'NSS തീരുമാനം അറിഞ്ഞത് മാധ്യമങ്ങളിലൂടെ; NSSനെയും SNDPയെയും കോൺഗ്രസുമായി യോജിപ്പിച്ച് കൊണ്ടുപോകുകയാണ് ലക്ഷ്യം'

'കേരളത്തിന്റെ മനസാക്ഷി എന്താണ് ചിന്തിക്കുന്നത് എന്ന് മനസിലാക്കാന്‍ കഴിവുള്ളവയാണ് സമുദായിക സംഘടനകള്‍'

പത്തനംതിട്ട: എസ്എന്‍ഡിപിയുമായി ഐക്യം വേണ്ടെന്ന എന്‍എസ്എസ് നിലപാട് അറിഞ്ഞത് മാധ്യമത്തിലൂടെയെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ഇക്കാര്യത്തില്‍ പിന്നീട് വിലയിരുത്തല്‍ നടത്തും. തങ്ങള്‍ ആരും എന്‍എസ്എസ് നേതൃത്വത്തെ അങ്ങോട്ട് പോയി കണ്ടിട്ടില്ല. കേരളത്തിന്റെ മനസാക്ഷി എന്താണ് ചിന്തിക്കുന്നത് എന്ന് മനസിലാക്കാന്‍ കഴിവുള്ളവയാണ് സമുദായിക സംഘടനകള്‍. എന്‍എസ്എസിനെയും എസ്എന്‍ഡിപിഎയും കോണ്‍ഗ്രസുമായി യോജിപ്പിച്ചുകൊണ്ടുപോകുക എന്നുള്ളതാണ് തങ്ങളുടെ ലക്ഷ്യമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അടൂര്‍ പ്രകാശിന്റെ പ്രതികരണം.

ശബരിമല സ്വര്‍ണക്കൊള്ളയിലും തരൂര്‍ വിഷയത്തിലും അടൂര്‍ പ്രകാശ് പ്രതികരിച്ചു. അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവര്‍ക്കെതിരെ കര്‍ശന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള വിഷയം സിപിഐഎം വഴി തിരിച്ചുവിടാന്‍ ശ്രമിക്കുകയാണ്.എസ്‌ഐടി കാര്യങ്ങള്‍ തീരുമാനിക്കട്ടെ. വിഷയം ജനങ്ങള്‍ വിലയിരുത്തുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. തരൂര്‍ വിഷയത്തില്‍ മാധ്യമങ്ങള്‍ പുകമറ സൃഷ്ടിക്കുകയായിരുന്നു എന്നായിരുന്നു അടൂര്‍ പ്രകാശിന്റെ പ്രതികരണം. തരൂര്‍ എഐസിസി അംഗമാണ്. തരൂരിന് പറയാനുള്ളത് മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ അദ്ദേഹം തന്നെ പറയുമെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി.

പെരുന്നയില്‍ ചേര്‍ന്ന എന്‍എസ്എസിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലായിരുന്നു എസ്എന്‍ഡിപിയുമായി ഐക്യം വേണ്ടെന്ന നിര്‍ണായക തീരുമാനമുണ്ടായത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. പല കാരണങ്ങളാല്‍ പല തവണ എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം വിജയിക്കാത്ത സാഹചര്യമുണ്ടായെന്നും വീണ്ടും ഒരു ഐക്യശ്രമം പരാജയമാകുമെന്ന കാര്യം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളാല്‍ വ്യക്തമാണെന്നും സുകുമാരന്‍ നായര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. എന്‍എസ്എസിന്റെ അടിസ്ഥാനമൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ ആവില്ല. അതിനാല്‍ ഐക്യം പ്രായോഗികമല്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു.

വെള്ളാപ്പള്ളി നടേശനായിരുന്നു വാര്‍ത്താസമ്മേളനത്തിലൂടെ എന്‍എസ്എസുമായുള്ള ഐക്യം പ്രഖ്യാപിച്ചത്. ഐക്യത്തിന് കാഹളം മുഴക്കിയത് എന്‍എസ്എസ് ആണെന്നും അതില്‍ നന്ദിയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. പിന്നാലെ വെള്ളാപ്പള്ളിയുടെ പ്രഖ്യാപനം ജി സുകുമാരന്‍ നായര്‍ അംഗീകരിച്ചു. ഐക്യമെന്ന ആശയത്തോട് വ്യക്തിപരമായി യോജിക്കുകയാണെന്നും ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നുമായിരുന്നു സുകുമാരന്‍ നായര്‍ പറഞ്ഞത്.

Content Highlights- UDF convener Adoor Prakash stated that the front learned about the NSS decision opposing unity with the SNDP only through media reports

To advertise here,contact us