'ആട് പച്ചില തിന്നുന്നത് പോലെ നിലപാട് മാറ്റുന്നു';KTജലീലിന്റെ പരാമര്‍ശത്തിനെതിരെ നിയമനടപടിയുമായി സന്ദീപ് വാര്യർ

ബിജെപിയില്‍ നിന്നും താന്‍ വന്നതില്‍ കെ ടി ജലീലിന് നല്ല വിഷമമുണ്ടെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു

മലപ്പുറം: കെ ടി ജലീല്‍ എംഎല്‍എയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ഒരിക്കലും പറയാത്ത കാര്യങ്ങള്‍ കെ ടി ജലീല്‍ പ്രചരിപ്പിച്ചുവെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. അടിസ്ഥാന രഹിതമായ കാര്യമാണ് കെ ടി ജലീല്‍ ഉന്നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കെ ടി ജലീലിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. സന്ദീപ് വാര്യര്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന കെ ടി ജലീലിന്റെ വിമര്‍ശനത്തിനായിരുന്നു മറുപടി.

'രാഹുല്‍ ഗാന്ധിയുടെ പോരാട്ടത്തിന്റെ കൂടെയാണ് ഉള്ളത്. നിരോധിച്ച സംഘടനയില്‍ പ്രവര്‍ത്തിച്ച ആളാണ് കെ ടി ജലീല്‍. കെ ടി ജലീല്‍ പണ്ട് പ്രവര്‍ത്തിച്ച പ്രസ്ഥാനത്തിന്റെ ഭാഗമായി ഇപ്പോള്‍ വിമര്‍ശിക്കാനില്ല. ബിജെപിയില്‍ നിന്നും ഞാന്‍ വന്നതില്‍ കെ ടി ജലീലിന് നല്ല വിഷമമുണ്ട്. യോഗി ആദിത്യ നാഥിന്റെ കൂടെ ഫോട്ടോ എടുത്ത ആളാണ് കെ ടി ജലീല്‍. അത് സമൂഹ മാധ്യമങ്ങളിലും പങ്കുവെച്ചു', സന്ദീപ് വാര്യര്‍ പറഞ്ഞു.

താന്‍ തവനൂരില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ വരുന്നത് കണ്ട് പേടിച്ചിട്ടാവും തന്നെ ആക്രമിക്കുന്നതെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു. ആട് പച്ചില തിന്നുന്ന പോലെയാണ് ജലീല്‍ നിലപാട് മാറ്റുന്നത്. കശ്മീരിലെ മുസ്ലിംകളുടെ തോളില്‍ ടയറിട്ട് കത്തിച്ച് വിടണം എന്ന് സന്ദീപ് വാര്യര്‍ പറഞ്ഞെന്നായിരുന്നു കെ ടി ജലീലിന്റെ വിമര്‍ശനം. ആ സന്ദീപ് വാര്യര്‍ ആണ് ലീഗിന്റെ ഇപ്പോഴത്തെ സുഹൃത്ത്. ഉത്തരേന്ത്യയിലെ ബിജെപി നേതാക്കള്‍ പോലും ഇങ്ങനെ പറഞ്ഞിട്ട് ഉണ്ടാകില്ലെന്നും ജലീല്‍ പറഞ്ഞിരുന്നു.

Content Highlights: Congress leader Sandeep Warrier has come out against KT Jaleel MLA

To advertise here,contact us