യുഎഇയില്‍ മലയാളി വിദ്യാർത്ഥിയെ തേടി സുവർണ്ണഭാഗ്യം: നറുക്കെടുപ്പിലൂടെ കിട്ടിയത് 1 കിലോ സ്വർണം

നിലവിലെ റെക്കോർഡ് സ്വർണവില പ്രകാരം അഞ്ച് ലക്ഷത്തിലധികം ദിർഹം മൂല്യമുള്ളതാണ് സമ്മാനം

ദുബായ്: യുഎഇയില്‍ മലയാളി വിദ്യാർത്ഥിയെ തേടി സുവർണ്ണഭാഗ്യം. ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ 2025–26-ലെ ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ മെഗാ റാഫിളിൽ 1 കിലോ സ്വർണമാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അനികേത് ആർ നായരെ തേടിയെത്തിയിരിക്കുന്നത്. നിലവിലെ റെക്കോർഡ് സ്വർണവില പ്രകാരം അഞ്ച് ലക്ഷത്തിലധികം ദിർഹം മൂല്യമുള്ള സമ്മാനം തിങ്കളാഴ്ച ദുബായ് ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ തവ്ഹീദ് അബ്ദുല്ലയിൽ നിന്ന് അനികേത് രക്ഷിതാക്കള്‍ക്കൊപ്പം എത്തി ഏറ്റുവാങ്ങി.

"ജനുവരി 8-ന് അനികേതിനായി ജ്വല്ലറിയില്‍ നിന്നും ഒരു ബ്രേസ്ലെറ്റ് വാങ്ങി. തുടർന്ന് ദുബായിലെ അവന്റെ പേരിൽ തന്നെ നറുക്കെടുപ്പിന് പേരും നല്‍കി. അത്രയേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് സമ്മാന അറിയിപ്പായി ഫോണിൽ വന്ന കോൾ തട്ടിപ്പാണെന്ന് ആദ്യം തോന്നി. ഇത്തരം സന്ദേശങ്ങൾ പതിവാണ്. പക്ഷേ, ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്‍റെ ഔദ്യോഗിക വെബ്സൈറ്റിൽ ടിക്കറ്റ് നമ്പറും പേരും വെരിഫൈ ചെയ്തപ്പോഴാണ് അത് സത്യമാണെന്ന് അറിയുന്നത്. എല്ലാവരും സന്തോഷത്തിലാണ്. ഇതുപോലൊരു വിജയം ഞങ്ങളെ സംബന്ധിച്ച് ആദ്യമാണ്." അന്താരാഷ്ട്ര കമ്പനിയിലെ റീജിയണൽ സെയിൽസ് മാനേജറായ അനികേതിന്റെ പിതാവ് പറഞ്ഞു.

അനികേത് വളരെ വിശാലമനസ്കനായ ഒരു കുട്ടിയാണ്, ദയാലുവാണ്. നല്ലത് ചെയ്താൽ നല്ലത് തിരിച്ചു കിട്ടുമെന്ന് ഞങ്ങള്‍ എപ്പോഴും പറഞ്ഞു പഠിപ്പിക്കാറുണ്ട്. ഇപ്പോൾ അത് ജീവിതത്തില്‍ സംഭവിക്കുന്നതായി തോന്നുന്നു. വാറ്റ് (VAT) അടയ്ക്കേണ്ടതുണ്ട്. ബാക്കി തുക കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭാവിക്കുമായി നിക്ഷേപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം അനികേത് പോലൊരു വിദ്യാർത്ഥിക്ക് സമ്മാനം നല്‍കാന്‍ സാധിക്കുന്നത് സ്പെഷ്യലായ കാര്യമാണെന്നായിരുന്നു ദുബായ് ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ തവ്ഹീദ് അബ്ദുല്ലയുടെ പ്രതികരണം. ' ഒരു വിദ്യാർത്ഥിക്ക് സമ്മാനം നൽകുന്നത് പ്രത്യേകിച്ച് സ്പെഷ്യലാണ്. ട്രസ്റ്റ്, ട്രാൻസ്പരൻസി, സന്തോഷം എന്നിവയുടെ ആഘോഷമാണിത്. ഈ വിജയം ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ നറുക്കെടുപ്പിന്‍റെ ആകർഷണം വർധിപ്പിക്കുന്നു. സ്വർണത്തിന് റെക്കോർഡ് വിലയുള്ള സമയത്തെ ഈ വിജയം വലിയൊരു ഭാഗ്യമാണ്." തവ്ഹീദ് അബ്ദുല്ല പറഞ്ഞു.

250 ഗ്രാമിന്‍റെ നാല് സ്വർണക്കട്ടികളാണ് അനികേതിന് ലഭിച്ചത്. ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ 2025–26-ലെ ദുബായ് ജ്വല്ലറി ഗ്രൂപ്പ് പ്രമോഷൻ ഡിസംബർ 5, 2025 മുതൽ ജനുവരി 11, 2026 വരെയാണ് നടന്നത്. പരിപാടിയുടെ ഭാഗമായ ഏത് ജ്വല്ലറിയില്‍ നിന്നും 1500 ദിർഹമോ അതിലധികമോ ചെലവഴിച്ച് സ്വർണം വാങ്ങുന്നവർക്ക് നറുക്കെടുപ്പില്‍ പങ്കെടുക്കാം. മെഗാ സമ്മാനമായ 1 കിലോ സ്വർണത്തിനൊപ്പം നാല് വീക്കിലി വിന്നേഴ്സിന് ഓരോരുത്തർക്കും 250 ഗ്രാം സ്വർണവും ലഭിക്കും.

Content Highlights: A Malayali student in the UAE won 1 kilogram of gold in a Dubai mega raffle.

To advertise here,contact us