'ജനാധിപത്യം പോസിറ്റീവ് ആയ കാര്യം, തെരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കാനില്ല'; നിലപാട് വ്യക്തമാക്കി ആദിത്യ വർമ

മത്സരിക്കണം എന്ന ആവശ്യവുമായി തന്നെ ആരും ബന്ധപ്പെട്ടിട്ടില്ലെന്ന് ആദിത്യ വർമ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല എന്ന് തിരുവിതാംകൂർ മുന്‍ രാജകുടുംബാംഗം ആദിത്യ വർമ. മത്സരിക്കണം എന്ന ആവശ്യവുമായി തന്നെ ആരും ബന്ധപ്പെട്ടിട്ടില്ലെന്നും പൊതുരംഗത്തെ മത്സരങ്ങളോട് തനിക്ക് അത്ര ഉത്സാഹമില്ലെന്നും ആദിത്യ വർമ്മ പറഞ്ഞു. ജനാധിപത്യം എന്നത് പോസിറ്റിവ്‌ ആയ കാര്യമാണെന്നും മത്സരിക്കാൻ ആരെങ്കിലും ആവശ്യപ്പെട്ടാൽ അപ്പോൾ നോക്കാമെന്നും ആദിത്യ വർമ കൂട്ടിച്ചേർത്തു.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയ പ്രക്രിയക്ക് കെപിസിസി തുടക്കമിടാൻ ഒരുങ്ങുകയാണ്. സ്ഥാനാർഥി സാധ്യത പട്ടിക തയ്യാറാകാൻ കെപിസിസി തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗത്തിൽ തീരുമാനമായി. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും ഇതിനായി ചുമതലപ്പെടുത്തി.

നേതാക്കൾ എല്ലാവരുടെയും അഭിപ്രായം തേടിയ ശേഷമാകും സ്ഥാനാർഥി പട്ടിക തയ്യാറാക്കുക. ഏകപക്ഷീയമായി പട്ടിക തയ്യാറാക്കിയാൽ അംഗീകരിക്കില്ലെന്ന് നേതാക്കൾ സമിതി യോഗത്തിൽ പറഞ്ഞു. നിലവിലെ എംപിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കരുത് എന്നാണ് യോഗത്തിൽ അഭിപ്രായമുയർന്നത്. എന്നാൽ ഇതിൽ ഹൈക്കമാൻഡ് തീരുമാനമാകും ഏറെ നിർണായകമാകുക.

ഇന്ന് മുതൽ വ്യാഴാഴ്ച വരെയാണ് തെരഞ്ഞെടുപ്പ് സമിതി യോഗം നടക്കുക. സിറ്റിങ് എംഎൽഎമാരെ മത്സരിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം കോണ്‍ഗ്രസിന് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. ശബരിമല സ്വര്‍ണക്കൊള്ള ഉള്‍പ്പെടെ തെരഞ്ഞെടുപ്പിൽ സര്‍ക്കാരിനെതിരെ ആയുധമാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം

Content Highlights: travancore royal family member aditya varma says he wont contest coming elections

To advertise here,contact us