കോട്ടയം: ശബരിമല സ്വര്ണക്കേസില് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുമായി സാമ്പത്തിക ഇടപാടുണ്ടായെന്ന ആരോപണങ്ങള് തള്ളി ആന്റോ ആന്റണി എംപി. പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. സ്വര്ണക്കൊള്ള നടത്തിയവര്ക്കെതിരെ നടപടിയെടുക്കാന് ആദ്യം സിപിഐഎം തയ്യാറാവണമെന്ന് ആന്റോ ആന്റണി പറഞ്ഞു. വ്യാജ ആരോപണങ്ങള് ഉന്നയിക്കുന്നതിന് മറുപടി പറയേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്ത്രി ബാങ്കില് നിക്ഷേപിച്ച പണം ആന്റോ ആന്റണി പിന്വലിച്ചതായി സിപിഐഎം മുന് പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ആരോപണം ഉന്നയിച്ചിരുന്നു. ഇതിനായിരുന്നു എംപിയുടെ മറുപടി.
തന്ത്രി തിരുവല്ല നെടുംപറമ്പില് ഫിനാന്സില് രണ്ടരക്കോടി നിക്ഷേപിച്ചതായി എസ്ഐടി കണ്ടെത്തിയെന്നും ആന്റോ ആന്റണി എം പി രണ്ടരക്കോടി രൂപ നെടുംപറമ്പില് ഫിനാന്സില് നിന്നും പിന്വലിച്ചതായി നാട്ടില് സംസാരമുണ്ടെന്നുമായിരുന്നു ഉദയഭാനുവിന്റെ ആരോപണം.
കോണ്ഗ്രസിന്റെ ഒരു നേതാവിനെ കൊണ്ടാണ് ആന്റോ ആന്റണി എംപി പണം പിന്വലിപ്പിച്ചത്. തന്ത്രി ഏതെല്ലാം സ്വകാര്യ ഫിനാന്സുകളില് പണം നിക്ഷേപിച്ചു എന്ന് എസ്ഐടി കണ്ടെത്തണം. തന്ത്രി പണം നിക്ഷേപിച്ച തീയതിയും ആന്റോ ആന്റണി എംപി പണം പിന്വലിച്ച തീയതിയും എസ്ഐടി കണ്ടെത്തണമെന്ന് ഉദയഭാനു കൂട്ടിച്ചേര്ത്തു.
അതേസമയം തന്ത്രിയുടെ കൈപ്പട പരിശോധിക്കാനുള്ള നീക്കത്തിലാണ് എസ്ഐടി. ഇതിനായി കൊല്ലം വിജിലന്സ് കോടതിയില് അപേക്ഷ നല്കി. ദ്വാരപാലക പാളികള് പോറ്റിക്ക് കൊടുത്തുവിടാന് അനുജ്ഞ നല്കിയതിലാണ് പരിശോധന. തന്ത്രി ഇക്കാര്യം സ്വന്തം കൈപ്പടയിലാണ് എഴുതി നല്കിയത്. ഇത് ശാസ്ത്രീയമായി തെളിയിക്കാനാണ് എസ്ഐടിയുടെ നീക്കം. ജയിലിലെത്തി കൈയ്യക്ഷരം പരിശോധിക്കണമെന്നാണ് എസ്ഐടിയുടെ ആവശ്യം.
Content Highlights: MP Anto Antony has denied allegations that he had financial dealings with the tantri involved in the Sabarimala gold case