എസ്എൻഡിപിയുമായി ഐക്യം വേണ്ടെന്ന എൻഎസ്എസ് നിലപാട്; ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

'ചാനല്‍ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മറുപടി പറയുന്നത് ശരിയല്ല'

ആലപ്പുഴ: എസ്എന്‍ഡിപിയുമായി ഐക്യം വേണ്ടെന്ന് വ്യക്തമാക്കുന്ന എന്‍എസ്എസിന്റെ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചാനലില്‍ കണ്ട കാര്യങ്ങള്‍ മാത്രമേ അറിയാന്‍ സാധിച്ചിട്ടുള്ളൂ. ചാനല്‍ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മറുപടി പറയുന്നത് ശരിയല്ല. പൂര്‍ണ വിവരം അറിഞ്ഞ ശേഷം അതിന് മറുപടി പറയാം. ഈ ചര്‍ച്ച ഇപ്പോള്‍ വേണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.

പെരുന്നയില്‍ ചേര്‍ന്ന എന്‍എസ്എസിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലായിരുന്നു എസ്എന്‍ഡിപിയുമായി ഐക്യം വേണ്ടെന്ന നിര്‍ണായക തീരുമാനമുണ്ടായത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. പല കാരണങ്ങളാല്‍ പല തവണ എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം വിജയിക്കാത്ത സാഹചര്യമുണ്ടായെന്നും വീണ്ടും ഒരു ഐക്യശ്രമം പരാജയമാകുമെന്ന കാര്യം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളാല്‍ വ്യക്തമാണെന്നും സുകുമാരന്‍ നായര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. എന്‍എസ്എസിന്റെ അടിസ്ഥാനമൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ ആവില്ല. അതിനാല്‍ ഐക്യം പ്രായോഗികമല്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു.

വെള്ളാപ്പള്ളി നടേശനായിരുന്നു വാര്‍ത്താസമ്മേളനത്തിലൂടെ എന്‍എസ്എസുമായുള്ള ഐക്യം പ്രഖ്യാപിച്ചത്. ഐക്യത്തിന് കാഹളം മുഴക്കിയത് എന്‍എസ്എസ് ആണെന്നും അതില്‍ നന്ദിയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. പിന്നാലെ വെള്ളാപ്പള്ളിയുടെ പ്രഖ്യാപനം ജി സുകുമാരന്‍ നായര്‍ അംഗീകരിച്ചു. ഐക്യമെന്ന ആശയത്തോട് വ്യക്തിപരമായി യോജിക്കുകയാണെന്നും ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നുമായിരുന്നു സുകുമാരന്‍ നായര്‍ പറഞ്ഞത്.

Content Highlights- Vellappally Natesan stated that the NSS has not issued any official announcement declaring that unity with the SNDP is unnecessary

To advertise here,contact us