സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിക്കരുതെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശമുണ്ട്; ഷാഫി പറമ്പില്‍

നിലവിലെ എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ ഇംഗിതം അനുസരിച്ചുള്ള ഏറ്റവും ഫലപ്രദമായ സ്ഥാനാര്‍ത്ഥി പട്ടികയായിരിക്കും കോണ്‍ഗ്രസിന്റേതെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഒരുപാട് വൈകിപ്പിക്കരുതെന്ന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിട്ടുള്ളതിനാല്‍ നിശ്ചിത സമയത്തിനുള്ളില്‍ തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ പാര്‍ട്ടി ആരംഭിച്ചു കഴിഞ്ഞു. മധുസൂദന മിസ്ത്രിയുടെ നേതൃത്വത്തിലുള്ള സ്‌ക്രീനിങ് കമ്മിറ്റി കെപിസിസി നേതൃത്വവുമായി ആദ്യ ഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൃത്യമായ നടപടിക്രമങ്ങളിലൂടെ മാത്രമേ അന്തിമ പട്ടിക പുറത്തുവരികയുള്ളൂവെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

നിലവിലെ എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. ഇത് പാര്‍ട്ടിയുടെ നയപരമായ കാര്യമാണെന്നും ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനം എല്ലാവര്‍ക്കും ഒരുപോലെ ബാധകമായിരിക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

മത്സരിക്കണോ വേണ്ടയോ എന്നതില്‍ പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനവും ശിരസാവഹിക്കാന്‍ നേതാക്കള്‍ ബാധ്യസ്ഥരാണ്. നിലവിലെ ഗവണ്‍മെന്റില്‍ നിന്ന് ജനങ്ങള്‍ക്ക് ഒരു മോചനം നല്‍കുക എന്നതാണ് പാര്‍ട്ടിയുടെ പ്രാഥമിക ലക്ഷ്യമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

To advertise here,contact us