തിരുവനന്തപുരം: ക്ഷേത്രോത്സവത്തിനിടെ നടത്തിയ ഭക്തിഗാന പരിപാടിയില് ഗണഗീതം പാടിയത് ചോദ്യം ചെയ്ത സിപിഐഎം നേതാവിന് ആര്എസ്എസ്- ബിജെപി പ്രവര്ത്തകരുടെ ക്രൂര മര്ദനം. തിരുവനന്തപുരം പാലോട് ഇലവുപാടത്ത് ഇന്നലെ നടന്ന രാത്രി നടന്ന പരിപാടിക്കിടെയാണ് സിപിഐഎം പ്രാദേശിക നേതാവിന് മര്ദനമേറ്റത്. സിപിഐഎം ഇലവുപാടം ബ്രാഞ്ച് സെക്രട്ടറി ഷാന് ശശിധരനാണ് സംഭവത്തില് ഗുരുതരമായി പരിക്കേറ്റത്. ഷാനിന്റെ കൈക്ക് പൊട്ടലേല്ക്കുകയും തലയ്ക്ക് ഗുരുതരമായി പരിക്കേല്ക്കുകയും ചെയ്തു.
കമ്പിപ്പാര കൊണ്ട് അടിച്ച് മര്ദിച്ച് കൊലപ്പെടുത്താന് ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി. നിലവില് തിരുവനന്തപുരം മെഡിക്കല് കോളേജില് ചികിത്സയില് കഴിയുകയാണ് ഷാന്. സംഭവത്തില് ആറ് ബിജെപി- ആര്എസ്എസ് പ്രവര്ത്തകരെ പാലോട് പൊലീസ് കസ്റ്റഡിയിലെടുത്തു. രഞ്ചു , പ്രശാന്ത്, അഭിറാം, അക്ഷയ്, പ്രതീഷ്, ആഷിക് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇലവുപാലം കൊല്ലയില് അപ്പൂപ്പന് നടയിലെ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ചല്ലിമുക്ക് ജംഗ്ഷനില് നടത്തിയ ഗാനമേളയില് ഗണഗീതം പാടിയതാണ് സിപിഐഎം - ഡിവൈഎഫ്ഐ പ്രവര്ത്തകര് ചോദ്യം ചെയ്തത്. ഇതിന് പിന്നാലെയായിരുന്നു സിപിഐഎം നേതാവിന് മര്ദനമേറ്റത്.
Content Highlight; RSS–BJP workers allegedly brutally assaulted a CPIM leader for questioning the singing of Gana Geet at a temple festival