'കേന്ദ്ര ഏജൻസികളെ വെച്ച് BJP മുന്നണി വിപുലീകരിക്കുന്നു, സാബു എം ജേക്കബിന്റെ NDA പ്രവേശനം അതിന്‍റെ ഭാഗമാകാം'

ഇ ഡി, സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണ് ബിജെപിയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേന്ദ്ര ഏജൻസികളെ വെച്ച് മുന്നണി വിപുലീകരണം നടത്തുകയാണ് ബിജെപിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇ ഡി, സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണ് ബിജെപിയെന്നും അതിന്റെ ഭാഗമാകാം സാബു എം ജേക്കബിന്റെ എൻഡിഎ പ്രവേശനമെന്നും രമേശ് ചെന്നിത്തല റിപ്പോർട്ടറിനോട് പറഞ്ഞു.

ട്വന്റി 20യുടെ എൻഡിഎ പ്രവേശനം സാബു എം ജേക്കബിനെതിരെ ഇ ഡി അന്വേഷണം നടക്കുന്നതിനിടെ ആയിരുന്നുവെന്ന് റിപ്പോർട്ടർ ടിവി വാർത്ത നൽകിയിരുന്നു. ഇത് ശരിവെച്ച് ട്വന്റി 20 പാർട്ടി ചീഫ് കോർഡിനേറ്ററും കിറ്റക്‌സ് ഗ്രൂപ്പ് മുതലാളിയുമായ സാബു എം ജേക്കബും രംഗത്തെത്തിയിരുന്നു. ഇ ഡിയുടെ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും അവർ കഴിഞ്ഞ അഞ്ച് വർഷത്തെ കിറ്റക്‌സ് ഗാർമെന്റ്‌സിന്റെ ബാലൻസ് ഷീറ്റാണ് ആവശ്യപ്പെട്ടതെന്നും സാബു എം ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ തന്നോട് ഹാജരാകാൻ ഇ ഡി ആവശ്യപ്പെട്ടിട്ടില്ലെന്നും ഫെമ ചട്ടലംഘനം നടത്തിയിട്ടില്ലെന്നും ഹാജരാകാൻ ആവശ്യപ്പെട്ടാൽ താൻ ഇ ഡിക്ക് മുന്നിൽ ഹാജരാകുമെന്നും സാബു എം ജേക്കബ് പറഞ്ഞിരുന്നു.

ജനുവരി 22നാണ് ട്വന്റി 20 പാർട്ടി എൻഡിഎയുടെ ഭാഗമാകുന്നതായി സാബു എം ജേക്കബും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ചേർന്ന് പരസ്യമായി പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് വെച്ച് ഇരുവരും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഇത്. എൻഡിഎയുമായി ഒന്നിച്ചുപോകാനുള്ള തീരുമാനം വളരെ ആലോചിച്ച് എടുത്തതാണെന്നും കേരളത്തെ മാറ്റിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എൻഡിഎയുടെ ഭാഗമാകുന്നതെന്നും സാബു എം ജേക്കബ് പറഞ്ഞിരുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്ന, വികസനം കൊണ്ടുവരുന്ന പാർട്ടിയാണ് ട്വന്റി 20യെന്നും എൻഡിഎയുടെ ഭാഗമാകുന്നതിൽ വലിയ സന്തോഷമെന്നുമായിരുന്നു രാജീവ് ചന്ദ്രശേഖറിന്‍റെ പ്രതികരണം. തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പരിപാടിയിലും സാബു എം ജേക്കബ് പങ്കെടുത്തിരുന്നു.

Content Highlights: Congress leader Ramesh Chennithala criticise BJP on twenty 20's alliance move with NDA

To advertise here,contact us