കണ്ണൂര്: വി കുഞ്ഞികൃഷ്ണനെ സിപിഐഎം പ്രാഥമിക അംഗത്വത്തില് നിന്ന് പുറത്താക്കി. ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജനാണ് നടപടി ജില്ലാ കമ്മിറ്റിയില് റിപ്പോര്ട്ട് ചെയ്തത്. നടപടി പയ്യന്നൂരിലെ പാര്ട്ടി അംഗങ്ങളുടെ യോഗം വിളിച്ച് റിപ്പോര്ട്ട് ചെയ്യും. പുറത്താക്കലിന് പിന്നാലെ ലോക്കല്, ജനറല് ബോഡി യോഗങ്ങള് ചേരാന് തീരുമാനമായിട്ടുണ്ട്. പ്രധാന നേതാക്കള് നേരിട്ട് ജനറല് ബോഡി യോഗത്തില് പങ്കെടുക്കും.
ഇന്നലെ നടന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ തന്നെ വി കുഞ്ഞികൃഷ്ണനെ പുറത്താക്കാനുള്ള തീരുമാനം കൈക്കൊണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് നടന്ന ജില്ലാ കമ്മിറ്റിയിൽ തീരുമാനത്തിന് അംഗീകാരമായത്. വി കുഞ്ഞികൃഷ്ണന് നടത്തിയത് കടുത്ത അച്ചടക്കലംഘനമാണെന്നും പാര്ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ നേതാക്കള് വിമര്ശിച്ചിരുന്നു. രണ്ട് പാര്ട്ടി കമ്മീഷനുകള് അന്വേഷിച്ചിട്ടും ക്രമക്കേട് കണ്ടെത്തിയില്ല. എന്നിട്ടും പാര്ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തില് തുടര്ച്ചയായി പ്രസ്താവനകള് നടത്തിയെന്നും സിപിഐഎം നേതാക്കള് പ്രതികരിച്ചിരുന്നു.
ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില് കുഞ്ഞികൃഷ്ണനെതിരെ രൂക്ഷവിമര്ശനമാണ് ഉയര്ന്നത്. മാധ്യമങ്ങള്ക്ക് മുന്നില് നടത്തിയ തുറന്ന് പറച്ചില് പാര്ട്ടിയെ അപമാനിക്കാന് ആസൂത്രിതമായി ചെയ്തതാണെന്നും നേതാക്കള് ആരോപിച്ചിരുന്നു. കുഞ്ഞികൃഷ്ണനെതിരെ നടപടി വേണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഭൂരിഭാഗം നേതാക്കളും ആവശ്യപ്പെട്ടിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള് മാത്രം ശേഷിക്കെയാണ് കണ്ണൂരില് സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തലുകൾ നടത്തിയത്. കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തെ സഹായിക്കാന് പാര്ട്ടി പിരിച്ച ഫണ്ടില് തിരിമറി നടന്നുവെന്നും ഒരുകോടി പിരിച്ചതില് 46 ലക്ഷം രൂപ പയ്യന്നൂര് എംഎല്എ ടിഐ മധുസൂദനന് ഉള്പ്പെടെയുള്ളവര് ചേര്ന്ന് തട്ടിയെടുത്തുവെന്നുവെന്നുമായിരുന്നു ആരോപണം. പാര്ട്ടിക്ക് തെളിവ് നല്കിയിട്ടും നടപടി എടുത്തില്ലെന്നും വി കുഞ്ഞികൃഷ്ണന് ആരോപിച്ചിരുന്നു.
Content Highlight; V Kunhikrishnan expelled from CPIM primary membership