തരൂരിനെ സിപിഐഎമ്മിലേക്ക് എത്തിക്കാന്‍ താന്‍ ചര്‍ച്ച നടത്തിയിട്ടില്ല, പ്രചാരണം അടിസ്ഥാനരഹിതം: യൂസഫലി

വിദേശയാത്രക്കിടെയാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതെന്നും യൂസഫലി വിശദീകരിച്ചു

കൊച്ചി: കോണ്‍ഗ്രസ് എംപി ശശി തരൂരിനെ സിപിഐഎമ്മിലേക്ക് എത്തിക്കാന്‍ താന്‍ ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് വ്യവസായി എംഎ യൂസഫലി. വിദേശയാത്രക്കിടെയാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതെന്നും യൂസഫലി വിശദീകരിച്ചു.

സിപിഐഎമ്മിലേക്ക് പോകുന്നുവെന്ന അഭ്യൂഹം വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്ന് ശശി തരൂരും നേരത്തെ പ്രതികരിച്ചിരുന്നു. പാര്‍ട്ടി മാറ്റവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയെന്ന് വാര്‍ത്തകളില്‍ പറയുന്ന സമയത്ത് താന്‍ വിമാനത്തിലായിരുന്നുവെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.

സാഹിത്യോത്സവത്തില്‍ പങ്കെടുക്കാനായിരുന്നു തരൂര്‍ ദുബായിലെത്തിയത്. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വ്യവസായികളുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും തരൂര്‍ അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച മഹാപഞ്ചായത്ത് വേദിയിലെത്തിയ രാഹുല്‍ ഗാന്ധി ശശി തരൂരിനെ അവഗണിച്ചെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് വിളിച്ചു ചേര്‍ത്ത കേരളത്തിലെ മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ ശശി തരൂര്‍ പങ്കെടുക്കാത്തത് ചര്‍ച്ചയായിരുന്നു.

Content Highlights: I have not held any discussions to bring Shashi Tharoor to the CPIM

To advertise here,contact us