ്യമായുള്ള വരുമാന സര്‍ട്ടിഫിക്കറ്റ്, അവിവാഹിത സര്‍ട്ടിഫിക്കറ്റ് എന്നിവ ഇവര്‍ക്ക് ഒഴിവാക്കി നല്‍കും. ഇതിന് പകരം പ്രത്യേക അപേക്ഷാ ഫോറം അംഗീകരിക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.

തിരുവനന്തപുരം-കാസര്‍കോട് അതിവേഗ റെയില്‍പായതയായ 583 കിലോമീറ്റര്‍ ദൂരത്തില്‍ റാപ്പിഡ് റെയില്‍ ട്രാന്‍സിറ്റ് പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നല്‍കി. നാല് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിക്കായി സംസ്ഥാനത്തിന്റെ താല്‍പര്യം അറിയിച്ച് കേന്ദ്ര സര്‍ക്കാരിന് ഔപചാരികമായി കത്ത് അയക്കും. അതിനാവശ്യമായ കൂടിയാലോചനകള്‍ ആരംഭിക്കുവാനും ഗതാഗത വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തി. ഡല്‍ഹി-മീററ്റ് ആര്‍ആര്‍ടിഎസ് മാതൃകയിലാണ് കേരളത്തിലും നടപ്പാക്കുക. മണിക്കൂറില്‍ 160-180 കിലോമീറ്റര്‍ വരെ വേഗം, കുറഞ്ഞ സ്റ്റേഷന്‍ ഇടവേള, ഉയര്‍ന്ന യാത്ര ശേഷി എന്നിവയാണ് പ്രത്യേകത.

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ കടങ്ങള്‍ ഏറ്റെടുക്കാനും ഇന്നത്തെ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. 18 കോടി 75 ലക്ഷത്തിലധികം രൂപയാണ് ഏറ്റെടുക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നായിരിക്കും ഇതിനായുള്ള തുക വകമാറ്റുക. 555 ഗുണഭോക്താക്കളുടെ കടമാണ് ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ആകെ 1620 ലോണുകളാണ് ഏറ്റെടുക്കുന്നത്. കേരള ബാങ്ക് എഴുതി തള്ളിയ 93 ലക്ഷം രൂപ സര്‍ക്കാര്‍ തിരിച്ചു നല്‍കും.

Content Highlights: The Kerala cabinet has decided to extend social security scheme benefits to eligible women, including nuns

To advertise here,contact us