പാലക്കാട്: പാലക്കാട് ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസില് ഷാഫി പറമ്പില് എം പിക്ക് 1,000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ. വൈകീട്ട് അഞ്ച് മണിവരെ നില്ക്കണമെന്നാണ് നിര്ദ്ദേശം. പാലക്കാട് ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2022 ജൂണ് 24 ന് പാലക്കാട് കസബ പൊലീസ് രജിസ്റ്റര് ചെയ്ത കേസിലാണ് നടപടി. വയനാട്ടില് രാഹുല്ഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്ഐ പ്രവര്ത്തകര് തല്ലിതകര്ത്തതില് പ്രതിഷേധിച്ചായിരുന്നു 2022 ജൂണ് 24 ന് പാലക്കാട് എംഎല്എയായിരുന്ന ഷാഫി പറമ്പിലിന്റെ നേതൃത്വത്തില് ദേശീയപാത ഉപരോധിച്ചത്. നാല്പ്പതോളം വരുന്ന യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് ചന്ദ്രനഗറില് ചെമ്പലോട് പാലത്തിന് സമീപമാണ് ദേശീയപാത ഉപരോധിച്ചത്. കസബ പൊലീസ് രജിസ്റ്റര് ചെയ്ത കേസില് ഷാഫി പറമ്പിലാണ് ഒന്നാം പ്രതി.
അന്ന് യൂത്ത് കോണ്ഗ്രസിന്റെ ഭാഗമായിരുന്ന നിലവില് ഇടതുപക്ഷത്തേക്ക് മാറിയ പി സരിന് കേസില് ഒമ്പതാം പ്രതിയായിരുന്നു. നേരത്തെ കോടതിയില് ഹാജരായ പി സരിനെ 500 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചിരുന്നു. ഷാഫി പറമ്പില് ഹാജരാകാന് തയ്യാറാകാത്ത സാഹചര്യത്തില് കോടതി അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിരുന്നു.
Content Highlights: Palakkad National Highway case Shafi Parambil fined Rs. 1,000