തിരുവനന്തപുരം: സ്പീക്കര്ക്ക് നൽകിയ കത്ത് അതിനും മുൻപേ മാധ്യമങ്ങൾക്ക് നൽകിയെന്ന എ എൻ ഷംസീറിന്റെ പരാമർശത്തിന് പിന്നാലെ രൂക്ഷവിമര്ശനവുമായി ഗവര്ണര്. എ എന് ഷംസീര് പറഞ്ഞത് തെറ്റായ കാര്യമാണെന്നും സ്പീക്കര്ക്ക് നല്കിയ കത്ത് മാധ്യമങ്ങള്ക്ക് നല്കിയിട്ടില്ലെന്നും ഗവര്ണര് വ്യക്തമാക്കി. സ്പീക്കര് നല്കിയ മറുപടി അംഗീകരിക്കാനാവില്ലെന്നും ഭരണഘടന തലവന് മറുപടി നല്കേണ്ടത് ഇങ്ങനെയല്ലെന്നും ഭരണഘടന മൂല്യങ്ങളോട് സ്പീക്കര് മാന്യത പുലര്ത്തണമെന്നും ഗവര്ണര് വ്യക്തമാക്കി. വാര്ത്താക്കുറിപ്പിലൂടെയായിരുന്നു ഗവര്ണര് രാജേന്ദ്ര അര്ലേക്കര് എതിര്പ്പ് അറിയിച്ചത്. മുഖ്യമന്ത്രിയുടെയും തന്റെയും പ്രസംഗത്തിന്റെ ദൃശ്യങ്ങൾ ആവശ്യപ്പെട്ടായിരുന്നു ഗവർണറുടെ കത്ത്. എന്നാൽ ഗവർണറുടെ കത്തിന് മറുപടി നൽകില്ലെന്നായിരുന്നു സ്പീക്കറുടെ മറുപടി.
നയപ്രഖ്യാപന പ്രസംഗ വിവാദത്തില് പോരിനുറച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗവര്ണറും സ്പീക്കറും. ഗവര്ണറുടെ നയപ്രഖ്യാപനത്തിന് ശേഷം മുഖ്യമന്ത്രി പ്രസംഗിച്ചതിന്റെ ദൃശ്യങ്ങള് ആവശ്യപ്പെട്ട് ഗവര്ണര് സ്പീക്കര് എ എന് ഷംസീറിന് കത്തയച്ചിരുന്നു. എന്നാല് ഈ കത്ത് തനിക്ക് ലഭിക്കും മുന്പ് സ്പീക്കര് അത് മാധ്യമങ്ങള്ക്ക് നല്കിയെന്ന് സ്പീക്കര് ആരോപിച്ചിരുന്നു. അതിനാൽ കത്തിന് മറുപടി നൽകില്ലെന്ന് സ്പീക്കർ വ്യക്തമാക്കിയിരുന്നു. ഈ സംഭവത്തിലാണ് സ്പീക്കറെ രൂക്ഷമായി വിമര്ശിച്ച് ഗവര്ണര് രംഗത്തെത്തിയത്. അതീവ രഹസ്യ സ്വഭാവമുള്ളത് എന്ന് കത്തിന് പുറത്ത് എഴുതിയിരുന്നു. എന്നാല് അത് തനിക്ക് ലഭിക്കും മുന്പ് മാധ്യമങ്ങള്ക്ക് ലഭിച്ചു. കത്തിന്റെ പകര്പ്പാണോ സ്പീക്കര്ക്ക് നല്കേണ്ടതെന്നും ആദ്യം ഗവര്ണറുടെ ഓഫീസ് അത് പരിശോധിക്കട്ടെയെന്നും എ എന് ഷംസീര് പറഞ്ഞിരുന്നു.
നയപ്രഖ്യാപന പ്രസംഗ വിവാദത്തിന് പിന്നാലെ പോരിനുറച്ചാണ് ഗവര്ണര് മുഖ്യമന്ത്രിയുടെയും തന്റെയും പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള് ആവശ്യപ്പെട്ട് സ്പീക്കര്ക്ക് കത്ത് നല്കിയത്. ലോക്ഭവനായിരുന്നു കത്ത് നല്കിയത്. നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം മുഖ്യമന്ത്രി പ്രസംഗിച്ചതില് ഗവര്ണര്ക്ക് അതൃപ്തിയുണ്ടായിരുന്നു. കേന്ദ്രസര്ക്കാരുമായി ബന്ധപ്പെട്ട ചില ഭാഗങ്ങള് ഗവര്ണര് വായിക്കാതെ ഒഴിവാക്കിയതിനെ മുഖ്യമന്ത്രി സഭയില് വിമര്ശിച്ചിരുന്നു. വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് വായിക്കാതെ വിട്ടതെന്നും ഇക്കാര്യം ഒഴിവാക്കുമെന്ന് സര്ക്കാര് ഉറപ്പ് നല്കിയതായും ലോക്ഭവന് നേരത്തെ വിശദീകരണം നല്കിയിരുന്നു.
Content Highlight; 'Speaker should be respectful of constitutional values'; Governor strongly criticizes speaker AN Shamseer