പാലക്കാട് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവം; ആര്‍എസ്എസ് നിയന്ത്രണത്തിലുളള സ്‌കൂളെന്ന് പി എസ് സഞ്ജീവ്

ആര്‍എസ്എസിനെതിരെ ശക്തമായ നിലപാടുമായി എസ്എഫ്‌ഐ മുന്നോട്ടുപോകുമെന്നും ഇത്തരം സ്ഥാപനങ്ങള്‍ പൂട്ടിപ്പോകണം എന്നതാണ് തങ്ങള്‍ പറയുന്നതെന്നും പി എസ് സഞ്ജീവ് പറഞ്ഞു

പാലക്കാട്: കല്ലേക്കാട് വ്യാസ വിദ്യാപീഠം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ പ്രതികരണവുമായി എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് പി എസ് സഞ്ജീവ്. ആര്‍എസ്എസ് നിയന്ത്രണത്തിലുളള സ്‌കൂളാണ് വ്യാസ വിദ്യാപീഠമെന്നും അരാജക പ്രവര്‍ത്തനത്തില്‍ നിന്ന് അവര്‍ വിദ്യാര്‍ത്ഥികളെ തടയുന്നില്ലെന്നും പി എസ് സഞ്ജീവ് പറഞ്ഞു. വിദ്യാര്‍ത്ഥിയുടെ മരണത്തിന് കാരണം സ്‌കൂള്‍ മാനേജ്‌മെന്റ് ആണെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നുണ്ടെന്നും മുഖ്യമന്ത്രിക്ക് അടക്കം കുടുംബം പരാതി നല്‍കിയിട്ടുണ്ടെന്നും പി എസ് സഞ്ജീവ് പറഞ്ഞു. ആര്‍എസ്എസ് നേതാക്കളുടെ കാലാണ് സ്‌കൂളുകളില്‍ പാദ പൂജ നടത്തി കഴുകുന്നതെന്നും ആര്‍എസ്എസ് ശാഖകള്‍ അരാജക പ്രവര്‍ത്തനത്തിന് കൂട്ട് നില്‍ക്കുന്ന സംഭവങ്ങള്‍ നിരവധി തവണ ഉണ്ടായെന്നും സഞ്ജീവ് പറഞ്ഞു.

'പാലക്കാട്ടേത് ആര്‍എസ്എസ് നിയന്ത്രണത്തിലുളള സ്‌കൂളാണ്. അരാജക പ്രവര്‍ത്തനത്തില്‍ നിന്ന് അവര്‍ വിദ്യാര്‍ത്ഥികളെ തടയുന്നില്ല. അതിനൊപ്പം ആര്‍എസ്എസിന്റെ ക്യാമ്പ് അടക്കം നടക്കുന്നുണ്ട്. സംസ്ഥാനത്ത് പല സ്‌കൂളുകളുണ്ട്. ഇത് ആദ്യത്തേതല്ല. ആര്‍എസ്എസ് ശാഖകള്‍ അരാജക പ്രവര്‍ത്തനത്തിന് കൂട്ട് നില്‍ക്കുന്ന സംഭവങ്ങള്‍നിരവധി തവണ ഉണ്ടായി. ആര്‍എസ്എസിന്റെ ഇടപെടല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദുസഹമാണ്. തെറ്റായ സംഘത്തെ തിരുത്തി പോകണം. ആര്‍എസ്എസിനെതിരെ ശക്തമായ നിലപാടുമായി എസ്എഫ്‌ഐ മുന്നോട്ടുപോകും. ഇത്തരം സ്ഥാപനങ്ങള്‍ പൂട്ടിപ്പോകണം എന്നതാണ് ഞങ്ങള്‍ പറയുന്നത്': പി എസ് സഞ്ജീവ് പറഞ്ഞു.

വിദ്യാര്‍ത്ഥിയുടെ കുടുംബത്തെ എസ്എഫ്‌ഐ നേതാക്കള്‍ കഴിഞ്ഞ ദിവസം പോയി കണ്ടിരുന്നെന്നും വിദ്യാര്‍ത്ഥിയുടെ മരണത്തിന് കാരണം സ്‌കൂള്‍ മാനേജ്‌മെന്റ് ആണെന്നാണ് കുടുംബം ആരോപിക്കുന്നതെന്നും സഞ്ജീവ് പറഞ്ഞു. എന്തുകൊണ്ടാണ് ആര്‍എസ്എസ് നിയന്ത്രണത്തിലുളള സ്‌കൂളുകളില്‍ മാത്രം ബോംബ് പൊട്ടുന്നതെന്നും അദ്ദേഹം ചോദിച്ചു.

വ്യാസ വിദ്യാപീഠം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ രുദ്രാ രാജേഷിനെയാണ് കഴിഞ്ഞ ബുധനാഴ്ച്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങ്ങിനെ തുടര്‍ന്നാണ് രുദ്ര ജീവനൊടുക്കിയത് എന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ രുദ്രയെ മര്‍ദിക്കാറുണ്ടെന്നും കുട്ടി പീഡനത്തെക്കുറിച്ച് പറഞ്ഞിരുന്നെന്നും പിതാവ് പറഞ്ഞു. ആരോപണം നിഷേധിച്ച് സ്‌കൂള്‍ അധികൃതരും രംഗത്തെത്തിയിരുന്നു. റാഗിങ്ങിനെപ്പറ്റി ഒരു പരാതിയും ലഭിച്ചിരുന്നില്ലെന്നും മരണത്തിന് കാരണം കുടുംബപ്രശ്‌നമാകാമെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞത്.

Content Highlights: Palakkad vyasa vidya peedam school student death; PS Sanjeev says school is under RSS control

To advertise here,contact us