പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം; നിരന്തരം പീഡനത്തിന് ഇരയായെന്ന് കണ്ടെത്തല്‍, യുവാവ് അറസ്റ്റില്‍

പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്

കണ്ണൂര്‍: പതിനഞ്ചുവയസുകാരി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റിൽ. പേരാവൂര്‍ കളക്കുടുമ്പില്‍ പി വിഷ്ണുവാണ് അറസ്റ്റിലായത്. ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയതായി പൊലീസ് കണ്ടെത്തി. പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തി വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മാസങ്ങള്‍ മുന്‍പാണ് പേരാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടി തീകൊളുത്തി ജീവനൊടുക്കിയത്. എന്നാല്‍ അന്ന് ആത്മഹത്യയുടെ കാരണം വ്യക്തമായിരുന്നില്ല. വീട്ടുകാരുടെ മൊഴി എടുത്തതില്‍ നിന്ന് പൊലീസിന് ചില സൂചനകള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയ്ക്ക് യുവാവുമായി അടുപ്പമുണ്ടായിരുന്നു എന്ന് കണ്ടെത്തി.

പെണ്‍കുട്ടിയുടെ ഫോണിലേക്ക് യുവാവ് നിരന്തരം വിളിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. ഇതോടെ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു. ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി ഇയാള്‍ പൊലീസിന് മൊഴി നല്‍കുകയായിരുന്നു. ഇതോടെ പോക്‌സോ ചുമത്തി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

Content Highlights: youth arrested in pocso case after months of girl death in kannur

To advertise here,contact us